
2020 ജനുവരിയിലാണ് എഴുത്തുകാരിയും എഡിറ്ററുമായ വനേസ സ്പ്രിംഗോറയുടെ സമ്മതം (LE CONSENTMENT) എന്ന പുസ്തകം പുറത്തിറങ്ങിയത്. തന്റെ സ്വന്തം കഥയായിരുന്നു വനേസ ഇതില്‍ തുറന്നെഴുതിയത്. 14-ാം വയസില്‍ താന്‍ നേരിട്ട ലൈംഗിക ദുരുപയോഗത്തെ കുറിച്ചാണ് വനേസ തുറന്നെഴുതിയത്. തന്നെ ലൈംഗിക ദുരുപയോഗത്തിന് ഇരയാക്കിയത് തന്നേക്കാള്‍ മൂന്നിരട്ടി പ്രായമുള്ള മാറ്റ്സ്നെഫ് എന്ന എഴുത്തുകാരനാണെന്നും വനേസ പുസ്തകത്തില്‍ വ്യക്തമാക്കുന്നു.
1990ല്‍ നല്കിയ ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ ഫ്രഞ്ച് എഴുത്തുകാരനായ ഗബ്രിയേല്‍ മാറ്റ്സ്നെഫ് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമൊപ്പം കിടക്ക പങ്കിട്ടതിനെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നു. 20 കഴിഞ്ഞ യുവതികള്‍ പോലും തന്നില്‍ മടുപ്പുളവാക്കുന്നു.
മൂന്നും നാലും കുട്ടികളുമായിപ്പോലും ഒരുമിച്ചു താന്‍ കിടക്ക പങ്കിടാറുണ്ടെന്നും അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. മാറ്റ്സ്നെഫിന്റെ ഈ വെളിപ്പെടുത്തല്‍ ആരാധകവൃന്ദത്തെ ഞെട്ടിപ്പിയ്ക്കുന്നതായിരുന്നു. ഉന്നതന്മാരുമായുള്ള സൗഹൃദം മൂലം ഇദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ ആരും തയ്യാറായിരുന്നില്ല. എന്നാല്‍ മുപ്പത് വര്‍ഷങ്ങള്‍ക്കിപ്പുറം ലൈംഗിക കുറ്റകൃത്യങ്ങളില്‍ വിചാരണ ഭയന്ന് ഫ്രാന്‍സില്‍ നിന്ന് ഇറ്റലിയിലേക്ക് പലായനം ചെയ്യേണ്ടി വന്നു. അതിന് കാരണക്കാരിയായത് വനേസയായിരുന്നു.
വനേസയ്ക്ക് തന്റെ ചെറിയ പ്രായത്തില്‍ പീഡനം നേരിടേണ്ടി വന്നത് മാറ്റ്സ്നെഫില് നിന്നായിരുന്നു. 14-ാം വയസ്സില്‍ ഒരു അത്താഴ വിരുന്നില്‍ വച്ചാണ് വനേസ മാറ്റ്സ്നെഫ്നെ കണ്ടു മുട്ടുന്നത്. മൂന്നിരട്ടി പ്രായമുണ്ടായിരുന്ന അദ്ദേഹം വനേസയെ വശീകരിച്ചു കീഴ്പ്പെടുത്തുകയായിരുന്നു. പ്രായമോ മറ്റു സാഹചര്യമോ പരിഗണിക്കാതെ ആ ബന്ധം തുടര്‍ന്നതു രണ്ടുവര്ഷത്തോളമായിരുന്നു. അന്നൊരിക്കലും മുതിര്‍ന്നതിനു ശേഷം വനേസയ്ക്കു നേരിടേണ്ടി വന്നേക്കാവുന്ന കുറ്റബോധത്തെക്കുറിച്ചും പശ്ചാത്താപത്തെ കുറിച്ച് മാറ്റ്സ്നെഫ് ചിന്തിച്ചില്ല. ബന്ധം പരസ്പര സമ്മതത്തോടെയാണെന്നു വരുത്താനും അദ്ദേഹം ശ്രമിച്ചിരുന്നു.
പുസ്തകം പുറത്തിറങ്ങിയതിന് പിന്നാലെ മാറ്റ്സ്നെഫിനെ വെറുതെ വിടരുതെന്നും അര്‍ഹിക്കുന്ന ശിക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ട് രാജ്യത്ത് സമരപരമ്പരകള്‍ തന്നെ നടന്നു. തുടര്‍ന്നാണ് മാറ്റ്സ്നെഫിന് രാജ്യം വിടേണ്ടി വന്നത്. ഫ്രാന്‍സില്‍ നിന്ന് ഇറ്റലിയിലെത്തിയെങ്കിലും ഈ വര്‍ഷം സെപ്തംബറില്‍ 84കാരനായ മാറ്റ്സ്നെഫിന് വിചാരണ നേരിടേണ്ടി വന്നേക്കാം. കോടതിയില്‍ ശക്തമായ തെളിവാകാന്‍ പോകുന്നത് വനേസയുടെ പുസ്തകം തന്നെയാണ്. ഇപ്പോള്‍ വനേസയുടെ പുസ്തകം ഇംഗ്ലീഷിലും പ്രസിദ്ധീകരിയ്ക്കാന്‍ ഒരുങ്ങുകയാണ്.






