
ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഷവോമിയുടെ പുതിയ സ്മാർട്ട്ഫോൺ റെഡ്മി നോട്ട് 10 എത്തുന്നു. മാർച്ച് നാലിനാണ് റെഡ്മി നോട്ട് 10 അവതരിപ്പിക്കുക എന്ന് ഷവോമി ട്വിറ്ററിൽ സ്ഥിരീകരിച്ചു. മാർച്ച് 4 എഴുതുമ്പോൾ 4/3/21 എന്നാണ്, അതായത് ഓരോ അക്കങ്ങളും കൂട്ടിനോക്കുമ്പോൾ ഉത്തരം പത്ത്. അതുകൊണ്ടാണ് മാർച്ച് നാല് തെരഞ്ഞെടുക്കാൻ കാരണമെന്നാണ് റിപ്പോർട്ട്.
റിപ്പോർട്ടുകൾ പ്രകാരം പുത്തൻ ശ്രേണിയിൽ റെഡ്മി നോട്ട് 10, റെഡ്മി നോട്ട് 10 പ്രോ എന്നിങ്ങനെ 2 സ്മാർട്ട്ഫോണുകൾ ആണ് ആദ്യം പുറത്തിറക്കുക. പിന്നീട് റെഡ്മി നോട്ട് 10 പ്രോ മാക്സ്, റെഡ്മി നോട്ട് 10 എസ് എന്നീ പതിപ്പുകളും എത്തിയേക്കും. ആമസോണിൽ പുത്തൻ റെഡ്മി നോട്ട് ഫോണിന്റെ ടീസർ ചിത്രം ലഭ്യമാണ്. മികച്ച റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലേയും, മികച്ച ക്യാമറയും ഫോണിൽ ഉണ്ടെന്ന് ടീസർ വ്യക്തമാക്കുന്നു. ഷവോമിയുടെ ഗ്ലോബൽ വൈസ് പ്രസിഡന്റ് മനു കുമാർ ജെയിനും അടുത്തിടെ ഒരു ട്വീറ്റിൽ മികച്ച പെർഫോമൻസ് ആയിരിക്കും റെഡ്മി നോട്ട് 10 ഫോണുകളുടെ തുറുപ്പ്ചീട്ട് എന്ന് സൂചിപ്പിച്ചിരുന്നു.
108 മെഗാപിക്സൽ പ്രധാന കാമറ, സ്നാപ്ഡ്രാഗൺ 750G SoC പ്രോസസ്സർ എന്നിവ റെഡ്മി നോട്ട് 10 ഫോണുകൾക്കുണ്ടാകും. സെഗ്മെന്റിലെ ആദ്യ അമോലെഡ് ഡിസ്പ്ലെയുമായാവും റെഡ്മി നോട്ട് 10 പ്രോ വിപണിയിലെത്തുക എന്ന് ടിപ്പ്സ്റ്റർ മുകുൾ ശർമ്മ പറയുന്നു. 3 നിറങ്ങളിൽ ഫോൺ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. 4 GB റാം + 64 ജിബി സ്റ്റോറേജ്, 6 ജിബി റാം + 64 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് പതിപ്പുകളിൽ വില്പനക്കെത്തിയേക്കും. റെഡ്മി നോട്ട് 10 പ്രോയിൽ അമോലെഡ് ഡിസ്പ്ലേ, 108 മെഗാപിക്സൽ പ്രധാന കാമറ, സ്നാപ്ഡ്രാഗൺ 750G SoC പ്രോസസ്സർ ഉണ്ടാകും.






