
മിഡ് സൈസ് എസ്യുവി സെഗ്മെന്റിലേക്ക് ഫോക്സ്വാഗൺ ഗ്രൂപ്പിന് കീഴിലെ സ്കോഡ പുത്തൻ എസ്യുവി കുഷാഖുമായി ഉടനെത്തുമെന്ന് റിപ്പോർട്ട്. അടുത്ത മാസം 18ന് കുഷാഖിൻ്റെ അവതരണം നടക്കും എന്ന് സ്കോഡ വ്യക്തമാക്കി. 2020 ഫെബ്രുവരിയിൽ നടന്ന ഫോക്സ്വാഗൺ ഗ്രൂപ്പ് നൈറ്റിൽ സ്കോഡ അവതരിപ്പിച്ച വിഷൻ ഇൻ (Vision IN) കോൺസെപ്റ്റ് അടിസ്ഥാനപ്പെടുത്തിയ എസ്യുവിയാണ് കുഷാഖ്.
ജനുവരിയിലാണ് സ്കോഡ പുതിയ എസ്യുവിയ്ക്ക് കുഷാഖ് എന്ന് പേര് ഉറപ്പിച്ചത്. കോസ്മിക്ക്, ക്ലിക്ക് എന്നീ പേരുകളാണ് ആദ്യം തീരുമാനിച്ചിരുന്നത്, എന്നാൽ ഇന്ത്യയ്ക്കായുള്ള എസ്യുവിയ്ക്ക് ഒരു ഇന്ത്യൻ തനിമയുള്ള പേര് നൽകണമെന്ന് സ്കോഡ തീരുമാനിച്ചു. സംസ്കൃതത്തിലെ കുഷാക് എന്ന വാക്കാണ് ഈ പേരിന് ആധാരം, അർഥം രാജാവ്, ചക്രവർത്തി എന്നൊക്കെ. കാമിക്ക്, കോഡിയാക്ക്, കാറോക്ക് എന്നിങ്ങനെ സ്കോഡയുടെ എസ്യുവി മോഡലുകളുമായി യോജിച്ചു പോകുന്ന വിധമുള്ള പേരാണ് കുഷാഖ്.
സ്കോഡ കുഷാഖ് രണ്ട് ടർബോ പെട്രോൾ എൻജിൻ ഓപ്ഷനുകളുമായാണ് വിപണിയിലെത്തുക. 110 എച്ച്പി പവർ നിർമ്മിക്കുന്ന 1.0 ലിറ്റർ, 3 സിലിണ്ടർ ടർബോ-പെട്രോൾ എഞ്ചിനായിരിക്കും വിലക്കുറവുള്ള മോഡലുകളിലെ കരുത്ത്. സ്കോഡ റാപിഡിലുള്ള അതെ എൻജിനാണിത്. ഈ എൻജിൻ മാന്വൽ, ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സുകളിൽ ലഭ്യമാവും. 150 എച്ച്പി പവർ നിർമിക്കുന്ന, 1.5-ലിറ്റർ ടർബോ-പെട്രോൾ എൻജിൻ ആവും വിലക്കൂടുതലുള്ള വേരിയന്റുകളിൽ എന്നാണ് വിവരം. 7-സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ഈ എൻജിനൊപ്പമുള്ള ഗിയർബോക്സ്. റിപ്പോർട്ട് പ്രകാരം ഫോക്സ്വാഗൺ ഇന്ത്യയ്ക്കായി പ്രത്യേകം തയ്യാറാക്കിയ വിലക്കുറവുള്ള MQB A0-IN പ്ലാറ്റഫോമിൽ നിർമിക്കുന്ന ആദ്യ വാഹനമാണ് കുഷാഖ്.






