തിരുവനന്തപുരം: കോവിഡ് സാഹചര്യത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിനായി സംസ്ഥാനത്ത അധിക പോളിംഗ് ബൂത്തുകള്‍ ഒരുക്കുന്നതു സംബന്ധിച്ച് ഇലക്ഷന് കമ്മീഷന് മാര്‍ഗനിര്‍ദേശം നല്‍കിയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. കേരളത്തില്‍ 15,730 അധിക പോളിംഗ് ബൂത്തുകളാണ് സജ്ജമാക്കുക. സംസ്ഥാനത്ത് അധിക പോളിംഗ് ബൂത്തുകള്‍ ഉള്‍പ്പെടെ 40,771 ബൂത്തുകളാണുണ്ടാവുക.
നിലവില്‍ പോളിംഗ് ബൂത്തുകളുള്ള കെട്ടിടത്തില്‍ തന്നെ അധിക ബൂത്ത് സജ്ജീകരിക്കാനാണ് ആദ്യ പരിഗണന. അതിനുള്ള സാഹചര്യമില്ലെങ്കില്‍ 200 മീറ്റര്‍ ചുറ്റവളവില്‍ താത്കാലിക ബൂത്ത് സജ്ജീകരിക്കാമെന്ന്ന നിര്‍ദേശിച്ചിട്ടുണ്ട്. താത്കാലിക സജ്ജീകരണം ഒരുക്കുമ്പോള്‍ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കണം. സര്‍ക്കാര്‍ കെട്ടിടം 200 മീറ്റര്‍ ചുറ്റളവില്‍ ലഭ്യമല്ലെങ്കില്‍ സ്വകാര്യ കെട്ടിടം ഇതിനായി ഏറ്റെടുക്കാം. എന്നാല്‍ ഈ കെട്ടിടങ്ങള്‍ രാഷ്ട്രീയ ബന്ധം ഇല്ലയെന്ന് ജില്ലാകളക്ടര്‍ ഉറപ്പാക്കണം.
അധിക പോളിംഗ് ബൂത്തുകള്‍ ഒരുക്കുന്നതിന് മുന്‍പ് ജില്ലാ കളക്ടര്‍ രാഷ്ട്രീയ കക്ഷികളുമായി ഈ വിഷയം ചര്‍ച്ച ചെയ്ത് സമ്മതം വാങ്ങണം. അദിക ബൂത്തുകള്‍ ഒരുക്കുന്നതുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കിടയില്‍ വിപുലമായ പ്രചാരണം നടത്തണം. പോളിംഗ് ബൂത്തിനായി താത്കാലിക സജ്ജീകരണം ഒരുക്കുന്നതിനായുള്ള ഡിസൈന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിട്ടുണ്ട്. ഇത് ജില്ലാ കളക്ടര്‍മാര്‍ക്ക് നല്‍കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. അധിക ബൂത്തുകള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് ഒരാഴ്ചക്കുള്ളില്‍ നല്കാന് ജില്ലാ കളക്ടര്‍മാരോട് നിര്‍ദേശിച്ചിട്ടുണ്ട്.






