തിരുവനന്തപുരം: കോര്‍പറേഷനുമായി ഏതെങ്കിലും ധാരണപത്രം ഒപ്പിട്ട കാര്യം കെഎസ്ഐഎന്‍സിയുടെ എംഡി സര്‍ക്കാരിനെ അറിയിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി. ആഴക്കടല്‍ മത്സ്യബന്ധനം സംബന്ധിച്ച് ഉയര്‍ന്ന ആരോപണങ്ങളില്‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. അതേസമയം കമ്പനി നല്കിയ നിവേദനത്തിലെ വിവരങ്ങളാണ് പ്രതിപക്ഷ നേതാവ് ഉന്നയിക്കുന്നതെന്നും ഇത് അദേഹത്തിന് എങ്ങനെ ലഭിച്ചു എന്ന് വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കെഎസ്ഐഎന്‍സി പൊതുമേഖല സ്ഥാപനമാണ്. സംസ്ഥാന സര്‍ക്കാരോ സര്‍ക്കാരിന്റെ ഏതെങ്കിലും വകുപ്പോ ഇതുവരെ ഒരു എംഒയും ഒപ്പിട്ടിട്ടില്ല. സാധരണയായി കമ്പനിയോ പോതുമേഖല സ്ഥാപനമോ അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ പിന്നീടാണ് അത് സര്‍ക്കാരിന്റെ പരിഗണനയില്‍ വരുന്നത്. സര്‍ക്കാര്‍ അതനുസരിച്ച് മാത്രമേ തീരുമാനം എടുക്കൂ. എന്നാല്‍ സര്‍ക്കാരിനെ അറിയിച്ചുകൊണ്ടേ ഒപ്പിടാവു എന്നില്ല. ഇത്തരമൗരു ധാരണപത്രത്തെ കുറിച്ച് സര്‍ക്കാരിനെയോ മന്ത്രിയെയോ ബന്ധപ്പെട്ട സെക്രട്ടറിയെയോ കര്‍പ്പറേഷന്‍ ചുമതലയുള്ള ഉദ്യോഗസ്ഥനോ അറിയിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
2021 ഫെബ്രുവരി 11 കമ്പനിയുടെ പ്രതിനിധികള്‍ വ്യവസായ മന്ത്രിയുടെ ഓഫീസിലെത്തി ഒരു നിവേദനം നല്‍കിയിരുന്നു. ഫിഷറീസ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റില്‍ കേരള സര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിന് ധാരണപത്രം ഒപ്പുവച്ചിട്ടുണ്ടെന്നും അതിന് മന്ത്രിസഭയുടെ അംഗീകാരം ലഭിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു നിവേദനം.
ഈ നിവേദനം മന്ത്രി പ്രിന്‍സിപ്പല്‍ സെക്രട്ടറിയ്ക്ക കൈമാറുകയും ചെയ്തു. ഇതിലെ ഉള്ളടക്കമാണ് പ്രതിപക്ഷ നേതാവ് കരാര്‍ എന്ന രീതിയില്‍ പ്രചരിപ്പിക്കുന്നത്. എംഡിയായ ഉദ്യോഗസ്ഥന് നേരത്തെ ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.






