
ഇന്ത്യന്‍ നിരത്തുകളിലേക്ക് ഇന്ത്യയില്‍ നിര്‍മിക്കുന്ന ഹൈ സ്പീഡ് ഇലക്ട്രിക് ബൈക്കുകള്‍ എത്തുന്നു. കെ.എം.3000, കെ.എം.4000 എന്നീ രണ്ട് ഹൈ സ്പീഡ് ഇലക്ട്രിക്ക് ബൈക്കുകള്‍ വിപണിയിൽ അവതരിപ്പിച്ചു. കബീറ കെ.എം.3000 മോഡലിന് 1.26 ലക്ഷം രൂപയും കെ.എം.4000 മോഡലിന് 1.36 ലക്ഷം രൂപയുമാണ് വില. ഗോവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കബീറ മൊബിലിറ്റി എന്ന കമ്പനിയാണ് നിർമാതാക്കൾ.
ഈ നിരയിലെ അടിസ്ഥാന പതിപ്പ് കബീറ കെ.എം.3000 മോഡലാണ്. ഈ വാഹനത്തിൽ നാല് കിലോ വാട്ട് ബാറ്ററി പാക്കും ആറ് കിലോ വാട്ട് ബ്രഷ്ലെസ് ഡി.സി. ഇലക്ട്രിക്ക് മോട്ടോറുമാണ് (ബി.എല്‍.ഡി.സി) പ്രവര്‍ത്തിക്കുന്നത്. ഇക്കോ, സ്പോര്‍ട്സ് എന്നീ മോഡുകളുണ്ട് ഇതിൽ. ഇക്കോ മോഡില്‍ 120 കിലോ മീറ്റര്‍ റേഞ്ചാണ് ഈ വാഹനം നൽകുന്നത്. സ്പോര്‍ട്സ് മോഡല്‍ 100 കിലോ മീറ്റര്‍ വേഗതയ്ക്കൊപ്പം 60 കിലോ മീറ്റര്‍ റേഞ്ചും ഉറപ്പുനല്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
4.4 കിലോ വാട്ട് ബാറ്ററിയും എട്ട് കിലോ വാട്ട് മോട്ടോറുമാണ് കബീറ കെ.എം.4000 എന്ന ഉയര്‍ന്ന വകഭേദത്തിൽ പ്രവര്‍ത്തിക്കുന്നത്. 150 കിലോ മീറ്റര്‍ റേഞ്ചാണ് ഇക്കോ മോഡില്‍ കെ.എം.4000 നല്‍കുന്നത്. സ്പോര്‍ട്സ് മോഡില്‍ 120 കിലോ മീറ്റര്‍ വേഗതയ്ക്കൊപ്പം 90 കിലോ മീറ്റര്‍ റേഞ്ചുമാണ് ഉറപ്പുനല്‍കുന്നത്. കെ.എം.3000-ന് 3.3 സെക്കന്റിൽ 40 കിലോ മീറ്റര്‍ വേഗത കൈവരിക്കും. എന്നാൽ, കെ.എം.4000 3.1 സെക്കന്റിൽ 40 കിലോ മീറ്റര്‍ വേഗത കൈവരിക്കുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. ഇരു മോഡലുകളിലും സുരക്ഷയൊരുക്കുന്നത് ഡിസ്ക് ബ്രേക്കാണ്. പിന്നില്‍ സിംഗിള്‍ ഡിസ്ക്കിനൊപ്പം കോംബി ബ്രേക്കിങ്ങ് സംവിധാനമാണ് നല്‍കിയിട്ടുണ്ട്.






