
സാംസങിനെ പിന്നിലാക്കി 2020 നാലാം പാദത്തിലെ ഏറ്റവും വലിയ സ്മാര്‍ട്ഫോണ്‍ നിര്‍മാതാക്കളായി ആപ്പിള്‍ മാറി. 2016-ന് ശേഷം ഇതാദ്യമായാണ് ആപ്പിൾ ഈ നേട്ടം കൈവരിക്കുന്നത്. എട്ട് കോടി പുതിയ ഐഫോണുകളാണ് 2020 നാലാം പാദത്തില്‍ ആപ്പിള്‍ വിറ്റത്. 5ജി സൗകര്യത്തോടുകൂടിയ ഐഫോണ്‍ പരമ്പര പുറത്തിറക്കിയതാണ് വില്പന കൂടാൻ കാരണമെന്നാണ് റിപ്പോർട്ട്.
2019-ലെ ഈ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ ഒരു കോടിയിലധികം ഐഫോണുകള്‍ കമ്പനി വിറ്റിട്ടുണ്ട്. ആപ്പിളിന്റെ ആഗോള സ്മാര്‍ട്ഫോണ്‍ വിപണി വിഹിതം 15 ശതമാനമായി വര്‍ധിക്കാൻ ഇത് സഹായിച്ചു. "നിലവിലുള്ള ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ഐഫോണ്‍ 12-ലേക്ക് മാറാന്‍ പ്രചോദനമായത് 5ജിയും മെച്ചപ്പെട്ട ക്യാമറ ഫീച്ചറുകളുമാണ്," ഗാര്‍ട്ട്നര്‍ എന്ന വിശകലന സ്ഥാപനത്തിലെ സീനിയര്‍ റിസര്‍ച്ച് ഡയറക്ടറായ അന്‍ഷുല്‍ ഗുപ്ത പറഞ്ഞു.
11.8 ശതമാനം ഇടിവാണ് സാംസങിന്റെ വിപണി വിഹിതത്തില്‍ ഉണ്ടായത്. മുന്‍വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ വില്പനയില് 80 ലക്ഷം സ്മാര്‍ടഫോണുകളുടെ കുറവുണ്ടായെന്നും മാക്ക് റൂമേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഐഫോണില്‍നിന്ന് മാത്രമായി 6500 കോടി ഡോളറിന്റെ വരുമാനം ഈ വര്‍ഷം തുടക്കത്തില്‍ തന്നെ കമ്പനിയ്ക്ക് ലഭിച്ചു എന്നാണ് സൂചന.






