
അപകടം പറ്റിയും ഭക്ഷണം കിട്ടാതെയുമൊക്കെ കഷ്ടപ്പെടുന്ന ജീവികള്‍ക്ക് ഒരു ഇടമാണ് അദ്രി റേച്ചല്‍ എന്ന ജോര്‍ജിയ സ്വദേശിനിയെന്ന് പറയാം. കാരണം അദ്രിയുടെ സംരക്ഷണയില്‍ 200 ഓളം ജീവികളാണുള്ളത്. വൈല്‍ഡ് തിങ്സ് സാങ്ച്വറി എന്ന ആനിമല്‍ റെസ്ക്യൂ സെന്ററിന്റെ ഉടമയാണ് അദ്രി. തെരുവുനായ മുതല്‍ ഉടുമ്പും കാട്ടുപോത്തും പാമ്പും അങ്ങനെ നിരവധി ജീവികള്‍ അദ്രിയുടെ സംരക്ഷണയില്‍ സുഖമായി കഴിയുന്നു. ജീവികളോടുള്ള കുട്ടിക്കാലം മുതലുള്ള സ്നേഹം തന്നെയാണ് ഇന്നത്തെ ഈ ചുമതലയിലേക്ക് അദ്രി സ്വയം എത്താനും കാരണം.
കുട്ടിക്കാലത്ത് തന്നെ പരിക്കേറ്റതും ഉപേക്ഷിക്കപ്പെട്ടതുമായ ജീവികളെ പരിചരിക്കുകയും ചിലതിനെ വീട്ടിലേക്കു കൊണ്ടു വരികയും അദ്രി ചെയ്യുമായിരുന്നു. മുതിര്‍ന്നപ്പോള്‍ ഇതു തന്നെയാണ് തന്റെ ലക്ഷ്യമെന്ന് മനസ്സിലാക്കിയ അദ്രി വൈല്‍ഡ് തിങ്സ് സാങ്ച്വറി ആരംഭിക്കുകയായിരുന്നു. അദ്രിക്ക് എല്ലാ പിന്തുണയും നല്കി ഒപ്പമുള്ളത് മാതാപിതാക്കളായ ലാറി ജേക്കബും സിന്തിയ സെല്ബിയമാണ്. അച്ഛന് ലാറി റിസോഴ്സ് സ്പെഷ്യലിസ്റ്റായി വിരമിച്ചയാളാണ്, അമ്മ സിന്തിയ നഴ്സും.
ആഴ്ചയിലെ ഏഴ് ദിവസവും ഈ ജീവികള്‍ക്കൊപ്പമാണ് അദ്രി. തന്റെ കുടുംബസ്വത്തിന്റെ ഭൂരിഭാഗവും ജീവികളെ സംരക്ഷിക്കാനായാണ് അദ്രി ഉപയോഗിക്കുന്നത്.
അദ്രിയുടെ പ്രവര്‍ത്തനങ്ങള്‍ കേട്ടറിഞ്ഞ് വലിയ തുകകള്‍ സംഭാവനയായി നല്കുന്ന മൃഗസ്നേഹികളുമുണ്ട്. ചിലര്‍ മൃഗങ്ങള്‍ക്കാവശ്യമായ ഭക്ഷണം എത്തിച്ചു നല്‍കും. ഇതും മൃഗങ്ങളെ എല്ലാ സൗകര്യങ്ങളോടും കൂടെ സംരക്ഷിക്കാന്‍ അദ്രിയെ സഹായിക്കുന്നു. ഒരു വര്‍ഷം മുപ്പത്തഞ്ച് ലക്ഷത്തിലധികം രൂപയാണ് അദ്രിയുടെ ചെലവ്. അദ്രിയുടെ സാങ്ച്വറിയില്‍ മൃഗങ്ങളെ കാണാനായി സന്ദര്‍ശകരെ അനുവദിക്കാറില്ല. ഇതൊരു മൃഗശാലയല്ല, ജീവികള്‍ക്ക് അവരുടേതായ സ്വകാര്യതകളുണ്ട്, ആളുകള്‍ വരുന്നതും ബഹളങ്ങളും മൃഗങ്ങള്‍ക്ക് വലിയ സമ്മര്‍ദ്ദമുണ്ടാക്കുമെന്നാണ് അദ്രി പറയുന്നത്.






