
ബ്രിട്ടീഷ് മോട്ടോർസൈക്കിൾ നിർമാതാക്കളായ ട്രയംഫ് പുതിയ എൻട്രി ലെവൽ സ്പോർട്ട് നേക്കഡ് സൂപ്പർ ബൈക്കായ ട്രൈഡന്റ് 660 മോഡലിനെ മലേഷ്യൻ വിപണിയിൽ അവതരിപ്പിച്ചു. മിഡിൽ-വെയ്റ്റ് സ്ട്രീറ്റ് ബൈക്കിന് മലേഷ്യയിൽ 43,900 റിംഗിറ്റാണ് (ഏകദേശം 7.85 ലക്ഷം രൂപ) വില. ഈ ബൈക്ക് ഇനി ഇന്ത്യൻ വിപണിയിലും എത്തുമെന്നാണ് റിപ്പോർട്ട്.
ബൈക്കിന്റെ പ്രീ-ബുക്കിംഗ് 50,000 രൂപയുടെ ടോക്കൺ തുകയിൽ ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. 9,999 രൂപ ഇഎംഐയോടുകൂടിയ ആകർഷകമായ ധനകാര്യ പദ്ധതികളും പ്രീമിയം ബ്രാൻഡ് വാഗ്ദാനം ചെയ്യുന്നുണ്ടെന്നാണ് സൂചന. യുവാക്കളെ ആകർഷിക്കുകയാണ് ട്രയംഫ് ട്രൈഡന്റിലൂടെ ലക്ഷ്യമിടുന്നത്. റെട്രോ ടച്ച് ഉള്ള ലളിതമായ ഡിസൈൻ ഭാഷ്യമാണ് ട്രയംഫ് ട്രൈഡന്റ് 660 പതിപ്പിന് ലഭിക്കുന്നത്. വൃത്താകൃതിയിലുള്ള ഹെഡ്ലാമ്പ്, കർവി ഡ്യുവൽ-ടോൺ ഫ്യൂവൽ ടാങ്ക്, സിംഗിൾ പീസ് സീറ്റ്, സിംഗിൾ-പോഡ് ടിഎഫ്ടി കൺസോൾ, മെലിഞ്ഞതും കടുപ്പമുള്ളതുമായ ടെയിൽ വിഭാഗം എന്നിവ നൽകിയിരിക്കുന്നു.
മോട്ടോർസൈക്കിൾ നിർമിച്ചിരിക്കുന്നത് ഒരു ട്യൂബുലാർ സ്റ്റീൽ ഫ്രെയിമിലാണ്. 660 സിസി, ഇൻലൈൻ ട്രിപ്പിൾ സിലിണ്ടർ എഞ്ചിനാണ് ബൈക്കിൽ. ഇത് 10,250 rpm-ൽ 79.8 bhp പവറും 6,250 rpm-ൽ 64 Nm ടോർക്കും ആണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. മുൻവശത്ത് 41 mm ഷോവ അപ്സൈഡ് ഡൗൺ ഫോർക്കുകളും മോട്ടോർസൈക്കിളിന്റെ പിൻവശത്ത് പ്രീലോഡ് ക്രമീകരിക്കാവുന്ന മോണോഷോക്കുമാണ് സസ്പെൻഷൻ നിർവഹിക്കുന്നത്. ഇന്ത്യയിൽ കവസാക്കി Z650 നേക്കഡ് സ്ട്രീറ്റ് ബൈക്കായിരിക്കും പ്രധാന എതിരാളി.






