
സ്റ്റൈലിംഗ് പരിഷ്കാരങ്ങളും കൂടുതൽ ഫീച്ചറുകളുമായി 2021 സ്വിഫ്റ്റ് ലോഞ്ച് ചെയ്യാൻ ഒരുങ്ങുകയാണ് മാരുതി സുസുക്കി. 2005 മുതൽ ഇന്ത്യൻ വിപണിയിൽ സജീവമാണ് സ്വിഫ്റ്റ്. ഏറ്റവും പുതിയ പതിപ്പ് 2018 ഓട്ടോ എക്സ്പോയിലാണ് മാരുതി സുസുക്കി അവതരിപ്പിച്ചത്.
മാരുതി സുസുക്കി 2021 സ്വിഫ്റ്റിന്റെ വരവിന് മുൻപായി ഒരു ടീസർ ചിത്രം വെബ്സൈറ്റിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ടീസറിൽ പുത്തൻ സ്വിഫ്റ്റിന്റെ ഗ്രിൽ ഭാഗമാണ് കാണുന്നത്. മെഷ് പാറ്റെർനിലുള്ള ഡിസൈൻ ആണ് പുത്തൻ മോഡലിന്. ഗ്രില്ലിന്റെ നടുവിലായി സാമാന്യം വലിപ്പത്തിൽ ഒരു ക്രോം ബാറും നൽകിയിരിക്കുന്നു. പുത്തൻ സ്വിഫ്റ്റിന് ഡ്യുവൽ ടോൺ നിറങ്ങളും വ്യത്യസ്തമായ അലോയ് വീൽ ഡിസൈനുമാണ് ലഭിക്കുന്നതെന്ന് മറ്റൊരു ടീസർ വീഡിയോ സൂചിപ്പിക്കുന്നു.
ബിഎസ് 6 പാലിക്കുന്ന 1.2 ലിറ്റർ ഡ്യുവൽ ജെറ്റ് പെട്രോൾ ആയിരിക്കും സ്വിഫ്റ്റിന്റെ എൻജിൻ. 82 ബിഎച്ച്പി പവർ നിർമ്മിക്കുന്ന ഈ എൻജിന്റെ ഔട്പുട്ട് 2021 പതിപ്പിൽ 89 ബിഎച്ച്പി ആയി വർദ്ധിപ്പിച്ചെന്നാണ് സൂചന. 113 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന ഈ എഞ്ചിന് അഞ്ച് സ്പീഡ് മാനുവൽ, എഎംടി എന്നിവയാണ് ഗിയർബോക്സ് ഓപ്ഷനുകൾ. മികച്ച മൾട്ടി ഇൻഫർമേഷൻ ഡിസ്പ്ലെയുള്ള പുത്തൻ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനൊപ്പം ക്രൂസ് കണ്ട്രോൾ, മികച്ച ഇന്ധനക്ഷമതയ്ക്കായി എൻജിൻ സ്റ്റാർട്ട്-സ്റ്റോപ്പ് ടെക്നോളജി എന്നിവയും 2021 സ്വിഫ്റ്റിൽ ലഭിക്കുന്നു.






