
ആർ 18 ക്ലാസിക് ഫസ്റ്റ് എഡിഷൻ എന്ന പ്രീമിയം മോഡൽ ബിഎംഡബ്ള്യു മോട്ടോറാഡ് അവതരിപ്പിച്ചു. 24 ലക്ഷം ആണ് ആർ 18 ക്ലാസിക് ഫസ്റ്റ് എഡിഷന്റെ എക്സ്-ഷോറൂം വില. റിപ്പോർട്ട് പ്രകാരം 1936 മുതൽ 1950 വരെ ബിഎംഡബ്ള്യു ശ്രേണിയിലുണ്ടായിരുന്ന ആർ 5 എന്ന ക്ലാസിക് ബൈക്കിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ആർ 18 ഒരുക്കിയിരിക്കുന്നത്. വെള്ള തുള്ളിയെ അനുസ്മരിപ്പിക്കുന്ന പെട്രോൾ ടാങ്ക്, വൃത്താകൃതിയിലുള്ള ഹെഡ്ലൈറ്റ്, 49 എംഎം ടെലിസ്കോപിക് മുൻ ഫോർക്കുകൾ, നീളം കൂടിയ പിൻ മഡ്ഗാർഡുകൾ എന്നിവ ചേർന്നതാണ് ആർ 18-ന്റെ ഡിസൈൻ ഭാഷ്യം.
കൂടുതൽ ക്രോം ഘടകങ്ങൾ, ബ്ലാക്ക്സ്റ്റോം മെറ്റാലിക് പെയിന്റ്, ഫസ്റ്റ് എഡിഷൻ ബാഡ്ജിങ് ഉള്ള സീറ്റ്, കോപ്പർ സ്ക്രൂകൾ എന്നിവയാണ് സ്റ്റാൻഡേർഡ് പതിപ്പിനേക്കാൾ കൂടുതൽ ക്ലാസിക് ടച്ചുമായെത്തിയ ഫസ്റ്റ് എഡിഷന് പ്രത്യേകതകൾ. അതേസമയം, അല്പം വ്യത്യസ്തമായ സീറ്റ്, ക്ലിയർ വിൻഡ്ഷീൽഡ്, ലെതറിൽ തീർത്ത സാഡിൽ ബാഗുകൾ, എൽഇഡി ഓക്സിലിയറി ലൈറ്റുകൾ, വലിപ്പം കുറഞ്ഞ വീതിയേറിയ 16 ഇഞ്ച് മുൻ വീലുകൾ എന്നിവയാണ് പുതുതായെത്തിയ ആർ 18 ക്ലാസിക് ഫസ്റ്റ് എഡിഷനിൽലെ ആകർഷണം.
4,750 ആർപിഎമ്മിൽ 91 ബിഎച്ച്പി പവറും 3,000 ആർപിഎമ്മിൽ 157 എൻഎം ടോർക്കും നിർമിക്കുന്ന 1,802 സിസി എയർ & ഓയിൽ കൂൾഡ് എൻജിൻ ആണ് ആർ 18-ന്. ബൈക്കിന് റിവേഴ്സ് ഗിയറുള്ള ആറ് സ്പീഡ് കോൺസ്റ്റന്റ് മെഷ് ട്രാൻസ്മിഷൻ ആണ് ലഭിക്കുന്നത്. റൈൻ, റോൾ, റോക്ക് എന്നിങ്ങനെ 3 റൈഡിങ് മോഡുകൾ ഇതിലുണ്ട്. നിഷ്ക്രീയമാകാവുന്ന ഓട്ടോമാറ്റിക് സ്റ്റെബിലിറ്റി കണ്ട്രോൾ, എൻജിൻ ഡ്രാഗ് ടോർക്ക് കണ്ട്രോൾ എന്നിവയാണ് മറ്റുള്ള റൈഡിങ് എയ്ഡുകൾ.






