
പൂര്‍ണമായും വയര്‍ലെസ് ആയി ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന സ്മാര്‍ട്ഫോൺ വിപണിയിൽ എത്തിക്കാനുള്ള ഒരുക്കത്തിലാണ് ഓപ്പോ. ഈ മാസം 23ന് ആരംഭിച്ച മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ ഓപ്പോ അവതരിപ്പിച്ച ഓപ്പോ എക്സ് 2021 എന്ന സ്മാര്‍ട്ഫോണ്‍ ആണ് പുതിയ സാങ്കേതികവിദ്യയുമായി എത്തുന്നത്. ഈ ഫോൺ ചാര്‍ജിങ് മാറ്റില്‍നിന്നു പത്ത് മീറ്റര്‍ അകലെനിന്നു പോലും ചാര്‍ജ് ചെയ്യാന്‍ സാധിക്കുമെന്നാണ് റിപ്പോർട്ട്.
കേബിളോ ചാര്‍ജിങ് സ്റ്റാന്‍ഡോ ആവശ്യമില്ല. മാഗ്നറ്റിക് റെസൊണന്‍സ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇത് സാധ്യമാക്കിയിരിക്കുന്നത്. ഉപകരണത്തിലേക്ക് 7.5 വാട്ട് വരെ വൈദ്യുതി എത്തിക്കാന്‍ കഴിയും. ഓപ്പോ പ്രദര്‍ശിപ്പിച്ച ഓപ്പോ എക്സ് 2021 ഏറെ സവിശേഷതയുള്ളതാണ്. റോളബിള്‍ സ്ക്രീന്‍ സ്മാര്‍ട്ഫോണ്‍ മാതൃകയാണ് ഓപ്പോ എക്സ് 2021 സ്മാര്‍ട്ഫോണിൽ. ഒരു ബട്ടന് ക്ലിക്ക് ചെയ്യുമ്പോള്‍ സ്മാര്‍ട്ഫോണ്‍ സ്ക്രീന്‍ വലിപ്പം ഒരു ടാബ് ലെറ്റിനെ പോലെ വലുതാവും.
ഓപ്പോ കൂടാതെ, ഷാവോമിയ്ക്കും എംഐ എയര്‍ ചാര്‍ജ് എന്ന പേരില്‍ സ്വന്തം വയര്‍ലെസ് സാങ്കേതികവിദ്യയുണ്ട്. എംഐ എയര്‍ ചാര്‍ജിന് നിശ്ചിത ദൂരപരിധിയില്‍ 5 വാട്ട് വരെ വൈദ്യുതിയെത്തിക്കാന്‍ സാധിക്കും. ട്രൂലി വയര്‍ലെസ് ചാര്‍ജിങ് സാങ്കേതികവിദ്യ നേരത്തെതന്നെ നിലവിലുണ്ട്. എന്നാൽ, സ്മാര്‍ട്ഫോണുകളില്‍ ഇത് ലഭ്യമാകുന്നത് ഇപ്പോളാണ്.






