
ലെനോവോയുടെ ഉടമസ്ഥതയിലുള്ള സ്മാർട്ട്ഫോൺ ബ്രാൻഡ് മോട്ടോറോള മോട്ടോ G30, മോട്ടോ G10 സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ എത്താൻ ഒരുങ്ങുന്നു. മാർച്ചിൽ തന്നെ മോട്ടോ G30, മോട്ടോ G10 സ്മാർട്ട്ഫോണുകൾ വില്പനക്കെത്തുമെന്നാണ് പ്രമുഖ ടിപ്പ്സ്റ്റർമാർ നൽകുന്ന റിപ്പോർട്ട്. മോട്ടോറോള പുത്തൻ ഫോണുകളുടെ വരവ് സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ, യൂറോപ്യൻ വിപണിയിൽ ഈ മാസത്തിന്റെ തുടക്കത്തിൽ പുതുതായി അവതരിപ്പിച്ച ഫോണുകളാണ് മോട്ടോ G30-യും മോട്ടോ G10-ഉം.
മാർച്ച് ആദ്യ വാരം തന്നെ മോട്ടോ G30, മോട്ടോ G10 സ്മാർട്ട്ഫോണുകളുടെ ലോഞ്ചുണ്ടാകും എന്ന് ടിപ്പ്സ്റ്റർ മുകുൾ ശർമ്മ ട്വീറ്റ് ചെയ്തിട്ടുണ്ട്. യൂറോപ്പിൽ പാസ്റ്റൽ സ്കൈ, ഫാന്റം ബ്ലാക്ക് നിറങ്ങളിൽ മോട്ടോ G30 വിപണിയിൽ എത്തിയപ്പോൾ ഔറോറ ഗ്രേ, ഇറിഡിസെന്റ് പേൾ നിറങ്ങളാണ് മോട്ടോ G10-യ്ക്ക്. 179.99 യൂറോ (ഏകദേശം 15,900 രൂപ) ആണ് മോട്ടോ G30-ന് യൂറോപ്പിൽ വില. 149.99 യൂറോയാണ് (ഏകദേശം 13,300 രൂപ) മോട്ടോ G10-ന്റെ വില. ഏറെക്കുറെ സമാനമാവും ഇന്ത്യയിലെയും വില എന്നാണ് സൂചന.
20W ചാർജിങ് സപ്പോർട്ട് ചെയ്യുന്ന 5,000 എംഎഎച്ച് ബാറ്ററിയാണ് മോട്ടോ G30യ്ക്ക്. ഫോണിന് 90Hz റിഫ്രഷ് റേറ്റുള്ള 6.5 ഇഞ്ച് എച്ച്ഡി + (720x1,600 പിക്സൽ) ഐപിഎസ് ഡിസ്പ്ലേയാണ്. സ്നാപ്ഡ്രാഗൺ 662 SoC ആണ് പ്രോസസ്സർ. 64 മെഗാപിക്സൽ പ്രൈമറി സെൻസർ, 8 മെഗാപിക്സൽ അൾട്രാ-വൈഡ് ആംഗിൾ സെൻസർ, മാക്രോ ഷോട്ടുകൾക്കും ഡെപ്ത് സെൻസിംഗിനുമായി രണ്ട് 2 മെഗാപിക്സൽ സെൻസറുകൾ എന്നിവ ഉൾപ്പെടുന്ന ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് മോട്ടോ G30-യ്ക്ക്.
മോട്ടോ G10-ന് 60Hz റിഫ്രഷ് റേറ്റുള്ള 6.5 ഇഞ്ച് എച്ച്ഡി + ഡിസ്പ്ലേ ആണ് ലഭിക്കുന്നത്. 5,000 എംഎഎച്ച് ബാറ്ററിയുള്ള മോട്ടോ G10, 10W ചാർജിംഗിനെ പിന്തുണയ്ക്കുന്നു. സ്നാപ്ഡ്രാഗൺ 460 SoC ആണ് പ്രോസസ്സർ. 48 മെഗാപിക്സൽ പ്രൈമറി സെൻസർ ഉൾപ്പെടുന്ന ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് മോട്ടോ G10-ൽ. മറ്റുള്ള മൂന്ന് സെൻസറുകളും മോട്ടോ G30-യ്ക്ക് സമാനം ആണ്. 3.5 എംഎം ഹെഡ്ഫോൺ ജാക്ക്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു.






