
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വ്യാപനം മുന്‍നിര്‍ത്തി കേരളത്തില്‍ നിന്നുള്ളവര്‍ക്ക് യാത്രാവിലക്കേര്‍പ്പെടുത്തിയ കര്‍ണാടകയുടെ തീരുമാനത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തില്‍ നിന്നുള്ള ചരക്ക് വാഹനങ്ങള്‍ ഉള്‍പ്പെടെ അതിര്‍ത്തിയില്‍ തടഞ്ഞ സംഭവത്തില്‍ കര്‍ണാടക ഹൈക്കോടതി അടക്കം ഇടപെട്ടിരിക്കുകയാണ്. എന്നാല്‍ പോതു മാനദണ്ഡങ്ങള്‍ ലംഘിക്കലാണ് ഇതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കോവിഡ് പ്രതിരോധത്തിന്റെ പേരില്‍ കേരളത്തില്‍ യാത്രക്കാരെ തടയുകയാണ്. ഇത് പൊതു മാനദണ്ഡങ്ങള്‍ ലംഘിച്ചാവരുത്. അന്തര്‍ സംസ്ഥാന യാത്രയ്ക്കുള്ള മാനദണ്ഡങ്ങള്‍ എല്ലാവരും പാലിക്കണം. കേരളത്തില്‍ നിന്നുള്ള യാത്രക്കാരെ തടയുന്ന കര്‍ണാടകത്തിന്റെ നടപടി ശരിയല്ല. കര്‍ണാടകത്തിലെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം പതിനായിരത്തിലധികവും മരണം 150-ഉം കടന്ന സന്ദര്‍ഭത്തില്‍ കേരളം ഇതു ചെയ്തിട്ടില്ല. കേരളത്തിലെ പത്തിലൊന്നു പേര്‍ക്കു പോലും കേരളത്തില്‍ രോഗം ബാധിച്ചിട്ടില്ല.
കേരളത്തില്‍ മൂന്ന് പേര്‍ക്ക് രോഗം വരുമ്പോള്‍ ഒരു കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. മറ്റുള്ള സ്ഥലങ്ങളെ അപേക്ഷിച്ചു കൂടുതലാണെന്ന പ്രതീതിക്ക് കാരണം രോഗബാധിതരുടെ എണ്ണം കൂടുതല്‍ കാര്യക്ഷമമായി കണ്ടെത്തുന്നത് കൊണ്ടു കൂടിയാണ്. കോവിഡ് മൂലം രാജ്യത്ത് ഏറ്റവും കുറഞ്ഞ മരണനിരക്കുള്ളത് കാര്യക്ഷമമായി രോഗികള്‍ക്ക് മികച്ച ചികിത്സയും പരിചരണവും നല്കുന്നതിനാലാണ്. കേരളത്തെ സംബന്ധിക്കുന്ന ഈ വസ്തുതകള്‍ മറച്ചുവെച്ച് താറടിക്കാനാണ് പലരും ശ്രമിക്കുന്നത്. എന്നാല്‍ മനുഷ്യരുടെ അനുഭവങ്ങളെ മായ്ച്ചു കളയാന്‍ ഇവര്‍ക്ക് കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കര്‍ണാടക സര്‍ക്കാരിന്റെ നടപടിയില്‍ കര്‍ണാടക ഹൈക്കോടതി വിശദീകരണം തേടിയിരുന്നു. കേസില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാനും നിര്‍ദ്ധേശമുണ്ട്. കേസ് മാര്‍ച്ച് അഞ്ചിന് പരിഗണിക്കും. കേരളത്തില്‍ നിന്നുള്ള എല്ലാവരും കര്‍ണാടക അതിര്‍ത്തി കടക്കുമ്പോള്‍ ആര്.ടി.പി.സ്.ആര്. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് നിര്‍ദ്ധേശം.
വിഷയത്തില്‍ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. കര്‍ണാടക യാത്രാ വിലക്കേര്‍പ്പെടുത്തിയതോടെ വിദ്യാര്‍ത്ഥികളും രോഗികളും ബുദ്ധിമുട്ടു നേരിടുന്ന സാഹചര്യത്തിലാണ് കത്തയച്ചത്. അന്തര്‍ സംസ്ഥാന യാത്രക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ പാടില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നര്ദ്ധേശം നിലനില്‍ക്കെയാണ് കര്‍ണാടക അതിര്‍ത്തിയില്‍ വാഹനങ്ങള്‍ തടയുന്നത്. ഇത് കേന്ദ്ര സര്‍ക്കാര്‍ നയത്തിന് വിരുദ്ധനമാണെന്നും അതിനാല്‍തന്നെ എത്രയും വേഗം ഇക്കാര്യത്തില്‍ ഇടപെട്ട് അനുകൂല നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് കത്തില്‍ ആവശ്യപ്പെട്ടത്. കത്തില്‍ അനുകൂല നിലപാട് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.






