
ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളായ ഒഖിനാവ ഓട്ടോടെക് പ്രൈവറ്റ് ലിമിറ്റഡ് ഇന്ത്യൻ വിപണിയിലെ തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് മോട്ടോർസൈക്കിളായ Oki 100 അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. ഇതിന്റെ ഭാഗമായി മോട്ടോർസൈക്കിളിന്റെ ടീസർ കമ്പനി പുറത്തിറക്കി.
'ഉടൻ വരുന്നു' എന്ന അടിക്കുറിപ്പോടെയാണ് ടീസർ ഇമേജ് എത്തുന്നത്. വരും ആഴ്ചകളിൽ വാഹനത്തിന്റെ ലോഞ്ച് നടക്കുമെന്ന് ഇത് സൂചിപ്പിക്കുന്നു. ആദ്യത്തെ പ്രോട്ടോടൈപ്പ് 2018 ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച് കമ്പനി ഇപ്പോൾ കുറച്ചുകാലമായി ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ നിര്‍മാണത്തിലാണ്. പുതിയ ഒഖിനാവ Oki 100 ഇലക്ട്രിക് ബൈക്കിന്റെ എക്സ്-ഷോറൂം വില ഏകദേശം ഒരു ലക്ഷം രൂപ ആയിരിക്കുമെന്നാണ് റിപ്പോർട്ട്. റിവോൾട്ട് RV 400 ആയിരിക്കും എതിരാളി.
ഇലക്ട്രിക് മോട്ടോർസൈക്കിൾ പൂർണ്ണമായി ഇന്ത്യയിൽ തന്നെ നിർമ്മിക്കുമെന്ന് ഒഖിനാവ മുമ്പൊരിക്കൽ വ്യക്തമാക്കിയിരുന്നു. കമ്പനി 100 ശതമാനം പ്രാദേശികവൽക്കരണമാണ് ലക്ഷ്യമിടുന്നത്. ഇതിൽ ബാറ്ററി മൊഡ്യൂളുകളും ഉൾപ്പെടുന്നു. മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയുമായി Oki 100 വരുമെന്ന് റിപ്പോർട്ടുണ്ട്. ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ കൃത്യമായ പവർട്രെയിൻ കണക്കുകൾ കമ്പനി പുറത്തുവിട്ടിട്ടില്ല. പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ഡിസ്പ്ലേ, എൽഇഡി ലൈറ്റിംഗ്,ടെലിസ്കോപ്പിക് ഫോർക്കുകൾ, മോണോഷോക്ക് സസ്പെൻഷൻ സെറ്റപ്പ് (ഫ്രണ്ട്, റിയർ), ഡിസ്ക് ബ്രേക്കുകൾ എന്നിവയും ലഭിച്ചേക്കും.






