ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഷവോമിയുടെ പുതിയ സ്മാർട്ട്ഫോൺ റെഡ്മി നോട്ട് 10 എത്തുന്നു. മാർച്ച് നാലിനാണ് റെഡ്മി നോട്ട് 10 അവതരിപ്പിക്കുക എന്ന് ഷവോമി മുമ്പ് ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. റെഡ്മി നോട്ട് 10 ഫോണിനെപ്പറ്റിയുള്ള വിശദാംശങ്ങൾ ഷവോമി ഇപ്പോൾ പുറത്ത് വിട്ടു തുടങ്ങി.
റെഡ്മി നോട്ട് 10-ന് 108 മെഗാപിക്സൽ ക്യാമെറയുണ്ടാവും എന്നും ഷവോമി കഴിഞ്ഞ ദിവസം ഒരു ട്വീറ്റിലൂടെ വ്യക്തമാക്കി. റെഡ്മി നോട്ട് 10 ഫോണുകൾക്ക് എതിരാളിയായി എത്തുന്ന റിയൽമി 8 സീരീസ് ഫോണിനും 108 മെഗാപിക്സൽ ക്യാമെറയുണ്ടാവും എന്നാണ് റിപ്പോർട്ട്. റിപ്പോർട്ടുകൾ പ്രകാരം പുത്തൻ ശ്രേണിയിൽ റെഡ്മി നോട്ട് 10, റെഡ്മി നോട്ട് 10 പ്രോ എന്നിങ്ങനെ 2 സ്മാർട്ട്ഫോണുകൾ ആണ് ആദ്യം പുറത്തിറക്കുക. പിന്നീട് റെഡ്മി നോട്ട് 10 പ്രോ മാക്സ്, റെഡ്മി നോട്ട് 10 എസ് എന്നീ പതിപ്പുകളും എത്തിയേക്കും.
ആമസോണിൽ പുത്തൻ റെഡ്മി നോട്ട് ഫോണിന്റെ ടീസർ ചിത്രം ലഭ്യമാണ്. മികച്ച റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലേയും, മികച്ച ക്യാമറയും ഫോണിൽ ഉണ്ടെന്ന് ടീസർ വ്യക്തമാക്കുന്നു. ഷവോമിയുടെ ഗ്ലോബൽ വൈസ് പ്രസിഡന്റ് മനു കുമാർ ജെയിനും അടുത്തിടെ ഒരു ട്വീറ്റിൽ മികച്ച പെർഫോമൻസ് ആയിരിക്കും റെഡ്മി നോട്ട് 10 ഫോണുകളുടെ തുറുപ്പ്ചീട്ട് എന്ന് സൂചിപ്പിച്ചിരുന്നു.






