
ചെന്നൈ: തിരഞ്ഞെടുപ്പടുത്തതോടെ നിര്‍ണായക സീറ്റുവിഭജന ചര്‍ച്ചകളിലേക്കു കടന്നിരിക്കുകയാണ് തമിഴ്നാട് ഡി.എം.കെ. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഘടകകക്ഷികള്‍ക്കു നല്‍കിയിരുന്ന സീറ്റുകള്‍ ഇത്തവണ നല്കാന് സാധിക്കില്ലെന്ന നിലപാട് ഡി.എം.കെ. സ്വീകരിച്ചതോടെ മുന്നണിയില്‍ ഭിന്നത രൂക്ഷമായി. കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകള്‍ നല്‍കാനാവില്ലെന്നും കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കൊപ്പമുള്ള ഭരണം സുരപക്ഷിതമല്ലെന്നും ഡി.എം.കെ. നേതൃത്വം അഭിപ്രായപ്പെടുന്നു. ഈ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക കേവല ഭൂരിപക്ഷം തെളിയിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇത്. എ.ഐ.സി.സി. നേതാക്കളുമായി വീണ്ടും ചര്ച്ചക്കെത്താനിരിക്കുന്ന സാഹചര്യത്തിലും 178 സീറ്റുകളിലേക്ക് സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കിയിരിക്കുകയാണ് ഡി.എം.കെ.
ബിഹാര്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിട്ട കനത്ത പരാജയം ആര്.ജെ.ഡിക്ക് ഭരണം നഷ്ടമാക്കി. ബിഹാറിനു പുറമെ പുതുച്ചേരിയിലും ഭരണം നഷ്ടമായതോടെ കോണ്‍ഗ്രസ് ബാധ്യതയാണെന്ന നിലപാടിലേക്കു കടക്കുകയാണ് ഡി.എം.കെ. നേതൃത്വം. മുന്‍പെങ്ങും സ്വീകരിച്ചിട്ടില്ലാത്തത്ര തിരഞ്ഞെടുപ്പ് തന്ത്രങ്ങളുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തിയിട്ടും മുന്നണികളെ വിശ്വാസത്തിലെടുക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിനും സാധിക്കുന്നില്ല എന്നതും തിരിച്ചടിയാകുന്നു.
ഡി.എം.കെ.യിലെ പ്രധാന കക്ഷിയായ കോണ്‍ഗ്രസിന് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 41 സീറ്റുകളാണ് നല്‍കിയിരുന്നത്. എന്നാല്‍ 41-ല്‍ വെറും എട്ടു സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസിന് ജയിക്കാന്‍ സാധിച്ചത്. ഇത്തവണ കോണ്‍ഗ്രസ് ആവശ്യപ്പെട്ടത് 35 സീറ്റാണ്. എന്നാല്‍ 21 സീറ്റില്‍ കൂടുതല്‍ ഒരു കാരണവശാലും നല്കാന് സാധിക്കില്ലെന്ന നിലപാടിലാണ് ഡി.എം.കെ. നേതാവ് സ്റ്റാലിന്.
കഴിഞ്ഞതവണ ഘടകക്ഷിയായ മുസ്ലീം ലീഗിന് അഞ്ചും മനിതനേയ മക്കള്‍ കക്ഷിക്ക്് നാല് സീറ്റുമാണ് നല്‍കിയിരുന്നത്. എന്നാല്‍ ഇത്തവണ ലീഗിന് മൂന്നും മനിതനേയമക്കള്‍ കക്ഷിക്ക് രണ്ടും നല്കാന് ധാരണയായി. ഇടതു പാര്‍ട്ടികളും കോണ്‍ഗ്രസുമായി ഇതുവരെ ധാരണയിലെത്താന്‍ സാധിച്ചിട്ടില്ല. സി.പി.എമ്മും സി.പി.ഐയും പത്ത് മുതല്‍ 12 സീറ്റുകള്‍ വരെയാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇരു പാര്‍ട്ടികള്‍ക്കുമായി ആകെ ആറു സീറ്റ് നല്‍കാമെന്ന നിലപാടിലാണ് ഡി.എം.കെ. നേതൃത്വം. ഇന്നലെ നടന്ന ഉഭയകക്ഷി യോഗത്തിലും സീറ്റുവിഭജനം സംബന്ധിച്ച് ധാരണയായില്ല.






