
ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ റിയൽമി തങ്ങളുടെ പുത്തൻ മിഡ്-റേഞ്ച് സ്മാർട്ട്ഫോൺ ശ്രേണി റിയൽമി 8 ഇന്ത്യയിൽ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. റിയൽമി 8 ശ്രേണിയുടെ ലോഞ്ച് തിയതി കമ്പനി പ്രഖ്യാപിച്ചിട്ടില്ല എങ്കിലും ലോഞ്ച് ഉടനെയുണ്ടാകും എന്ന് വ്യക്തമാക്കിയിട്ടുണ്ട്. റിയൽമി 8 ശ്രേണിയുടെ കൂടുതൽ വിവരങ്ങൾ കമ്പനിയുടെ സിഇഓ മാധവ് സേത്ത് പുറത്ത് വിട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
മാധവ് സേത്ത് ട്വിറ്ററിൽ റിയൽമി 8 ഫോണിന്റെ പിൻഭാഗവും റീറ്റെയ്ൽ ബോക്സും വെളിപ്പെടുത്തുന്ന ചിത്രമാണ് പോസ്റ്റ് ചെയ്തത്. ഈ ഫോട്ടോയിലെ റീറ്റെയ്ൽ ബോക്സിൽ ഫോണിന്റെ സ്പെസിഫിക്കേഷനുകൾ നൽകിയിരിക്കുന്നു. 6.4-ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്പ്ലേ ആണ് റിയൽമി 8-ന്. മീഡിയടെക് ഹീലിയോ G95 SoC പ്രോസസ്സറും ലഭിക്കുന്നു. 30W ഡാർട്ട് ചാർജ് ഫാസ്റ്റ് ചാർജിങ്ങുള്ള ബാറ്ററി ആണ് പുത്തൻ സ്മാർട്ട്ഫോണിന് എന്നും റീറ്റെയ്ൽ ബോക്സ് വ്യക്തമാക്കുന്നു.
64-മെഗാപിക്സൽ പ്രൈമറി സെൻസറുള്ള ക്വാഡ് കാമറ ആയിരിക്കും റിയൽമി 8 ഫോണിന്. റിയൽമി 8 ശ്രേണിയിൽ അടിസ്ഥാന മോഡലിനൊപ്പം റിയൽമി 8 പ്രോ എന്നൊരു പ്രീമിയം മോഡലും എത്തിയേക്കും. റിയൽമി 8 പ്രോയിൽ 108-മെഗാപിക്സിൽ പ്രൈമറി സാംസങ് HM2 സെൻസർ ക്വാഡ് കാമറ ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ട്. സിഇഓ മാധവ് സേത്ത് മുൻപ് ട്വീറ്റിലൂടെ ഇത് സൂചിപ്പിച്ചിരുന്നു. റിയൽമി 8 പ്രോയ്ക്ക് ഒക്ട-കോർ മീഡിയടെക് ഡിമെൻസിറ്റി 720 SoC പ്രോസസ്സർ ആയിരിക്കും ലഭിക്കുക.






