
യുെണെറ്റഡ് നേഷന്‍സ്: ജനലക്ഷങ്ങള്‍ പട്ടിണിയില്‍ കഴിയുമ്പോള്‍ പാഴാകുന്നതു കോടിക്കണക്കിനു ടണ്‍ ഭക്ഷണം. 2019-ല്‍ ലോകമെമ്പാടുമായി 93.1 കോടി ടണ്‍ ഭക്ഷണം പാഴായെന്നു യു.എന്‍. റിപ്പോര്‍ട്ട്. 40 ടണ്‍ വീതമുള്ള 230 ലക്ഷം ട്രക്കുകളില്‍ ഇതു നിറയ്ക്കാമത്രേ! ഇന്ത്യയിലാകട്ടെ ആ വര്‍ഷം പാഴായത് 6.87 കോടി ടണ്‍ ഭക്ഷണം. യുണൈറ്റഡ് നേഷന്‍സ് എന്‍വയോണ്‍മെന്റ് പ്രോഗ്രാ(യു.എന്‍.ഇ.പി.)മാണ് ഫുഡ് വേസ്റ്റ് ഇന്‍ഡക്സ് റിപ്പോര്‍ട്ട് 2021 പുറത്തുവിട്ടത്.
ഭക്ഷണമാലിന്യത്തില് 61 ശതമാനം വീടുകളില്‍നിന്നും 26 ശതമാനം ഭക്ഷണശാലകളില്‍നിന്നും 13 ശതമാനം ചില്ലറ വില്പ്പനയ്ക്കിടയിലുമാണ്. ആഗോള ഭക്ഷ്യോല്പാദനത്തിന്റെ 17 ശതമാനമാണു പാഴായിപ്പോകുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇന്ത്യയില്‍ വീടുകളില്‍ പ്രതിവര്‍ഷം 50 കിലോഗ്രാം ഭക്ഷണം ഉപയോഗശൂന്യമായി പോകുന്നുവെന്നാണു കണക്ക്. അമേരിക്കയില്‍ ഇത് 59 കിലോയാണ്. ഭക്ഷണം പാഴാകുന്നതില്‍ കൂടുതലും വീടുകളില്‍തന്നെയാണ്.
കാലാവസ്ഥാ വ്യതിയാനം, മലിനീകരണം, െജെവെവെവിധ്യ നഷ്ടം തുടങ്ങിയ പ്രശ്നങ്ങളെ ഗൗരവത്തോടെ നേരിടണമെങ്കില്‍ ഭക്ഷ്യമാലിന്യത്തിന്റെ അളവു കുറയ്ക്കണമെന്ന് യു.എന്‍.ഇ.പി. എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഇംഗര്‍ ആന്ഡേഴ്സന് പറഞ്ഞു. യു.എന്‍. റിപ്പോര്‍ട്ട് പ്രകാരം 2019 ല്‍ 69 കോടി ആളുകളാണ് പട്ടിണിയുടെ പിടിയിലായിരുന്നത്. കോവിഡ് മഹാമാരി മൂലം ഇതു കൂടിയിട്ടുണ്ട്. മൂന്നൂറു കോടിയിലേറെ ആളുകള്‍ക്ക് ആരോഗ്യകരമായ ഭക്ഷണം ലഭിക്കുന്നില്ലെന്നാണു കണക്ക്.






