അടൂര്‍: പുലര്‍ച്ചെ ഹാര്‍ബറില്‍ പോയി മീന്‍ വാങ്ങി പെട്ടിഓട്ടോറിക്ഷയും ഓടിച്ച് നാട്ടിലെത്തി മീന്‍ കച്ചവടം ചെയ്യാന്‍ സ്ത്രീകള്‍ക്കും പറ്റുമെന്ന് തെളിയിച്ചിരിക്കുകയാണ് പറക്കോട് ചിഞ്ചു ഭവനത്തില്‍ ശ്രീദേവി (42). മറ്റ് ഉപജീവന മാര്‍ഗങ്ങളൊന്നുമില്ലാതെ ബുദ്ധിമുട്ടിയ ഇവര്‍ കോവിഡ് കാലം മുതലാണ് പറക്കോട് അറുകാലിക്കല്‍ ജങ്ഷനില്‍ പെട്ടി ഓട്ടോറിക്ഷയില്‍ മീന്‍ വില്പന തുടങ്ങിയത്. ചിലപ്പോള്‍ അടൂര്‍ മുതല്‍ അറുകാലിക്കല്‍ വരെ റോഡരുകില്‍ പെട്ടിഓട്ടോറിക്ഷയിട്ട് മീന്‍ കച്ചവടം നടത്താറുണ്ട്.
അയല, മത്തി, ചൂര, കണവ, കിളിമീന്‍, വാള, വറ്റ എന്നിവയുമായി കെ.പി. റോഡരുകില്‍ കിടക്കുന്ന വണ്ടി നോക്കി ചേട്ടാ മീനൊന്നുമില്ലേ എന്ന് ചോദിച്ചാല്‍ ഉടനെത്തും മറുപടി: ചേട്ടനല്ല ഇത് ചേച്ചിയാണേ...ആകെ അറിയാവുന്നത് ഓട്ടോ ഡ്രൈവിങ്ങാണ്. ആറേഴ് കൊല്ലം ഓട്ടോറിക്ഷാ ഓടിച്ചു. അതിനിടെ ചെറിയ ഒരു ഹോട്ടലും തുടങ്ങി. കോവിഡ് കാലമായതോടെ ഓട്ടോ യാത്രയ്ക്ക് ആളു കുറഞ്ഞു. കോവിഡ് പ്രതിസന്ധിയില്‍ വരുമാനം നിലച്ചതോടെയാണ് മീന്‍കച്ചവടം തുടങ്ങിയത്.
പുറംപോക്കിലൊരു കുടില്‍ കെട്ടിയാണ് താമസം. ഭര്‍ത്താവ് ഓട്ടോറിക്ഷാ ഡ്രൈവറായിരുന്നു. ഓട്ടം കഴിഞ്ഞ് വന്നാല്‍ ഓട്ടോ കയറ്റി മുറ്റത്തിടും. ഈ സമയം ശ്രീദേവി ഓട്ടോറിക്ഷയില്‍ കയറി മുന്നോട്ടും പിന്നോട്ടും ഓടിച്ച് നോക്കും. പിന്നീട് ഭര്‍ത്താവ് ഇവരെ ഉപേക്ഷിച്ച് പോയി. ഇതോടെ മുന്നോട്ടുള്ള ജീവിതം ഉത്തരമില്ലാത്ത ചോദ്യചിഹ്നമായി.
ആരെയും ആശ്രയിക്കാതെ ജീവിക്കണമെന്ന വാശിയില്‍ ആദ്യം ചെരുപ്പ് കടയില്‍ ജോലിക്ക് പോയി. ഇതിനിടെ ഡ്രൈവിങ്ങും വശമാക്കി. മോള്‍ക്ക് പനിയോ മറ്റ് അസുഖമോ വന്നാല്‍ കടയില്‍ പോകാന്‍ പറ്റില്ല. ഈ സാഹചര്യത്തിലാണ് അയല്‍ക്കൂട്ട ത്തില്‍ നിന്ന് ലഭിച്ചതും കടം വാങ്ങിയ പണവും ഉപയോഗിച്ച് ഓട്ടോറിക്ഷ വാങ്ങിയത്. അതിനിടെ അപകടമുണ്ടായതോടെ ഓട്ടോറിക്ഷ ഓടിക്കാന്‍ ഭയമായി. പിന്നെ കടയില്‍ ജോലിക്ക് പോയി. മകളുടെ വിവാഹം ഉറപ്പിച്ചതോടെ പണത്തിനാവശ്യം വന്നു.
ഇതോടെ ഹോട്ടല്‍ ആരംഭിച്ചു. ഭക്ഷണം വീട്ടില്‍ നിന്ന് ഓട്ടോറിക്ഷയില്‍ കയറ്റി ഹോട്ടലുകളിലും എത്തിക്കുമായിരുന്നു. മകളുടെ കല്യാണം കഴിഞ്ഞതോടെ ജോലിയെല്ലാം ഒറ്റയ്ക്ക് ചെയ്യാന്‍ കഴിയാതെയായി. തുടര്‍ന്ന് വീണ്ടും ഓട്ടോ ഓടിച്ചു തുടങ്ങി. കോവിഡിനെത്തുടര്‍ന്ന് യാത്രക്കാര്‍ കിട്ടില്ലെന്ന് ഉറപ്പായതോടെ മീന്‍ കച്ചവടത്തിലേക്ക് തിരിഞ്ഞു. അങ്ങനെ ഓട്ടോറിക്ഷ വിറ്റ് വായ്പയും എടുത്ത് പെട്ടിയോട്ടോ വാങ്ങി. പുലര്‍ച്ചെ മൂന്നിന് എഴുന്നേറ്റ് നീണ്ടകര, ആലപ്പുഴ, അഴീക്കല്‍, വാടി എന്നീ കടപ്പുറങ്ങളില്‍ എവിടേക്കെങ്കിലും ചെന്ന് മീന്‍ വാങ്ങും.
തനിച്ച് പെട്ടി ഓട്ടോറിക്ഷാ ഓടിച്ചാണ് ശ്രീദേവി പോയി ലേലം വിളിച്ച് മീന്‍ എടുക്കുന്നത്. പുറമ്പോക്കില്‍ അടച്ചുറപ്പില്ലാത്ത വീട്ടില്‍ പെണ്കുഞ്ഞിനെയും കൊണ്ട് കഴിഞ്ഞപ്പോള്‍ അനുഭവിച്ച കഷ്ടപ്പാട് ആര്‍ക്കും മനസ്സിലാകില്ലെന്ന് അവര്‍ പറഞ്ഞു. വിവാഹം കഴിഞ്ഞ മകളും ഇവര്‍ക്കൊപ്പമാണ് താമസം. പുലര്‍ച്ചെ മൂന്നിന് പോകുന്ന ശ്രീദേവി രാവിലെ 11.30ന് മീനുമായി അറുകാലിക്കല്‍ ജങ്ഷനില്‍ എത്തും. മീന്‍ വില്‍പ്പനയില്‍ ചിലപ്പോള്‍ ലാഭവും നഷ്ടവും ഉണ്ടാകുന്നുണ്ടെന്ന് അവര്‍ പറഞ്ഞു.






