
നോവോയുടെ ഉടമസ്ഥതയിലുള്ള സ്മാർട്ട്ഫോൺ ബ്രാൻഡ് മോട്ടോറോള മോട്ടോ G30, മോട്ടോ G10 പവർ സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. പുത്തൻ ഫോണുകളുടെ വരവ് കമ്പനി സമൂഹ മാധ്യമങ്ങളിലൂടെയാണ് അറിയിച്ചത്. ഈ മാസം 9നാണ് പുത്തൻ മോട്ടറോള ഫോണുകളുടെ അവതരണം. ഫ്ലിപ്കാർട്ട് വഴി ആയിരിക്കും ഫോൺ വില്പനക്കെത്തുന്നത്.
ഇരു മോഡലുകൾക്കും വാട്ടർഡ്രോപ്-സ്റ്റൈൽ ഡിസ്പ്ലേ നോച്, ക്വാഡ് പിൻ കാമറ എന്നിവയുണ്ട് എന്ന് മോട്ടോറോള പുറത്ത് വിട്ട സ്മാർട്ട്ഫോണിന്റെ ചിത്രങ്ങൾ വ്യക്തമാക്കുന്നു. യൂറോപ്യൻ വിപണിയിൽ കഴിഞ്ഞ മാസം അവതരിപ്പിച്ച മോട്ടോ G30 തന്നെയാണ് ഇന്ത്യയിലുമെത്തുക എന്നാണ് വിവരം. മോട്ടോ G30-ന് 179.99 യൂറോ (ഏകദേശം 15,900 രൂപ) ആണ് യൂറോപ്പിൽ വില. രണ്ട് ഫോണുകൾക്കും ഏറെക്കുറെ സ്റ്റോക്ക് ആയ ഓപ്പറേറ്റിംഗ് സിസ്റ്റം ആയിരിക്കും എന്നും മോട്ടറോള വ്യക്തമാക്കിയിട്ടുണ്ട്.
മോട്ടോ G30-യ്ക്ക് 90Hz റിഫ്രഷ് റേറ്റുള്ള 6.5 ഇഞ്ച് എച്ച്ഡി + (720x1,600 പിക്സൽ) ഐപിഎസ് ഡിസ്പ്ലേയാണ്. 20W ചാർജിങ് സപ്പോർട്ട് ചെയ്യുന്ന 5,000 എംഎഎച്ച് ബാറ്ററിയാണ് മോട്ടോ G30യ്ക്ക്. സ്നാപ്ഡ്രാഗൺ 662 SoC ആണ് പ്രോസസ്സർ. 64 മെഗാപിക്സൽ പ്രൈമറി സെൻസർ, 8 മെഗാപിക്സൽ അൾട്രാ-വൈഡ് ആംഗിൾ സെൻസർ, മാക്രോ ഷോട്ടുകൾക്കും ഡെപ്ത് സെൻസിംഗിനുമായി രണ്ട് 2 മെഗാപിക്സൽ സെൻസറുകൾ എന്നിവ ഉൾപ്പെടുന്ന ക്വാഡ് റിയർ ക്യാമറ സംവിധാനമാണ് ആണ് മോട്ടോ G30-യ്ക്ക്. 13 മെഗാപിക്സൽ സെൽഫി ക്യാമറയും ഫോണിനുണ്ട്. മോട്ടോ G10 പവർ മോഡലിന്റെ സ്പെസിഫിക്കേഷനെപ്പറ്റി വിവരങ്ങൾ ഒന്നും തന്നെ പുറത്ത് വന്നിട്ടില്ല.






