
തിരുവനന്തപുരം: ഇടതുപക്ഷത്തിന് പിന്നാലെ കോണ്‍ഗ്രസും സ്ഥാനാര്‍ഥി പട്ടികയ്ക്ക് വേണ്ടി കാത്തിരിക്കുമ്പോള്‍ ഉയരുന്ന പ്രധാന ചോദ്യങ്ങളില്‍ ഒന്ന് നേമത്തും വട്ടിയൂര്‍കാവിലും ആരെന്ന്. ഒരു കാലത്ത് കരുത്തുറ്റ മണ്ഡലങ്ങളായിരുന്നു രണ്ടിടത്തും തോല്‍വി നേരിടുന്നതിന് പുറമേ തങ്ങളുടെ വോട്ടുഷെയറില്‍ വന്‍തോതില്‍ കുറവ് വരുന്നതും കോണ്‍ഗ്രസിനെ ഇരുത്തി ചിന്തിപ്പിക്കുകയാണ്. മണ്ഡലം തിരിച്ചു പിടിക്കാന്‍ പരീക്ഷണങ്ങള്‍ വേണമോ പരിചയസമ്പന്നരെ നിയോഗിക്കണോ എന്ന ചോദ്യമാണ് കോണ്‍ഗ്രസില്‍ ഉയരുന്നത്.
രണ്ടു മണ്ഡലങ്ങളിലും കോണ്‍ഗ്രസിന് വോട്ടുകള്‍ കുറഞ്ഞു വരുന്നതും ബിജെപിയ്ക്കും സിപിഎമ്മിനും വോട്ടുകള്‍ കൂടി വരുന്നതും കോണ്‍ഗ്രസിനെ ഇരുത്തി ചിന്തിപ്പിക്കുന്ന ഘടകങ്ങളാണ്. സിപിഎം എട്ടു തവണയാണ് നേമത്ത് വിജയം നേടിയത്. കോണ്‍ഗ്രസ് മത്സരിച്ചപ്പോള്‍ അഞ്ചു തവണ വിജയം നേടാനായിരുന്നു. ബിജെപി ഒരു തവണയും ജയിച്ചു. 2016 ല്‍ ബിജെപിയുടെ ഒ രാജഗോപാല്‍ 8000 വോട്ടുകള്‍ക്കായിരുന്നു വിജയിച്ചത്. ഇവിടെ യുഡിഎഫിനായി മത്സരിച്ച ജനാതാദള്‍ യു മൂന്നാം സ്ഥാനത്തായി പോയി.
സിപിഎമ്മിലെ വി ശിവന്‍കുട്ടിയാണ് രണ്ടാമത് വന്നത്. തോറ്റെങ്കിലൂം 2011 ല്‍ ജയിച്ചപ്പോള്‍ കിട്ടിയതിനേക്കാള്‍ അപേക്ഷിച്ച് പക്ഷേ ഒമ്പതിനായിരം വോട്ടുകള്‍ കൂട്ടാന്‍ സിപിഎമ്മിനായി. 2011 ല്‍ 6000 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു വി ശിവന്‍കുട്ടി ജയിച്ചത്. 50,076 വോട്ടുകളാണ് ശിവന്‍കുട്ടി നേടിയെങ്കില്‍ രണ്ടാം സ്ഥാനാത്തായ 2016 ല്‍ 59142 വോട്ടുകള്‍ കിട്ടി. 2011 ല്‍ 43,661 വോട്ടുകള്‍ നേടിയ രാജഗോപാല്‍ 67,813 ആക്കി ഉയര്‍ത്തിയാണ് 2016 ല്‍ വിജയം നേടിയത്. രണ്ടു തവണയും യുഡിഎഫിനായി ജനതാദള്‍ യു ആയിരുന്നു മത്സരിച്ചത്. അവരുടെ വോട്ട് ഗണ്യമായി കുറയുകയും ചെയ്തു. 20,248 വോട്ടുകളാണ് 2011 ല്‍ കിട്ടിയതെങ്കില് 2016 ല്‍ അത് 13,860 ആയിരുന്നു. ഇതോടെയാണ് സീറ്റ് ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകുന്നത്.
2006 ല്‍ എന്‍ ശക്തനായിരുന്നു ഇവിടെ അവസാനമായി മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. 2001 ലും 2006 ലുമായി രണ്ടു തവണ തെരഞ്ഞെടുപ്പില്മത്സരിച്ച എന്‍ ശക്തന് രണ്ടാം തവണ 60,884 വോട്ടുകളായിരുന്നു നേടിയത്. സിപിഎമ്മിന്റെ വെങ്ങാനൂര്‍ പി ഭാസ്ക്കരന്‍ 50,135 വോട്ടുകളും നേടി. ബിജെപിയ്ക്ക് അന്ന് കിട്ടിയത് വെറും 6,705 വോട്ടുകളായിരുന്നു. തുടര്‍ച്ചയായി രണ്ടു തവണ കെ. മുരളീധരന് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായി വിജയം നേടിയ വട്ടിയൂര്‍കാവ് തിരിച്ചു പിടിക്കുന്നതും കോണ്‍ഗ്രസിന്റെ വലിയ ലക്ഷ്യങ്ങളില്‍ ഒന്നാണ്.
ബിജെപിയ്ക്കും കോണ്‍ഗ്രസിനും ശക്തമായ സ്വാധീനം ഉണ്ടെന്ന് കരുതപ്പെടുന്ന മണ്ഡലത്തില്‍ 2019 ല്‍ നടന്ന ഉപ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ വി.കെ. പ്രശാന്ത് 14,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 14 ശതമാനം വോട്ടുകളാണ് കൂടുതലായി കണ്ടെത്താന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞത്. അതേസമയം കോണ്‍ഗ്രസിന്റെ വോട്ടുകളില്‍ വലിയ ഇടിവാണ് കാണിക്കുന്നത്. 2011 ല്‍ വി മുരളീധരന് 16,167 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു വിജയം നേടിയത്. 2016 എത്തിയപ്പോള്‍ അത് 7,622 ആയി കുറഞ്ഞു. ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ മോഹന്‍കുമാര്‍ തോല്‍ക്കുകയും ചെയ്തു.
മുരളീധരന് മത്സരിച്ച 2011 ല്‍ അദ്ദേഹത്തിന് 56,531 വോട്ടുകളാണ് കിട്ടിയത്. 2016 ല്‍ മുരളിക്ക് മണ്ഡലം നില നിര്‍ത്താന്‍ കഴിഞ്ഞെങ്കിലും കിട്ടിയത് 51,322 ആയി. അഞ്ചു വര്‍ഷം കൊണ്ട് 5,200 വോട്ടുകളുടെ കുറവാണ് വന്നത്. 2019 ല്‍ ഉപ തെരഞ്ഞെടുപ്പ് വന്നപ്പോള്‍ 11,000 വോട്ടുകള്‍ വീണ്ടും കുറഞ്ഞു. മോഹന്‍കുമാറിന് കിട്ടിയത് 40,000 ആയി. മറുവശത്ത് സിപിഎമ്മിനായി 2011 ല്‍ ചെറിയാന് ജോസഫ് മത്സരിച്ചപ്പോഴും 2016 ല്‍ ടിഎം സീമ മത്സരിച്ചപ്പോഴും ജയം നേടാനായില്ലെങ്കിലും വോട്ടുഷെയറില്‍ കാര്യമായ കുറവ് വന്നില്ല. ചെറിയാന് ഫിലിപ്പ് നേടിയത് 40,364 വോട്ടുകളാണെങ്കില്‍ 2016 ല്‍ മൂന്നാമതായി പോയപ്പോഴും ടിഎന്‍ സീമ യ്ക്ക് 40,441 വോട്ടുകള്‍ ഉണ്ടായിരുന്നു. ഉപതെരഞ്ഞെടുപ്പില്‍ അത് 54,830 വോട്ടുകളായിട്ടാണ് ഉയര്‍ത്താന്‍ പ്രശാന്തിന് കഴിയുകയും ചെയ്തു.
2016 ല്‍ കുമ്മനം രാജശേഖരന് മത്സരിച്ചപ്പോള്‍ 43,000 വോട്ടുകള്‍ നേടിയ ബിജെപിയ്ക്ക് പക്ഷേ ഉപ തെരഞ്ഞെടുപ്പില്‍ വോട്ടു ഷെയറില്‍ ഗണ്യമായ കുറവാണ് വന്നത്. ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന സുരേഷിന് കിട്ടയത് 27,453 വോട്ടുകളാണ്. 2011 ല്‍ വി.വി. രാജേഷ് മത്സരിച്ചപ്പോ മൊത്തം കിട്ടിയത് 13,494 വോട്ടുകളാണ്. സ്ഥാനാര്‍ത്ഥികളുടെ പട്ടിക സംബന്ധിച്ച് ഡല്‍ഹിയില്‍ അന്തിമരൂപമാകുമ്പോള്‍ വട്ടിയൂര്‍ക്കാവിലും നേമത്തും പ്രധാന നേതാക്കള്‍ മണ്ഡലം വിട്ട് പരീക്ഷണത്തിന് ഇറങ്ങുമോയെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉറ്റുനോക്കുന്നത്. ഇത്തവണയും നേമത്ത് ശിവന്‍കുട്ടിയും വട്ടിയൂര്‍ കാവില്‍ വി.കെ. പ്രശാന്തുമാണ് എല്‍ഡിഎഫിനായി മത്സരിക്കുന്നത്.






