
ഒല ഇലക്ട്രിക്കിന്റെ ഇലക്ട്രിക് ഇരുചക്ര വാഹനം ഈ വര്‍ഷം പകുതിയോടെ ഇന്ത്യൻ വിപണിയിലെത്തുമെന്ന് റിപ്പോർട്ട്. വാഹനത്തിന്റെ ഔദ്യോഗിക ചിത്രങ്ങള്‍ ഒല ഇലക്ട്രിക് പുറത്തുവിട്ടു. ഒലയുടെ ഇലക്ട്രിക് സ്കൂട്ടര്‍ കഴിഞ്ഞ വര്‍ഷം ഒല ഏറ്റെടുത്ത ഡച്ച് കമ്പനിയായ എറ്റെര്‍ഗോ എന്ന ആപ്പ് സ്കൂട്ടറിന് സമാനമായ രൂപകൽപ്പനയിലാണ് ഒരുങ്ങുന്നതെന്നാണ് ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്.
മാറ്റ് ബ്ലാക്ക് നിറത്തിലുള്ള സ്കൂട്ടറിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവിട്ടിട്ടുള്ളത്. ഒല ഇലക്ട്രിക് സ്കൂട്ടര്‍ വളരെ ലളിതമായ ഡിസൈനിലാണ് എത്തുന്നത്. മുന്നില്‍ നല്‍കിയിട്ടുള്ള ടെലിസ്കോപിക്ക് ഫോര്‍ക്ക് സസ്പെന്ഷന്, സിംഗിള്‍ സൈഡ് സ്വിങ്ങ്ആം, സുരക്ഷയൊരുക്കാന്‍ മുന്നില്‍ ഡിസ്ക് ബ്രേക്ക്, കൂടാതെ, എറ്റെര്‍ഗോ സ്കൂട്ടറില്‍ നിന്ന് അല്‍പ്പം ഡിസൈന്‍ മാറ്റം വരുത്തിയാണ് ഒലയുടെ സ്കൂട്ടറിനെ ഒരുക്കുന്നത്.
ഒല സ്കൂട്ടറിന്റെ റേഞ്ചും കരുത്തുംപുറത്തുവിട്ടിട്ടില്ല. ഒലയുടെ ഉപകമ്പനിയായ എറ്റെര്‍ഗോ ആപ്പ്സ്കൂട്ടറിന് 240 കിലോമീറ്റര്‍ റേഞ്ചാണ് ഉണ്ടായിരുന്നത്. ഒല വിപണിയിൽ എത്തിക്കുന്ന സ്കൂട്ടറിനും ഇതിനോട് ചേര്‍ന്ന് നില്ക്കുന്ന റേഞ്ച് പ്രതീക്ഷിക്കാമെന്നാണ് റിപ്പോർട്ട്. എറ്റെര്‍ഗോ സ്കൂറിന് 45 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 45 കിലോമീറ്റര്‍ വേഗത കൈവരിക്കാൻ സാധിക്കും. ആഥര്‍ 450X, ടി.വി.എസ്. ഐ.ക്യൂബ്, ബജാജ് ചേതക്ക് എന്നിവയായിരിക്കും ഒലയുടെ ഇ-സ്കൂട്ടറിന്റെ ഇന്ത്യയിലെ പ്രധാന എതിരാളികൾ. റിപ്പോർട്ട് പ്രകാരം ഇലക്ട്രിക് സ്കൂട്ടര്‍ നിര്‍മിക്കുന്നതിനായി പ്രതിവര്‍ഷം 20 ലക്ഷം യൂണിറ്റ് നിര്‍മാണ ശേഷിയുള്ള പ്ലാന്റും തമിഴ്നാട്ടില്‍ ഒല നിര്‍മിച്ചിട്ടുണ്ട്. 2022-ഓടെ നിര്‍മാണ ശേഷി പ്രതിവര്‍ഷം ഒരു കോടിയായി ഉയര്‍ത്താനാണ് ഒലയുടെ ലക്ഷ്യം എന്നാണ് റിപ്പോർട്ട്. അങ്ങനെയെങ്കിൽ രണ്ട് സെക്കന്റില്‍ ഒരു ഇലക്ട്രിക് സ്കൂട്ടര്‍ എന്ന നിലയിലായിരിക്കും പ്രൊഡക്ഷന്‍ എന്നാണ് സൂചന.






