മാവേലിക്കര: ഗുരുക്കന്മാരെയും സുഹൃത്തുക്കളെയും പാര്‍ട്ടി നേതാക്കളെയും കണ്ട് പ്രചാരണത്തിന് തുടക്കംകുറിച്ച് എം.എസ്. അരുണ്‍കുമാര്‍. സി.പി.എം സ്ഥാനാര്‍ഥികളെ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കാനിരിക്കെ സ്ഥാനാര്‍ഥിത്വം ഉറപ്പായതിനെത്തുടര്‍ന്നാണ് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായ സി.പി.എമ്മിലെ എം.എസ്. അരുണ്‍കുമാര്‍ പ്രചാരണം ആരംഭിച്ചത്. തന്റെ അധ്യാപകരെയും സുഹൃത്തുക്കളെയും നേരില്‍ കണ്ടും ഫോണിലൂടെയും അനുഗ്രഹംതേടിയ അരുണ്‍ ഇന്നലെ വള്ളികുന്നം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ വോട്ടഭ്യര്‍ഥിച്ചും അനുഗ്രഹം തേടിയുമെത്തി.
യുവനേതാവായ അരുണിന്റെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പായതോടെ പ്രവര്‍ത്തകരും ആവേശത്തിലാണ്. ഇല്ലായ്മകളോടും പ്രതിസന്ധികളോടും പടവെട്ടി വളര്‍ന്നുവന്ന യുവാവായതു കൊണ്ടുതന്നെ സാമൂഹിക മാധ്യമങ്ങള്‍ ഉള്‍പ്പെടെ അരുണ്‍കുമാറിനെ ഏറ്റെടുത്തിട്ടുണ്ട്. തഴക്കര ഗ്രാമപഞ്ചായത്തിലെ കല്ലിമേല്‍ മണ്ണത്തുമ്പാട്ട് പരേതനായ സുന്ദരദാസ് - വിലാസിനി ദമ്പതികളുടെ മകനാണ്. അരുണ്‍ എട്ടാം ക്ലാസില്‍ പഠിക്കുമ്പോളാണ് അച്ഛന്റെ മരണം.
രണ്ടു മക്കളെ വളര്‍ത്താനായി അമ്മ വിലാസിനി ഏറെ പ്രയാസപ്പെട്ടു. അമ്മയുടെ പ്രയാസങ്ങളും കുടുംബപ്രാരാബ്ധങ്ങളും വിവിധ ജോലികള്‍ ചെയ്ത് അമ്മയ്ക്കും സഹോദരിക്കും തണലാകാന്‍ അരുണിനെ പ്രേരിപ്പിച്ചു. കൂലിപ്പണിയ്ക്കും മത്സ്യ ബന്ധനത്തിനുമെല്ലാം പോയി അരുണ്‍ തന്നാലാവുന്ന തരത്തില്‍ കുടുംബത്തിനു താങ്ങായി. എങ്കിലും പഠിക്കണമെന്ന മോഹം അരുണിനെ മാവേലിക്കര ബിഷപ് മൂര്‍ കോളജിലെ ഇംഗ്ലീഷ് സാഹിത്യ ക്ലാസില്‍ എത്തിച്ചു. ബിഷപ് മൂര്‍ കോളജിലെ ജീവിതം അരുണിലെ വിദ്യാര്‍ഥി നേതാവിനെയും പരുവപ്പെടുത്തി.
എസ്.എഫ്.ഐയുടെ പ്രിയ സഖാവായി, കാമ്പസിനു പ്രിയപ്പെട്ടവനായി അരുണ്‍ മാറി. കോളജിലെ ആര്‍ട്ട്സ് ക്ലബ് സെക്രട്ടറി, കോളജ് യൂണിയന് ചെയര്മാന്, എന്നീ നിലകളിലേക്കു വളര്‍ന്നു. എസ്.എഫ്.ഐ യുടെ ജില്ലാ നേതൃത്വത്തിലും എത്തി. അധ്യാപകര്‍ക്കും പ്രിയപ്പെട്ട വിദ്യാര്‍ഥിയായി. കല്ലിമേലിലെ വീട്ടില്‍ നിന്നും കോളജ് പ്രിന്‍സിപ്പലായ ഡോ.മാത്യു കോശി പുന്നയ്ക്കാടിന്റെ വാഹനം കൈ കാണിച്ച് നിര്‍ത്തി അതില്‍ കോളജിലേക്കു പോകുമായിരുന്ന അരുണിനെ പ്രിന്‍സിപ്പല്‍ ഓര്‍ത്തെടുക്കുന്നുണ്ട്. കോളജിന്റെ പടിയിറങ്ങി 10 വര്‍ഷത്തിനു ശേഷവും തന്റെ ഫോണ്‍നമ്പര്‍ കളയാതെ കഴിഞ്ഞ ദിവസം അനുഗ്രഹം തേടി വിളിച്ച പ്രിയപ്പെട്ട വിദ്യാര്‍ഥി മാവേലിക്കരയുടെ അഭിമാനമായി മാറട്ടെ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രാര്‍ഥന.നിലവില്‍ ഡി.വൈ.എഫ്.ഐ യുടെ ജില്ലാ ട്രഷററും സംസ്ഥാന കമ്മിറ്റിയംഗവും സി.പി.എം ഏരിയാ കമ്മിറ്റിയംഗവുമാണ് അരുണ്‍കുമാര്‍ സ്നേഹയാ ണ് ഭാര്യ. മകള്‍ അലൈഗ(പിങ്കി ).






