
മന്ത്രി ഇ. ചന്ദ്രശേഖരന് അങ്കം കുറിക്കുന്ന മണ്ഡലമായതിനാല്‍ കാഞ്ഞങ്ങാടിന് പ്രാധാന്യമേറെയാണ്. ഇടതുമുന്നണിയുടെ കോട്ടയെന്നു വേണം കാഞ്ഞങ്ങാടിനെ വിശേഷിപ്പിക്കാന്‍. മണ്ഡലരൂപീകരണം മുതല്‍ ഇങ്ങോട്ട് ആകെ ഒരു തവണയാണു വലതിനൊപ്പം കാഞ്ഞങ്ങാട് നിന്നത്.
നിയമസഭാ, തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിലും ഇടതുമുന്നണി വിജയക്കൊടി പാറിച്ച ഇടമാണ്. ഇത്തവണയും വിജയസാധ്യത ഇടതുമുന്നണിയ്ക്കാണ് കല്‍പ്പിക്കുന്നത്. സി.പി.ഐയിലെ ഇ. ചന്ദ്രശേഖരനാണ് 2011 മുതല്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.
2016 ലും 2011 ലും ഇടതുതരംഗം തന്നെയാണ് കാഞ്ഞങ്ങാട് അരങ്ങേറിയത്. 2016 ല്‍ ലഭിച്ച ഭൂരിപക്ഷത്തിന്റെ ഇരട്ടിയിലധികം വോട്ട് പോക്കറ്റിലാക്കാനാണു ചന്ദ്രശേഖരന്റെ ശ്രമമെങ്കിലും അടുത്തിടെ ചില അടിയൊഴുക്കുകള്‍ രൂപപ്പെട്ടതു ഗൗരവത്തോടുകൂടിയാണ് മണ്ഡലത്തിലെ ഇടതുനേതാക്കള്‍ കാണുന്നത്. തിരഞ്ഞെടുപ്പ് അടുക്കുന്തോറും യു.ഡി.എഫ്. സ്ഥാനാര്‍ഥി കോണ്‍ഗ്രസിലെ പി.വി. സുരേഷ് കൂടുതല്‍ ശക്തി പ്രകടിപ്പിക്കുന്നുണ്ട്. കോണ്‍ഗ്രസില്‍ യുവത്വത്തിന്റെ പ്രതീകം കൂടിയാണ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറിയും നിയമ ബിരുദ വിദ്യാര്‍ഥിയുമായ സുരേഷ്.
എന്‍.ഡി.എയില്‍ കഴിഞ്ഞ തവണ ബി.ഡി.ജെ.എസിന് കൈമാറിയ സീറ്റ് ഇത്തവണ ബി.ജെ.പി തന്നെ ഏറ്റെടുത്തു. ബി.ജെ.പി. ജില്ലാ വൈസ് പ്രസിഡന്റ് എം. ബല്‍രാജാണ് മത്സരിക്കുന്നത്. നഗരത്തിലെ അറിയപ്പെടുന്ന വ്യവസായി കൂടിയാണ് ബല്‍രാജ്.
കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് നഗരസഭയും അജാനൂര്‍, ബളാല്‍, കള്ളാര്‍, കിനാനൂര്‍- കരിന്തളം, കോടോം- ബേളൂര്‍, മടിക്കൈ, പനത്തടി എന്നീ ഗ്രാമപഞ്ചായത്തുകളും ഉള്‍പ്പെടുന്ന നിയമസഭാമണ്ഡലമാണു കാഞ്ഞങ്ങാട്. 2008ലെ നിയമസഭാ പുനര്‍നിര്‍ണയത്തോടെയാണ് ഈ നിയമസഭാമണ്ഡലം ഹോസ്ദുര്‍ഗ് എന്ന പേര് മാറി കാഞ്ഞങ്ങാട് ആയത്. കാസര്‍ഗോഡ് ലോക്സഭാ നിയോജകമണ്ഡലത്തിന്റെ ഭാഗം. 2011 ല്‍ 12,178 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച ചന്ദ്രശേഖരന് കഴിഞ്ഞ തവണ 26,011 വോട്ടിന്റെ ഭൂരിപക്ഷം നേടി. എന്നാല്‍ മൂന്നാം തവണ മത്സരത്തിന് ചന്ദ്രശേഖരന് അവസരം നല്‍കിയതിനെതിരേ സി.പി.ഐ. ജില്ലാ കമ്മിറ്റിയില്‍ എതിര്‍പ്പുയര്‍ന്നിരുന്നു.
ചില പ്രാദേശിക ഘടകങ്ങളിലെ നേതാക്കള്‍ സ്ഥാനങ്ങള്‍ രാജിവെച്ച് പ്രതിഷേധിക്കുകയും ചെയ്തത് വോട്ടിനെ സ്വാധീനിക്കുമോയെന്നുള്ള പേടിയും ഇടതുപക്ഷത്തിനുണ്ട്. ഒരാള്‍ രണ്ടുതവണ മത്സരിച്ചാല്‍ മതിയെന്ന ആശയം ചന്ദ്രശേഖരനാണ് സംസ്ഥാന കമ്മിറ്റിയില്‍ ഉന്നയിച്ചത്. മന്ത്രി എന്ന നിലയില്‍ ചന്ദ്രശേഖരന് മണ്ഡലത്തിന് വേണ്ടി കാര്യമായി ഒന്നും ചെയ്തിട്ടില്ലെന്ന് ആരോപണം നിലവിലുണ്ട്. മലയോര മേഖലകളിലെ കോണ്‍ഗ്രസിന്റെ ഒരുമയും സ്ഥാനാര്‍ഥിയുടെ ജനകീയതയും മുന്‍നിര്‍ത്തി അട്ടിമറിനടത്താമെന്നാണു യു.ഡി.എഫിന്റെ പ്രതീക്ഷ.
ബാലഗോപാലന് പെരളത്ത്






