
സ്വീഡിഷ് കാർ നിർമ്മാതാക്കളായ വോൾവോ തങ്ങളുടെ ആദ്യ ഇലക്ട്രിക്ക് വാഹനമായി XC40 റീചാർജ് എസ്യുവിയെ ഇന്ത്യയിൽ അവതരിപ്പിച്ചു. XC40 റീചാർജിന്റെ വില വോൾവോ പിന്നീട് പ്രഖ്യാപിക്കും. XC40 റീചാർജിനായുള്ള ബുക്കിങ് ഈ വർഷം ജൂണിൽ ആണ് വോൾവോ ആരംഭിക്കുക എന്നാണ് റിപ്പോർട്ട്. ഒക്ടോബർ മുതൽ ഘട്ടം ഘട്ടമായാണ് ഡെലിവറി നടത്തുക എന്നാണ് സൂചന.
2025ഓടെ ഇലക്ട്രിക്ക് വാഹങ്ങളുടെ വിൽപ്പനയിലൂടെ ഇന്ത്യയിൽ നിന്നുള്ള 80 ശതമാനം വരുമാനവും നേടുക എന്ന വോൾവോയുടെ ദൗത്യത്തിന്റെ ആദ്യ പടിയാണ് XC40 റീചാർജിന്റെ വരവ്. മണിക്കൂറിൽ 100 കിലോമീറ്റർ വേഗത എത്തിപ്പിടിക്കാൻ വെറും 4.9 സെക്കന്റ് മതി. വോൾവോ XC40 റീചാർജിന്റെ ടോപ് സ്പീഡ് മണിക്കൂറിൽ 180 കിലോമീറ്റർ ആണ്. മുൻപിലെയും പുറകിലെയും ആക്സിലുകളിലായി ക്രമീകരിച്ചിരിക്കുന്ന രണ്ട് ഇലക്ട്രിക്ക് മോട്ടോറുകൾക്ക് പവർ എത്തിക്കുന്നത് ഫ്ലോർ പാനിൽ ഒരുക്കിയിരിക്കുന്ന 78kWh ലിഥിയം-അയൺ ബാറ്റെറിയാണ്. ഇത് XC40 റീചാർജ് ഒരു മുഴുവൻ സമയ ഫോർ വീൽ ഡ്രൈവ് വാഹനമാണ് എന്നത് വ്യക്തമാക്കുന്നു.ഇരു ഇലക്ട്രിക്ക് മോട്ടോറുകളുടെയും കൂട്ടായ ഔട്പുട്ട് 408 എച്ച്പി പവറും, 660 എൻഎം ടോർക്കുമാണ്.
വോൾവോ XC40 റീചാർജിന്റെ ബാറ്ററി എസി ചാർജർ വഴിയോ ഡിസി ഫാസ്റ്റ്-ചാർജർ വഴിയോ ചാർജ് ചെയ്യാം. 418 കിലോമീറ്റർ ആണ് ഒരു ഫുൾ ചാർജിൽ XC40 റീചാർജിന് സഞ്ചരിക്കാൻ സാധിക്കുന്ന പരമാവധി ദൂരം. ഡിസി ഫാസ്റ്റ്-ചാർജർ ഉപയോഗിച്ച് ചാർജ് ചെയ്യുമ്പോൾ 80 ശതമാനം ബാറ്ററി ചാർജ് ആവാൻ വെറും 40 മിനിറ്റ് മതിയെന്നാണ് റിപ്പോർട്ട്. വോൾവോ XC40 റീചാർജ് ബെൽജിയത്തിലെ ഘെന്റ് പ്ലാന്റിൽ ആണ് നിർമിക്കുന്നത്. ശേഷം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നു. പ്രീമിയം ഇലക്ട്രിക്ക് വാഹന വിപണിയിൽ മെഴ്സിഡസ്-ബെൻസ് EQC, ഈ മാസം 23-ന് വില്പനക്കെത്തുന്ന ജാഗ്വർ ഐ-പെയ്സ് എന്നിവയാണ് വോൾവോ XC40 റീചാർജിന്റെ എതിരാളികൾ.






