ലെനോവോയുടെ ഉടമസ്ഥതയിലുള്ള സ്മാർട്ട്ഫോൺ ബ്രാൻഡ് മോട്ടോറോള മോട്ടോ G30, മോട്ടോ G10 പവർ എന്നീ സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. യൂറോപ്യൻ വിപണിയിൽ കഴിഞ്ഞ മാസം മോട്ടോറോള അവതരിപ്പിച്ച മോട്ടോ G30 തന്നെയാണ് ഇന്ത്യൻ വിപണിയിലും എത്തിയിരിക്കുന്നത്. മോട്ടോ G10 പവറിന്റെ ബാറ്ററി ഒഴികെ ബാക്കി എല്ലാ ഫീച്ചറുകളും യൂറോപ്യൻ വിപണിയിൽ അവതരിപ്പിച്ച മോട്ടോ G10 സ്മാർട്ട്ഫോണിന്റെതിന് സമാനമാണെന്നാണ് സൂചന.
ഡാർക്ക് പേൾ, പാസ്റ്റിൽ സ്കൈ നിറങ്ങളിൽ മോട്ടോ G30 ലഭ്യമാണ്. 4 ജിബി റാം + 64 ജിബി സ്റ്റോറേജുമായെത്തിയിരിക്കുന്ന മോട്ടോ G30യ്ക്ക് 10,999 രൂപയാണ് വില. മോട്ടോ G30-യുടെ വില്പന ഈ മാസം 17-ന് ഉച്ചയ്ക്ക് 12 മണി മുതൽ ഫ്ലിപ്കാർട്ടിലൂടെ ആരംഭിക്കും. 4 ജിബി റാം + 64 ജിബി സ്റ്റോറേജ് സ്പെസിഫിക്കേഷനിൽ തന്നെ എത്തുന്ന മോട്ടോ G10 പവറിന് 9,999 രൂപയാണ് വില. മോട്ടോ G10 പവറിന്റെ വില്പന ഈ മാസം 16-ന് ആരംഭിക്കും. ഒറോറ ഗ്രേ, ബ്രീസ് ബ്ലൂ നിറങ്ങളിൽ ലഭ്യമാണ്.
മോട്ടോ G30-യ്ക്ക് 90Hz റിഫ്രഷ് റേറ്റും 20:9 ആസ്പെക്ട് റേഷ്യോയുമുള്ള 6.5 ഇഞ്ച് എച്ച്ഡി + (720x1,600 പിക്സൽ) മാക്സ് വിഷൻ ടിഎഫ്ട ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്. ക്വാൽകോം സ്നാപ്ഡ്രാഗൺ 662 SoC ആണ് പ്രോസസ്സർ. 20W ചാർജിങ് സപ്പോർട്ട് ചെയ്യുന്ന 5,000 എംഎഎച്ച് ബാറ്ററി ഫോണിന് ലഭിക്കുന്നു. ഒരിക്കൽ ചാർജ് ചെയ്താൽ രണ്ട് ദിവസം വരെ മോട്ടോ G30 ഉപയോഗിക്കാൻ സാധിക്കും എന്നാണ് മോട്ടോറോളയുടെ അവകാശവാദം. 64 മെഗാപിക്സൽ പ്രൈമറി സെൻസർ, 8 മെഗാപിക്സൽ അൾട്രാ-വൈഡ് ആംഗിൾ സെൻസർ, മാക്രോ ഷോട്ടുകൾക്കും ഡെപ്ത് സെൻസിംഗിനുമായി രണ്ട് 2 മെഗാപിക്സൽ സെൻസറുകൾ എന്നിവ ഉൾപ്പെടുന്ന ക്വാഡ് റിയർ ക്യാമറ സംവിധാനം ആണ് മോട്ടോ G30-യ്ക്ക്. 13 മെഗാപിക്സൽ സെൽഫി ക്യാമറയും ഇതിലുണ്ട്.
മോട്ടോ G10 പവറിന് 60Hz റിഫ്രഷ് റേറ്റും 20:9 ആസ്പെക്ട് റേഷ്യോയുമുള്ള 6.5 ഇഞ്ച് എച്ച്ഡി+ (720x1,600 പിക്സൽ) മാക്സ് വിഷൻ ഡിസ്പ്ലേയാണ്. സ്റ്റോക്ക് ആൻഡ്രോയിഡ് 11ൽ ആണ് ഇത് പ്രവർത്തിക്കുന്നത്. 10W ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്ന 6,000 എംഎഎച്ച് ബാറ്ററിയാണ് മോട്ടോ G10 പവറിൽ. 4 ജിബി റാമുമായി ചേർന്ന് പ്രവർത്തിക്കുന്ന ഒക്ടാകോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 460 SoC പ്രോസസറാണ്. 48 മെഗാപിക്സൽ പ്രൈമറി സെൻസർ ഉൾപ്പെടുന്ന ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് മോട്ടോ G10 പവറിൽ. മുൻവശത്ത് 8 മെഗാപിക്സൽ സെൽഫി ക്യാമറ സെൻസറും നൽകിയിരിക്കുന്നു.






