
കാഞ്ഞങ്ങാട് : തെരഞ്ഞെടുപ്പ് തൊട്ടടുത്ത് നില്‍ക്കേ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന് മൂന്നാം തവണയും കാഞ്ഞങ്ങാട് മത്സരിക്കാന്‍ അവസരം നല്‍കിയതിനെ തുടര്‍ന്ന് സിപിഐയില്‍ പൊട്ടിത്തെറി. സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം ബങ്കളം കുഞ്ഞികൃഷ്ണന് അടക്കമുള്ളവര്‍ പരസ്യമായി അതൃപ്തി രേഖപ്പെടുത്തി. 10 ബ്രാഞ്ച് കമ്മിറ്റികളും രണ്ട് ലോക്കല്‍ കമ്മിറ്റികളും എതിര്‍പ്പ് പ്രകടിപ്പിച്ച് രംഗത്ത വന്നിട്ടുണ്ട്.
സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം ബങ്കളം കുഞ്ഞികൃഷ്ണന് എല്‍.ഡി.എഫ് കാഞ്ഞങ്ങാട് മണ്ഡലം കണ്‍വീനര്‍ സ്ഥാനം രാജിവച്ചു. എല്‍. ഡി.എഫ് കാഞ്ഞങ്ങാട് മണ്ഡലം കണ്വന്ഷന് 10 ബ്രാഞ്ച് സെക്രട്ടറിമാര്‍ ബഹിഷ്കരിച്ചു. മടിക്കൈ, അമ്പലത്തുകര ലോക്കല്‍ കമ്മിറ്റികള്‍ക്ക് കീഴിലെ ബ്രാഞ്ച് സെക്രട്ടറിമാര്‍ രാജി ഭീഷണി ഉയര്‍ത്തിയതായാണ് സൂചന. സ്ഥാനാര്‍ഥി നിര്‍ണയ ഘട്ടത്തില്‍ ബങ്കളം കുഞ്ഞികൃഷ്ണന്റെ പേരാണ് പരിഗണനയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ അവസാന നിമിഷം റവന്യൂ മന്ത്രിക്ക് വീണ്ടും അവസരം നല്‍കുകയായിരുന്നു.
തുടര്‍ഭരണം കിട്ടുമെന്ന സാധ്യതകള്‍ മുന്നില്‍ കണ്ടാണ് ചന്ദ്രശേഖരന് വീണ്ടും രംഗത്തിറങ്ങിയിരിക്കുന്നത് എന്നാണ് ആക്ഷേപം. അതേസമയം സമാന അവസ്ഥയാണ് ഉദുമ നിയോജക മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ സംബന്ധിച്ചുള്ള പ്രഖ്യാപനത്തിനും. സ്ഥാനാര്‍ത്ഥിയായി ബാലകൃഷ്ണന് പേരിയയുടെ പേര് ഉയര്‍ന്നു വന്നതാണ് ഇവിടെ പ്രശ്നമായിരിക്കുന്നത്. ഹക്കിം കുന്നില്‍, കെ നീലകണ്ഠന്, ബാലകൃഷ്ണന് പേരിയ എന്നിവരെയാണ് ഉദുമയില്‍ പരിഗണിച്ചിരുന്നത്. ജില്ലാ കോണ്‍ഗ്രസ്സ് കമ്മറ്റിയിലും തര്‍ക്കം രൂക്ഷമാണ്.
ബാലകൃഷ്ണന് പേരിയ ഉറപ്പായതോടെ ഹക്കിം കുന്നിലിനെയും കെ നീലകണ്ഠനും പിന്തുണയ്ക്കുന്നവര്‍ രാജിക്കൊരുങ്ങിയതായാണ് വിവരം. ഇന്ന് നടക്കുന്ന സ്ഥാനാര്‍ഥി പ്രഖ്യാപനം കഴിഞ്ഞ ഉടന്‍ വാര്‍ത്താസമ്മേളനം വിളിക്കാനാണ് ഇവരുടെ തീരുമാനം.






