തിരുവനന്തപുരം : സംസ്ഥാന നിയമസഭയിലേയ്ക്ക് ആദ്യമായി താമര വിരിയിച്ച തിരുവനന്തപുരത്തെ നേമം മണ്ഡലത്തില്‍ ബി.ജെ.പി. ഇക്കുറി നേരിടുന്നത് കടുത്ത മത്സരം. കേരള ഗുജറാത്ത് എന്നൊക്കെ വിശേഷിപ്പിക്കാമെങ്കിലും നേമം ഇപ്പോള്‍ പഴയ നേമമല്ലെന്ന് അവര്‍ നന്നായി തിരിച്ചറിയുന്നുണ്ട്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയിലെ ഒ.രാജഗോപാലിന് 8671 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു നേമത്ത്. പക്ഷേ ഇക്കുറി തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ലീഡ് 2204 വോട്ടായി കുറഞ്ഞത് അവര്‍ക്ക് അത്ര ശുഭസൂചകമല്ല. ഇത് മറ്റു രണ്ടു മുന്നണികള്‍ക്കും പ്രതീക്ഷയ്ക്ക് വക നല്കുന്നുണ്ടതാനും. അതുകൊണ്ടു തന്നെ ദേശീയ ശ്രദ്ധ നേടുന്ന മണ്ഡലമാകുന്നു നേമം.
തദ്ദേശ തെരഞ്ഞെടുപ്പിലെ കണക്കിലെ കളി ബി.ജെ.പി. അങ്ങനെ സമ്മതിച്ചു കൊടുക്കില്ല. 2015-ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ നേമം മണ്ഡലത്തിലെ 22 കോര്പറേഷന് വാര്‍ഡില്‍ 10 എണ്ണത്തിലാണ് ബി.ജെ.പി. വിജയിച്ചത്. എന്നാല്‍, ഇത്തവണ അത് 14 ആയി ഉയര്‍ന്നിട്ടുണ്ട്. മുന്നണികള്‍ക്കു ലഭിച്ച വോട്ട് ഇങ്ങനെ:
എല്‍.ഡി.എഫ്. 43,402,
യു.ഡി.എഫ്. 20,623,
എന്‍.ഡി.എ. 45,606.
എന്‍.ഡി.എയുടെ ഭൂരിപക്ഷം 2,204 ആയി കുറഞ്ഞു എന്നതിലാണ് മറ്റു രണ്ടു മുന്നണികളുടെയും കണ്ണ്. അതുകൊണ്ടു തന്നെ മുന്‍ എം.എല്‍.എ. കൂടിയായ വി. ശിവന്‍കുട്ടിയെ നേമത്ത് ഇറക്കി എന്‍.ഡി.എഫ്. ഇവിടെ കളം നിറഞ്ഞിട്ടുണ്ട്. എന്നാല്‍, നേമത്തെ വര്‍ധിക്കുന്ന സംഘടനാ ശക്തി തങ്ങള്‍ക്ക് വോട്ടാകുമെന്നു തന്നെയാണ് ബി.ജെ.പിയുടെ കണക്കുകൂട്ടല്‍. അതുകൊണ്ടു തന്നെയാണ് മത്സരിക്കാനില്ലെന്ന് നേരത്തെ അറിയിച്ച ഒ. രാജഗോപാലിനു പകരക്കാനായി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ ഇറക്കി ബി.ജെ.പി. പ്രചാരണം നേരത്തെ തുടങ്ങിയത്.
കോണ്‍ഗ്രസ് ആകട്ടെ നേമത്തിനു നല്കുന്ന പ്രാധാന്യം ഏറെയാണ്. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അവരുടെ ചുവടു വയ്പുകളില്‍ നിന്ന് ഇതു വ്യക്തം. ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും പേരുവരെ ചര്‍ച്ച ചെയ്ത ഇവിടെ ഒടുവില്‍ മത്സരിക്കാനെത്തുന്നത് കെ. മുരളീധരന് എം.പിയാണ്.
1982 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്റെ സ്ഥിരം മണ്ഡലമായ മാളയ്ക്കു പുറമേ കെ. കരുണാകരന് മത്സരിച്ചു വിജയിച്ച മണ്ഡലമാണ് നേമം. അതുകൊണ്ടു തന്നെയാണ് അച്ഛനു പിന്നാലെ നേമത്ത് മുരളിയെ കൊണ്ടു വന്ന് നേമം തിരിച്ചു പിടിക്കാന്‍ കോണ്‍ഗ്രസ് തയാറെടുക്കുന്നത്. അച്ഛനെ അനുഗ്രഹിച്ച മണ്ഡലം തന്നെ കൈവിടില്ലെന്ന വിശ്വാസമാണ് മുരളീധരനെ നേമമെന്ന വെല്ലുവിളി ഏറ്റെടുക്കാന്‍ പ്രേരിപ്പിക്കുന്നതും.
ജയത്തിനു ശേഷം കരുണാകരന് നേമത്തെ അംഗത്വം രാജിവച്ചിരുന്നു. കരുണാകരന്റെ ജയത്തിനു ശേഷം നേമത്ത് കോണ്‍ഗ്രസിനും യു.ഡി.എഫിനും കാലിടറുന്നതാണ് കണ്ടത്. 1983 മുതല്‍ 2001 വരെ സി.പി.എമ്മിനായിരുന്നു ഇവിടെ തുടര്‍ച്ചയായ വിജയം. എന്നാല്‍, ഇരു മുന്നണികള്‍ക്കും സ്വാധീനമുണ്ടായിരുന്ന മണ്ഡലത്തിലാണ് എല്ലാവരെയും ഞെട്ടിച്ച് കഴിഞ്ഞ തവണ ഒ. രാജഗോപാല്‍ താമര വിരിയിച്ചത്.
മണ്ഡല പുനര്‍നിര്‍ണയത്തില്‍ പഴയ നേമം മണ്ഡലത്തിലെ അഞ്ച് പഞ്ചായത്തുകള്‍ കാട്ടാക്കടയിലേക്കുപോയതാണ് ഇടതു വലതു മുന്നണികള്‍ക്ക് സ്വാധീനം കുറയാന്‍ ഇടയാക്കിയത്. തിരുവനന്തപുരം കോര്പറേഷന് വാര്‍ഡുകള്‍ നേമം മണ്ഡലത്തിലേക്കെത്തി. 2006-ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി വിജയിച്ച എന്‍. ശക്തനു ലഭിച്ചത് 60,886 വോട്ട്. സി.പി.എം. സ്ഥാനാര്‍ഥി വെങ്ങാനൂര്‍ ഭാസ്കരന് 50,135 വോട്ടും ബി.ജെ.പി. സ്ഥാനാര്‍ഥി മലയിന്‍കീഴ് രാധാകൃഷ്ണന് 6705 വോട്ടും ലഭിച്ചു. 2011-ല്‍ എന്‍. ശക്തന് കാട്ടാക്കടയിലേക്കു മാറിയപ്പോള്‍ പകരം സ്ഥാനാര്‍ഥിയായത് എസ്.ജെ.ഡിയിലെ ചാരുപാറ രവി വന്നപ്പോള്‍ ലഭിച്ചത് 20,248 വോട്ട്.
വിജയിച്ച വി.ശിവന്‍കുട്ടിക്ക് 50,076 വോട്ടും ബി.ജെ.പി. സ്ഥാനാര്‍ഥി ഒ.രാജഗോപാലിന് 43,661 വോട്ടും ലഭിച്ചു. എന്നാല്‍, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായത് ജെ.ഡി.യുവിലെ വി. സുരേന്ദ്രന്‍പിള്ളയാണ് പക്ഷേ ലഭിച്ചത് 13,869 വോട്ട് മാത്രം. ഒ.രാജഗോപാലിന് 67,813 വോട്ടും വി.ശിവന്‍കുട്ടിക്ക് 59,142 വോട്ടും ലഭിച്ചു. 2006 ല്‍ അറുപതിനായിരത്തിലധികം വോട്ടു നേടിയ യു.ഡി.എഫ്. എത്തിനിന്നത് വെറും പതിമൂവായിരം വോട്ടില്‍. ഇവിടെ നിന്നാണ് ബി.ജെ.പി നേമത്ത് പിടിച്ചു കയറുന്നത്.
കുമ്മനം രാജശേഖരന്റെ വ്യക്തിപ്രഭാവം മാത്രം മതി ഇവിടെ വിജയിക്കാന്‍ എന്ന് ബി.ജെ.പി. കരുതുന്നു. അതു തെറ്റെന്നു തെളിയിക്കുമെന്ന് രണ്ടു മുന്നണികളും. ബി.ജെ.പിയുടെ സിറ്റിങ് സീറ്റിലെ മത്സരമെന്ന നിലയില്‍ മൂന്നു മുന്നണികള്‍ക്കും ഒരുപോലെ നിര്‍ണായകമാവുകയാണ് നേമം.
ജി.അരുണ്‍