
കോട്ടയം: സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് ലതികാ സുഭാഷ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് നിലപാട് എടുത്തതോടെ ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തില്‍ അപ്രതീക്ഷിത ത്രികോണ മത്സരത്തിന് കളമൊരുങ്ങുന്നു. സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കുകയും സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുകയും ചെയ്തേക്കും എന്നാണ് സൂചനകള്‍. ലതികാസുഭാഷ് വിമതയായി രംഗത്ത് വരുന്നത് ഇടതുപക്ഷത്തിനും ആശങ്കയ്ക്ക് കാര്യമായി മാറിയിട്ടുണ്ട്.
മണ്ഡലത്തില്‍ ലതികയ്ക്കുള്ള സ്വാധീനമാണ് ഒരു കാര്യം. മറ്റൊന്ന് സ്ഥാനാര്‍ത്ഥി പട്ടികയില്‍ പേര് ഉള്‍പ്പെടുത്താത്തതിന്റെ പേരില്‍ അവര്‍ ഉയര്‍ത്തിവിട്ട പ്രതിഷേധം തെരഞ്ഞെടുപ്പില്‍ ലിംഗ സമത്വം സംബന്ധിച്ച അപ്രതീക്ഷിത ചര്‍ച്ചാവിഷയം ഉണ്ടാക്കിയെടുത്തു എന്നതാണ്. ലതിക സീറ്റ് ലഭിക്കാതെ വന്നതും അവര്‍ തല മുണ്ഠനം ചെയ്തു പ്രതിഷേധിച്ചതും വിവിധ മേഖലകളില്‍ സ്ത്രീകള്‍ നേരിടുന്ന അവഗണനയുടെ പ്രതീകമായി അപ്രതീക്ഷിത ചര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ട്. ലതിക സുഭാഷ് നേരിട്ട അവഗണന രാഷ്ട്രീയത്തിലുപരിയുള്ള ചര്‍ച്ചയായി.
വിവിധ പാര്‍ട്ടികളിലെ വനിതാനേതാക്കള്‍ കക്ഷി രാഷ്ട്രീയ വ്യത്യാസം മറന്ന് സ്ത്രീ അവഗണന എന്ന ചര്‍ച്ചയില്‍ ഒരുമിക്കുന്നത് മണ്ഡലത്തിലെ സ്ത്രീ വോട്ടര്‍മാരില്‍ എന്ത് തരം സ്വാധീനമാണ് ചെലുത്താന്‍ പോകുന്നതെന്ന ആശങ്ക യുഡിഎഫിനെയും എല്‍ഡിഎഫിനെയും ബാധിക്കുന്നുണ്ട്. സംഭവത്തിന് പിന്നാലെ മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് ലഭിക്കുന്നതിനെക്കാള്‍ വലിയ പിന്തുണയും സ്വാധീനവുമാണ് ലതികയ്ക്ക് ഇപ്പോള്‍ ലഭിക്കുന്നത്. സ്വതന്ത്ര സ്ഥാനാര്‍ഥിയായത് യു.ഡി.എഫിന് ഇരട്ട പ്രഹരവുമായി. ലതികയുടെ വരവോടെ മണ്ഡലത്തില്‍ ത്രികോണ മത്സരത്തിന് കളമൊരുങ്ങുമോ എന്നതാണ് എല്‍ഡിഎഫിന് ആശങ്കയ്ക്ക് കാരണമായിട്ടുള്ളത്.
അതിനിടയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ ബിജെപിയും ബിഡിജെഎസും തമ്മിലുള്ള ആശയക്കുഴപ്പവുമുണ്ട്. മണ്ഠലത്തില്‍ നേരത്തേ പ്രഖ്യാപിച്ച ബി.ഡി.ജെ.എസ് സ്ഥാനാര്‍ഥി ഭരത് കൈപ്പാറേടനെ ബി.ജെ.പിയുടെ പ്രതിഷേധത്തെ തുടര്‍ന്ന് മാറ്റി. നരേന്ദ്ര മോദിക്കെതിരെ പോസ്റ്റിട്ടു എന്നാണ് ഇദ്ദേഹത്തിനെതിരേ ബിജെപി ഉയര്‍ത്തുന്ന പരാതി. നേരത്തേ തന്നെ ഏറ്റുമാനൂരിലെ ബിഡിജെഎസ് സ്ഥാനാര്‍ത്ഥിക്കെതിരേ ബിജെപിയില്‍ അസ്വാരസ്യം ഉയര്‍ന്നിരുന്നു. മുന്‍ ജില്ലാ പഞ്ചായത്ത് അംഗവും ജെ.ഡി.യു സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റുമായ ബിജു കൈപ്പാറേടന്റെ മകനും ആര്‍ക്കിടെക്ടുമായ ഭരതിനെ മണ്ഡലത്തില്‍ അത്ര പരിചയമില്ല എന്നായിരുന്നു അന്നുയര്‍ത്തിയ പ്രതിഷേധത്തിലെ വാദം.
പുതിയ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തിലും എതിര്‍പ്പുയര്‍ന്നിട്ടുണ്ട്. കെട്ടിയിറക്കിയ സ്ഥാനാര്‍ഥികളെ വേണ്ടെന്ന് നഗരത്തില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ആദര്‍ശത്തില്‍ അടിയുറച്ച് വിശ്വസിക്കുന്നവരെ വഞ്ചിക്കുന്ന നടപടി പിന്‍വലിക്കണമെന്നും പോസ്റ്ററിലുണ്ട്.






