
തിരുവനന്തപുരം: ലതികാ സുഭാഷ് സംഭവത്തോടെ വനിതാ പ്രാതിനിധ്യം വേണമെന്ന ഹൈക്കമാൻഡ് നിലപാട് അനുസരിച്ച് ഒരു വനിതയ്ക്ക് കൂടി കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം കിട്ടുന്നു. ഒഴിച്ചിട്ടിരിക്കുന്ന ആറു മണ്ഡലങ്ങളില്‍ ഒന്നില്‍ വനിതാ സ്ഥാനാര്‍ത്ഥിക്ക് അവസരം നല്‍കും. വട്ടിയൂർക്കാവ് മണ്ഡലത്തിലേക്കാണ് വനിതാ സ്ഥാനാര്‍ത്ഥിയെ പരിഗണിക്കുന്നത്.
ഇതോടെ ഇവിടെ അഖിലേന്ത്യാ മഹിളാ കോൺഗ്രസിന്റെ സംസ്ഥാന സെക്രട്ടറി വീണ നായരുടേയും രാഹുൽ ഗാന്ധിയുടെ പ്രസംഗം പരിഭാഷ ചെയ്ത് കൈയടി നേടിയ ജ്യോതി വിജയകുമാറിന്റെയും പേരുകളാണ് ഉയര്‍ന്നു വന്നിരിക്കുന്നത്. കെപിസിസി ജനറൽ സെക്രട്ടറിയും ഉദുമ മുൻ എംഎൽഎയും ആയ കെപി കുഞ്ഞിക്കണ്ണന്റെ മരുമകളാണ് വീണ നായര്‍. വിവിധ ടെലിവിഷൻ പരിപാടികളിൽ അവതാരകയായിരുന്നു.
ചെങ്ങന്നൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന വിജയകുമാറിന്റെ മകളായ ജ്യോതി വിജയകുമാർ തിരുവനന്തപുരത്ത് സിവിൽ സർവീസ് അക്കാദമിയിലെ അധ്യാപികയാണ്. കെഎസ് യുവിലൂടെ രാഷ്ട്രീയം തുടങ്ങിയ ജ്യോതി തിരുവനന്തപുരം മാർ ഇവാനിയോസ് കോലജിലെ ആദ്യ വനിതാ ചെയർപേഴ്സണായിരുന്നു. രാഹുൽ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയാണ് ശ്രദ്ധ നേടിയത്.
ഒഴിച്ചിട്ടിരിക്കുന്ന ആറു മണ്ഡലങ്ങളിൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ ഉണ്ടാകും. നേരത്തെ, കെപി അനിൽകുമാറിനെ മണ്ഡലത്തിലേക്ക് പരിഗണിച്ചിരുന്നെങ്കിലും വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. ഇതിൽ പ്രതിഷേധിച്ച് കോൺഗ്രസിൽ നിന്ന് കൂട്ടരാജിയുമുണ്ടായിരുന്നു. സ്ഥാനാർത്ഥി മണ്ഡലത്തിൽ നിന്നു തന്നെ വേണം എന്നാണ് രാജിവച്ച പ്രവർത്തകരുടെ ആവശ്യം.






