
ചാത്തന്നൂര്‍ : കേരളത്തില്‍ ഏറ്റവും കൂടുതലും നടക്കുന്ന വ്യാപാരമാണ് കോഴി കച്ചവടം. അന്യസംസ്ഥാനങ്ങളില്‍ നിന്ന് ലാഭ വിലയ്ക്ക് ഇവിടെ എത്തിയ്ക്കുന്ന കോഴിക്കുഞ്ഞുങ്ങളില്‍ വന്‍ തട്ടിപ്പാണ് നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഗിരിരാജന്‍ കോഴിക്കുഞ്ഞുങ്ങളെന്ന പേരിലാണ് ഇവയെ വില്‍ക്കുന്നത്. കറുപ്പും വെളുപ്പും ഇടകലര്‍ന്ന കോഴികളായിരിയ്ക്കും കൂടുതലായും ഉണ്ടാകുക.
വളരുമ്പോള്‍ ഇവ വര്‍ഷത്തില്‍ മുന്നൂറ് മുട്ടയിടുന്ന ഗിരിരാജന്‍ കോഴിയായിരിക്കുമെന്ന കച്ചവടക്കാരന്റെ ഉറപ്പിലാണ് പലരും കോഴിക്കുഞ്ഞുങ്ങളെ വാങ്ങുന്നത്. അഞ്ചെണ്ണം നൂറു രൂപ. രണ്ട് സെറ്റ് വാങ്ങിയാല്‍ രണ്ട് കോഴിക്കുഞ്ഞ് ഫ്രീ, എന്നും പറയുമ്പോള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ഇവ വിറ്റു തീരും. എന്നാല്‍ കോഴിക്കുഞ്ഞുങ്ങളെ വാങ്ങി വീട്ടിലെത്തിയ്ക്കുന്നവര്ക്കാണ് അമളി പറ്റുന്നത്. ദിവസങ്ങള്‍ക്കുള്ളില്‍ കറുത്ത കോഴികളെല്ലാം വെള്ളയാകും. മൂന്നു മാസം കഴിയുന്നതോടെ ഇവയെല്ലാം പൂവന്‍കോഴികളാണെന്ന് മനസിലാകും. പക്ഷേ അപ്പോഴേക്കും കോഴിയെ വിറ്റവര്‍ കേരളം തന്നെ വിടും.
തമിഴ്നാട്ടിലെ നാമക്കലില്‍ മുട്ടക്കോഴി ഫാമുകളില്‍ നിന്നും ഇറച്ചിക്കോഴി ഫാമുകളില്‍ നിന്നുമാണ് കോഴിക്കുഞ്ഞുങ്ങളെ എത്തിക്കുന്നത്. മുട്ടവിരിഞ്ഞ് ഒന്നാം ദിവസം തന്നെ പൂവനെയും പിടയെയും വേര്‍തിരിക്കും.
പിടക്കോഴിക്കുഞ്ഞുങ്ങളെയും മുട്ടക്കോഴികളില്‍ ഇണ ചേര്‍ക്കുന്നതിന് മികച്ച പൂവന്കുഞ്ഞുങ്ങളെയും തരംതിരിക്കും. ബാക്കിയുള്ളവയെ കൊന്നു കളയാന്‍ ഏജന്‍സിയെ ഏല്‍പ്പിച്ച് പണം നല്‍കും. മഞ്ഞ നിറത്തിലുള്ള ഈ പൂവന് കുഞ്ഞുങ്ങളെ കേരളത്തിലെത്തിച്ച് ഹെയര്‍ ഡൈ ഉപയോഗിച്ച് കറുപ്പിച്ച് ഗിരിരാജന്‍ കോഴിയെന്ന പേരിലാണ് വ്യാപകമായി വില്‍ക്കുന്നത്.






