ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ റിയൽമി തങ്ങളുടെ പുത്തൻ മിഡ്-റേഞ്ച് സ്മാർട്ട്ഫോൺ ശ്രേണി റിയൽമി 8 ഇന്ത്യയിലേക്ക്. ഈ മാസം 24-ന് ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്. റിയൽമി 8 ശ്രേണിയുടെ ബുക്കിങ് ലോഞ്ചിന് മുൻപായി കമ്പനി ആരംഭിച്ചു. റിയൽമി 8 എന്ന പേരിൽ അടിസ്ഥാന മോഡലും റിയൽമി 8 പ്രോ എന്ന പേരിൽ പ്രീമിയം മോഡലും ചേർന്നതാണ് പുതിയ സ്മാർട്ട്ഫോൺ ശ്രേണി. അടുത്തിടെ വിപണിയിലെത്തിയ റെഡ്മി നോട്ട് 10 ശ്രേണി ആയിരിക്കും എതിരാളി.
22-ാം തിയതി വരെ 1,080 രൂപ ടോക്കൺ തുകയായി നൽകി ബുക്ക് ചെയ്യാവുന്നതാണ്. ലോഞ്ചിന് ശേഷം 25-ന് ബാക്കി തുക കൂടെ നൽകി ഫോൺ ഓർഡറിങ് പൂർത്തിയാക്കാം. റിപ്പോർട്ട് പ്രകാരം മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് ഫോണുമായി ബന്ധപ്പെട്ട അക്സെസ്സറികൾ വാങ്ങുമ്പോൾ 500 വിലക്കുറവ് ലഭിക്കുന്ന കൂപ്പൺ ലഭിക്കും. ഇനി റിയൽമി 8 ഫോണിന്റെ യഥാർത്ഥ വില പുറത്ത് വന്നശേഷം വാങ്ങേണ്ട എന്നാണ് തീരുമാനമെങ്കിൽ ടോക്കൺ തുക മടക്കി കിട്ടുമെന്നാണ് സൂചന. റിയൽമി.കോം വെബ്സൈറ്റിൽ റിയൽമി 8 സീരീസ് ബാനർ ക്ലിക്ക് ചെയ്ത് പുത്തൻ ഫോൺ പ്രീ-ബുക്ക് ചെയ്യാം.
റിൽമി 8 ശ്രേണിയുടെ കൂടുതൽ വിവരങ്ങൾ കമ്പനിയുടെ സിഇഓ മാധവ് സേത്ത് അടുത്തിടെ പുറത്തു വിട്ടിരുന്നു. മാധവ് സേത്ത് ട്വിറ്ററിൽ റിയൽമി 8 ഫോണിന്റെ പിൻഭാഗവും റീറ്റെയ്ൽ ബോക്സും വെളിപ്പെടുത്തുന്ന ചിത്രമാണ് പോസ്റ്റ് ചെയ്തത്. 6.4-ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്പ്ലേ ആണ് റിയൽമി 8-ന് എന്നും മീഡിയടെക് ഹീലിയോ G95 SoC പ്രോസസ്സർ ആണെന്നുള്ളതും വ്യക്തം. G95 SoC പ്രോസസ്സറും ലഭിക്കുന്നു. 30W ഡാർട്ട് ചാർജ് ഫാസ്റ്റ് ചാർജിങ്ങുള്ള ബാറ്ററി ആണ് പുത്തൻ സ്മാർട്ട്ഫോണിന് എന്നും റീറ്റെയ്ൽ ബോക്സ് വ്യക്തമാക്കുന്നു.






