ഈ മാസം ഒൻപതാം തിയതിയാണ് ലെനോവോയുടെ ഉടമസ്ഥതയിലുള്ള സ്മാർട്ട്ഫോൺ ബ്രാൻഡ് മോട്ടോറോള മോട്ടോ G30, മോട്ടോ G10 പവർ എന്നീ സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചത്. ഇപ്പോൾ മോട്ടോ G10 പവറിന്റെ വില്പന ആരംഭിച്ചു. ഒറോറ ഗ്രേ, ബ്രീസ് ബ്ലൂ നിറങ്ങളിൽ പുത്തൻ സ്മാർട്ട്ഫോൺ ലഭ്യമാണ്.4 ജിബി റാം + 64 ജിബി സ്റ്റോറേജ് സ്പെസിഫിക്കേഷനിൽ ലഭ്യമായ മോട്ടോ G10 പവറിന് 9,999 രൂപയാണ് വില.
മോട്ടോ G10 പവറിന് 60Hz റിഫ്രഷ് റേറ്റും 20:9 ആസ്പെക്ട് റേഷ്യോയുമുള്ള 6.5 ഇഞ്ച് എച്ച്ഡി+ (720x1,600 പിക്സൽ) മാക്സ് വിഷൻ ഡിസ്പ്ലേയാണ്. സ്റ്റോക്ക് ആൻഡ്രോയിഡ് 11ലാണ് ഫോൺ പ്രവർത്തിക്കുന്നത്. 4 ജിബി റാമുമായി ചേർന്ന് പ്രവർത്തിക്കുന്ന ഒക്ടാകോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 460 SoC പ്രോസസറാണ്. മോട്ടോ G10 പവറിൽ 48 മെഗാപിക്സൽ പ്രൈമറി സെൻസർ ഉൾപ്പെടുന്ന ക്വാഡ് റിയർ ക്യാമറ സംവിധാനമാണ് ഉള്ളത്. 8 മെഗാപിക്സൽ അൾട്രാ-വൈഡ് ആംഗിൾ സെൻസർ, മാക്രോ ഷോട്ടുകൾക്കും ഡെപ്ത് സെൻസിംഗിനുമായി രണ്ട് 2 മെഗാപിക്സൽ സെൻസറുമാണ് മറ്റുള്ളവ. മുൻവശത്ത് 8 മെഗാപിക്സൽ സെൽഫി ക്യാമറ സെൻസറും നൽകിയിട്ടുണ്ട്.
10W ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്ന 6,000 എംഎഎച്ച് ബാറ്ററിയാണ് മോട്ടോ G10 പവറിൽ. കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 3.5 എംഎം ഹെഡ്ഫോൺ ജാക്ക്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ഉൾപ്പെടുന്നു.മൈക്രോ എസ്ഡി കാർഡ് വഴി 1 ടിബി വരെ വര്ധിപ്പിക്കാവുന്ന 64 ജിബി ഇന്റേണൽ സ്റ്റോറേജ് ആണ് മോട്ടോ ജി10 പവറിന്.






