2020 ഫെബ്രുവരിയിൽ നടന്ന ഫോക്സ്വാഗൺ ഗ്രൂപ്പ് നൈറ്റിൽ സ്കോഡ അവതരിപ്പിച്ച വിഷൻ ഇൻ (Vision IN) കോൺസെപ്റ്റ് അടിസ്ഥാനപ്പെടുത്തിയ എസ്യുവിയാണ് കുഷാഖ്. റിപ്പോർട്ട് പ്രകാരം ജൂലൈയില്‍ ഡെലിവറികള്‍ ആരംഭിക്കുന്ന മോഡലിനായുള്ള ബുക്കിംഗ് ജൂണില്‍ ആരംഭിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചതായി റിപ്പോർട്ട്.
ജനുവരിയിലാണ് സ്കോഡ പുതിയ എസ്യുവിയ്ക്ക് കുഷാഖ് എന്ന് പേര് ഉറപ്പിച്ചത്. കോസ്മിക്ക്, ക്ലിക്ക് എന്നീ പേരുകളാണ് ആദ്യം തീരുമാനിച്ചിരുന്നത്, എന്നാൽ ഇന്ത്യയ്ക്കായുള്ള എസ്യുവിയ്ക്ക് ഒരു ഇന്ത്യൻ തനിമയുള്ള പേര് നൽകണമെന്ന് സ്കോഡ തീരുമാനിച്ചു. സംസ്കൃതത്തിലെ കുഷാക് എന്ന വാക്കാണ് ഈ പേരിന് ആധാരം, അർഥം രാജാവ്, ചക്രവർത്തി എന്നൊക്കെ. കാമിക്ക്, കോഡിയാക്ക്, കാറോക്ക് എന്നിങ്ങനെ സ്കോഡയുടെ എസ്യുവി മോഡലുകളുമായി യോജിച്ചു പോകുന്ന വിധമുള്ള പേരാണ് കുഷാഖ്.
പുതിയ സ്കോഡ കുഷാഖ് ആക്റ്റീവ്, ആമ്പിഷന്‍, സ്റ്റൈല്‍ എന്നിവ ഉള്‍പ്പെടുന്ന മൂന്ന് വേരിയന്റുകളിലാണ് വാഗ്ദാനം ചെയ്യുന്നത്. പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ 1.0 ലിറ്റര്‍ TSI പെട്രോള്‍ എഞ്ചിന് 109 bhp കരുത്തും 175 Nm ടോർക്കും ഉത്പാദിപ്പിക്കും. 1.5 ലിറ്റര്‍ TSI പെട്രോള്‍ എൻജിൻ 148 bhp കരുത്തും 250 Nm ടോർക്കും ഉത്പാദിപ്പിക്കും. രണ്ട് എഞ്ചിനുകളും സ്റ്റാന്‍ഡേര്‍ഡായി ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി ചേർത്തുവെച്ചിരിക്കുന്നു. ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് യൂണിറ്റും ഒരു ഡിഎസ്ജി യൂണിറ്റും യഥാക്രമം ഒരു ഓപ്ഷനായി ലഭ്യമാണ്. റിപ്പോർട്ട് പ്രകാരം ഫോക്സ്വാഗൺ ഇന്ത്യയ്ക്കായി പ്രത്യേകം തയ്യാറാക്കിയ വിലക്കുറവുള്ള MQB A0-IN പ്ലാറ്റഫോമിൽ നിർമിക്കുന്ന ആദ്യ വാഹനമാണ് കുഷാഖ്.






