
തിരുവന്തപുരം : ഓണ്‍ലൈന്‍ ടോള്‍ പിരിവ് പ്രോത്സാഹിപ്പിക്കുന്നതിനായി വാഹനങ്ങളില്‍ ഫാസ്റ്റാഗ് നിര്‍ബന്ധമാക്കിയതോടെ വ്യാജന്മാരും രംഗത്തെത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച് മുന്നറിയിപ്പുമായി കേരളാ പോലിസ്.
നാഷണല്‍ ഹൈവേ അതോറിറ്റിയുടേത് എന്ന വ്യാജേനയാണ് ഓണ്‍ലൈന്‍ വഴി വ്യാജ ഫാസ്റ്റാഗ് വില്‍പ്പനക്കാര്‍ തട്ടിപ്പുമായി എത്തിയിട്ടുള്ളത്. ഒറിജിനലിനെ വെല്ലുന്ന വിധത്തിലാണ് ഓണ്‍ലൈനിലുള്ള വ്യാജ ഫാസ്റ്റാഗുകള്‍. ബാങ്കിലെ കസ്റ്റമര്‍ സര്‍വീസ് എക്സിക്യൂട്ടീവ് എന്ന തരത്തില്‍ ഫോണില്‍ ബന്ധപ്പെട്ടശേഷം അയച്ച് തരുന്ന ലിങ്കില്‍ ഓണ്‍ലൈന്‍ ഫോം പൂരിപ്പിച്ച് നല്കാന് ആവശ്യപ്പെട്ടാണ് കെണിയില്‍ പെടുത്തുന്നത്.
ഓണ്‍ലൈന്‍ ഫാസ്റ്റാഗ് എടുക്കുന്നവര്‍ എന്‍ എം എച്ച് ഐയുടെ https://ihmcl.co.in/ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ my fastag app ഉപയോഗിക്കുകയോ ചെയ്യണമെന്നാണ് പൊലീസിന്റെ ഫെയ്സ്ബുക്ക് കുറിപ്പില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ സംവിധാനമല്ലാതെ ഉപയോക്താക്കള്‍ക്ക് ഫാസ്റ്റാഗ് ലഭ്യമാക്കുന്ന ബാങ്കുകള്‍, ഏജന്‍സികള്‍ എന്നിവ നിലവിലുണ്ടന്നും, അവയെ ആശ്രയിക്കണമെന്നും മുന്നറിയിപ്പുണ്ട്.






