
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം സംസ്ഥാനത്തിന്റെ തന്നെ ഉടമസ്ഥതയില്‍ നിലനിര്‍ത്തമെന്നും ഓഹരികള്‍ കൈമാറി ഒറ്റയ്ക്ക് നടത്താനുള്ള നീക്കങ്ങള്‍ അവസാനിപ്പിക്കണമെന്നും സിപിഐഎം. അദാനിഗ്രൂപ്പ് അവരുടെ 49 ശതമാനം ഓഹരികള്‍ എംഎസ്സി അന്താരാഷ്ട്ര ഷിപ്പിംഗ് കമ്പനിക്ക് കൈമാറാനുള്ള നീക്കം തടയുന്നതിന് സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടു.
കരാര്‍ വ്യവസ്ഥകള്‍ പ്രകാരം സംസ്ഥാന താല്പര്യം മുന്‍നിര്‍ത്തിയുള്ള നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. ഈ ഉത്തരവാദിത്വം നിര്വ്വഹിക്കാതെയുള്ള ഉരുണ്ടുകളി സംസ്ഥാന താല്പര്യങ്ങളെ തകര്‍ക്കുന്നതാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. വിഴിഞ്ഞത്തിന്റെ ഓഹരികള്‍ കൈമാറുമെന്ന കാര്യം അദാനി ഗ്രൂപ്പ് സ്റ്റോക്ക് എക്സചേഞ്ചിനെ അറിയിച്ചിട്ടുള്ള രേഖയും പുറത്തുവന്നിട്ടുണ്ട്. തുറമുഖം ഇവരുടെ സംയുക്ത സംരംഭമായി നടത്താനുള്ള നീക്കമാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നതെന്നും പറയുന്നു.
25 ശതമാനത്തില്‍ കൂടുതല്‍ ഓഹരികള്‍ കൈമാറണമെങ്കില്‍ പോലും സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണം. എന്നാല്‍ ഈ വ്യവസ്ഥകളൊക്കെ കാറ്റില്‍ പറത്തിക്കൊണ്ടാണ് അദാനി ഗ്രൂപ്പ് ഓഹരികള്‍ കൈമാറ്റം നടത്തുന്നത് എന്നാണ് മനസ്സിലാക്കുന്നത്.
ഇത് യാഥാര്‍ത്ഥ്യമാകുന്നതോടെ തുറമുഖം പൂര്‍ണ്ണമായി എംഎസ്സിയുടെ കപ്പലുകള്‍ക്ക് മാത്രമായി നീക്കിവയ്ക്കപ്പെടുന്ന സ്ഥിതിയുണ്ടാകും. ഇതോടെ ഈ രംഗത്തെ മത്സരക്ഷമത ഇല്ലാതാകുന്ന നിലയുണ്ടാകും. മറ്റ് ഷിപ്പിംഗ് കമ്പനികള്‍ക്ക് പ്രവേശനം ലഭിച്ചില്ലെങ്കില്‍ അത് സംസ്ഥാന താല്പര്യത്തെ തന്നെ ഹനിക്കപ്പെടുന്ന സാഹചര്യമുണ്ടാകുമെന്നും സിപിഐഎം പ്രസ്താവനയില്‍ ചൂണ്ടിക്കാണിക്കുന്നു. വാര്‍ത്തകളിലൂടെ മാത്രമാണ് മുഖ്യമന്ത്രി വിവരമറിഞ്ഞതെന്നത് എത്രത്തോളം വിശ്വാസ്യയോഗ്യമാണെന്ന കാര്യവും പുറത്തുവന്നിട്ടുണ്ടെന്ന് സിപിഐഎം വ്യക്തമാക്കുന്നുണ്ട്.






