
കൊച്ചി: നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ കുരുക്കിലാക്കി സ്വര്‍ണക്കടത്തുകേസിലെ പ്രതികളായ സ്വപ്ന സുരേഷിന്റെയും പി.എസ്. സരിത്തിന്റെയും മൊഴി പുറത്ത്. വിദേശത്തു വിദ്യാഭ്യാസസ്ഥാപനം തുടങ്ങാന്‍ സ്പീക്കര്‍ പദ്ധതിയിട്ടെന്നും ഇതിനായി സൗജന്യഭൂമി ലഭിക്കാന്‍ ഷാര്‍ജാ ഭരണാധികാരിയുമായി അദ്ദേഹം കേരളത്തില്‍വച്ചു ചര്‍ച്ച നടത്തിയെന്നുമാണു സ്വപ്നയുടെ മൊഴി.
യു.എ.ഇ. കോണ്‍സുല്‍ ജനറലിനു കൈമാറാനായി സ്പീക്കര്‍ തനിക്കു പണമടങ്ങിയ ബാഗ് നല്‍കിയെന്നാണു സരിത്തിന്റെ മൊഴി. കഴിഞ്ഞ ഡിസംബര്‍ 24നു ലൈഫ് മിഷന് കേസില്‍ ഇ.ഡി. ഹൈക്കോടതിയില്‍ നല്കിയ അനുബന്ധ കുറ്റപത്രത്തിലാണു സ്വപ്നയുടെ മൊഴിയുള്ളത്.
മുഖ്യമന്ത്രിക്കെതിരേ മൊഴി നല്കാന് സമ്മര്‍ദമുണ്ടായി എന്ന സ്വപ്നയുടെ വെളിപ്പെടുത്തലിനേത്തുടര്‍ന്നു തങ്ങളുടെ അന്വേഷണസംഘത്തിനെതിരേ ക്രൈം ബ്രാഞ്ച് എടുത്ത കേസിന്റെ എഫ്.ഐ.ആര്. റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഇ.ഡി. െഹെക്കോടതിയില്‍ നല്കിയ ഹര്‍ജിക്കൊപ്പം ഇന്നലെ സമര്‍പ്പിച്ച സരിത്തിന്റെ മൊഴിയുടെ പകര്‍പ്പാണു പുറത്തുവന്നത്.
എം. ശിവശങ്കറുമായുള്ള സ്വപ്ന സുരേഷിന്റെ വാട്സാപ് ചാറ്റ് കേന്ദ്രീകരിച്ചു നടത്തിയ ചോദ്യം ചെയ്യലിലാണു ഇരുവരും ശ്രീരാമകൃഷ്ണനെ പ്രതിക്കൂട്ടിലാക്കുന്ന വിവരങ്ങള്‍ നല്‍കിയത്. പൊന്നാനി സ്വദേശി ലഫീര്‍ എന്ന വ്യക്തിയെ ചാറ്റില്‍ പരാമര്‍ശിച്ചിരുന്നു. ലഫീറിന്റെ ഒമാനിലെ മിഡില്‍ ഈസ്റ്റ് കോളജിന്റെ ശാഖ ഷാര്‍ജയില്‍ തുടങ്ങുകയായിരുന്നു സ്പീക്കറുടെ ലക്ഷ്യം. ഇതിനായി സൗജന്യഭൂമി ലഭിക്കാന്‍ ഷാര്‍ജ ഭരണാധികാരിയുമായി സ്പീക്കര്‍ ചര്‍ച്ച നടത്തി.
തിരുവനന്തപുരത്തെ ലീലാ പാലസ് ഹോട്ടലില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ സ്പീക്കര്‍ക്കു വാക്കാല്‍ ഉറപ്പുകിട്ടിയെന്നും സ്വപ്നയുടെ മൊഴിയില്‍ പറയുന്നു. എന്തിനാണു സ്പീക്കര്‍ ഇക്കാര്യത്തില്‍ താല്പര്യമെടുത്തതെന്ന ചോദ്യത്തിന് അദ്ദേഹത്തിനു മിഡില്‍ ഈസ്റ്റ് കോളജില്‍ നിക്ഷേപമുണ്ടെന്നായിരുന്നു സ്വപ്നയുടെ മറുപടി. ഷാര്‍ജയിലെ കാര്യങ്ങള്‍ നോക്കിനടത്താന്‍ താനാണു മികച്ചയാളെന്നു സ്പീക്കര്‍ പറഞ്ഞതായും മൊഴിയിലുണ്ട്.
യു.എ.ഇ. കോണ്‍സുല്‍ ജനറലിനു െകെമാറാനായി പത്ത് നോട്ടുകെട്ടുകളടങ്ങിയ ബാഗ് സ്പീക്കര്‍ തന്റെയും സ്വപ്നയുടെയും െകെയില്‍ തന്നുവിട്ടെന്നാണ് പി.എസ്. സരിത്തിന്റെ മൊഴി. ലോക കേരളസഭയുടെ ലോഗോയുള്ള ബാഗിലാണു പണം െകെമാറിയത്.
ഇതു കോണ്‍സുല്‍ ജനറലിനുള്ള സമ്മാനമാണെന്നാണു സ്പീക്കര്‍ പറഞ്ഞത്. പണം െകെമാറിയശേഷം താന്‍ വീട്ടില്കൊണ്ടുപോയ ഈ ബാഗാണു കസ്റ്റംസ് പിടിച്ചെടുത്തതെന്നും സരിത്തിന്റെ മൊഴിയില്‍ പറയുന്നു. തനിക്കും സ്വപ്നയ്ക്കും ബാഗ് െകെമാറിയതു വിമാനത്താവളത്തിന് എതിര്‍വശമുള്ള മരുതം റോയല്‍ അപാര്ട്മെന്റില് വച്ചായിരുന്നുവെന്നും ഔദ്യോഗിക വസതിയിലേക്കു സ്പീക്കര്‍ മടങ്ങിയതു സ്വപ്നയുടെ കാറിലാണെന്നും സരിത്തിന്റെ മൊഴിയില്‍ പറയുന്നു.
അസംബന്ധമെന്ന് സ്പീക്കര്‍
തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ മൊഴി എന്ന പേരില്‍ മാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുന്നത് ശുദ്ധ അസംബന്ധവും വസ്തുതാവിരുദ്ധവും ആണെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്. വിദേശത്ത് വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാന്‍ തീരുമാനിച്ചെന്നും അതില്‍ നിക്ഷേപം ഉണ്ടെന്നും പറയുന്ന മൊഴി തീര്‍ത്തും അടിസ്ഥാന വിരുദ്ധമാണ്. ഇക്കാര്യം ആര്‍ക്കും അനേ്വഷിച്ച് ബോധ്യപ്പെടാവുന്നതാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
ഒമാനില്‍ നല്ല നിലയില്‍ വിദ്യാഭ്യാസ സ്ഥാപനം നടത്തുന്ന പൊന്നാനി സ്വദേശിയായ ലഫീര്‍ അഹമ്മദിനെ പരിചയമുണ്ട്. പ്രവാസികളായ ഇത്തരം പലരെയും കാണാറുണ്ട്, സംസാരിച്ചിട്ടുമുണ്ട്. അതിന്റെ പേരില്‍ അവിടെ എല്ലാം നിക്ഷേപം ഉണ്ടെന്ന് ദുര്‍വ്യാഖ്യാനിക്കുന്നത് അങ്ങേയറ്റം അബദ്ധജടിലമായ കാര്യമാണ്. ഷാര്‍ജാ ഷെയ്ഖിനെ കേരളത്തിലോ പുറത്തോ ഒരിക്കലും ഒറ്റയ്ക്ക് കാണാന്‍ അവസരം ലഭിച്ചിട്ടില്ല, കണ്ടിട്ടുമില്ല. കേരള സന്ദര്‍ശന വേളയില്‍ ഔദ്യോഗികമായ അത്താഴവിരുന്നില്‍ പങ്കെടുത്തിരുന്നുവെന്നല്ലാതെ മറ്റൊന്നും ഉണ്ടായിട്ടില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി .






