
തിരുവനന്തപുരം: ഇരട്ട വോട്ടുകള്‍ തടയാന്‍ വീടുകളിലും ബൂത്തുകളിലും നേരിട്ടുചെന്നു പരിശോധിക്കാനും ഒരാളുടെ പേരില്‍ ഒന്നിലധികം തിരിച്ചറിയല്‍ കാര്‍ഡുകള്‍ കണ്ടെത്തിയാല്‍ പിടിച്ചെടുത്തു നശിപ്പിക്കാനും ജില്ലാ ഭരണാധികാരികള്‍ക്ക് തെരഞ്ഞെടുപ്പു കമ്മിഷന്റെ നിര്‍ദേശം. ഇരട്ടവോട്ടുണ്ടെന്നു കണ്ടെത്തുന്നവരുടെ പേരുകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു കൈമാറും. ഇങ്ങനെയുള്ളവര്‍ വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞാല്‍ കൈവിരലിലെ മഷി ഉണങ്ങുന്നതുവരെ ബൂത്തിലിരുത്തും.
വോട്ടര്‍ പട്ടികയില്‍ ആയിരക്കണക്കിനു പേരുകള്‍ ആവര്‍ത്തിച്ചതായി പരാതികളുയര്‍ന്ന സാഹചര്യത്തില്‍ കള്ളവോട്ട് തടയാന്‍ വിശദ മാര്‍ഗനിര്‍ദേശങ്ങളാണ് മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് ജില്ലാ കലക്ടര്‍മാര്‍ക്കു നല്‍കിയിരിക്കുന്നത്. വോട്ടര്‍ പട്ടികയെക്കുറിച്ചുള്ള പരാതികളെക്കുറിച്ച് ജില്ലാ കലക്ടര്‍മാര്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ വോട്ടര്‍മാരുടെ പേരുകളും സമാനമായ ഫോട്ടോകളില്ത്തന്നെ വ്യത്യസ്തമായ പേരുകളും വിലാസങ്ങളുമുള്ള എന്‍ട്രികളും ഒരേ വോട്ടര്‍ നമ്പറില്‍ വ്യത്യസ്ത വിവരങ്ങളുള്ള എന്‍ട്രികളും കണ്ടെത്തിയിരുന്നു. എന്നാല്‍, തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സംസ്ഥാനങ്ങളില്‍ സമാനമായ വോട്ടര്‍മാരെ ഒഴിവാക്കുന്നതിനല്ല, വോട്ടര്‍പട്ടികയിലേക്കു തീര്‍പ്പാക്കാനുള്ള അപേക്ഷകള്‍ക്ക് മുന്‍ഗണന നല്‍കണമെന്നാണു കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്റെ നിര്‍ദേശം.
ഈ സാഹചര്യത്തിലാണ് 140 മണ്ഡലങ്ങളിലും പട്ടികയിലെ സമാന എന്‍ട്രികള്‍ വിശദമായി പരിശോധിക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്കു നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക ടീമുകള്‍ രൂപീകരിച്ച് 25-നകം ഇതു പൂര്‍ത്തിയാക്കണം. ആവര്‍ത്തനമുള്ള വോട്ടര്‍മാരുടെ പട്ടിക ബൂത്തുതലത്തില്‍ തയാറാക്കണം. ഈ പട്ടിക ഉപയോഗിച്ച് ബി.എല്‍.ഒമാര്‍ വീടുകളിലും മറ്റുമെത്തി യഥാര്‍ഥ വോട്ടര്‍മാരെ കണ്ടെത്തണം. വോട്ടര്‍സ്ലിപ്പ് വിതരണത്തിനൊപ്പം ഈ പ്രക്രിയ നടത്തണം. ബി.എല്‍.ഒമാര്‍ കണ്ടെത്തുന്ന ആവര്‍ത്തനം കൃത്യമായി രേഖപ്പെടുത്തി 30-ന് മുമ്പ് വരണാധികാരികള്‍ക്കു നല്‍കണം.
ആവര്‍ത്തനമുള്ള പേരുകാരുടെ പട്ടിക വരണാധികാരികള്‍ പ്രിസൈഡിങ് ഓഫീസര്‍മാര്‍ക്കു നല്‍കും. വോട്ടിങ് ദിനത്തില്‍ പ്രിെസെഡിങ് ഓഫീസര്‍മാര്‍ കള്ളവോട്ട് തടയാനായി ആവര്‍ത്തനമുള്ള വോട്ടര്‍മാരുടെ പട്ടിക പ്രത്യേകം അടയാളപ്പെടുത്തും. ഈ പട്ടികയിലുള്ള വോട്ടര്‍മാരുടെ വിരലില്‍ കൃത്യമായി മഷി പതിപ്പിക്കുകയും മഷി ഉണങ്ങുന്നതുവരെ ബൂത്തില്‍ ഇരുത്തുകയും വേണം. എല്ലാ രാഷ്ട്രീയ കക്ഷികള്‍ക്കും ആവര്‍ത്തന വോട്ടര്‍മാരുടെ പട്ടിക നല്‍കും.
ആള്‍മാറാട്ടം കണ്ടെത്തിയാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്ക്കെതിരേ നടപടിയുണ്ടാകും. നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ എല്ലാ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍മാരും വരണാധികാരികളും നടപടിയെടുക്കണം. നടപടി റിപ്പോര്‍ട്ടുകള്‍ 30-നകം നല്‍കണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് നിര്‍ദേശിച്ചു.






