
ബ്രിട്ടീഷ് പ്രീമിയം ബൈക്ക് നിർമ്മാതാക്കളായ ട്രയംഫിന്റെ ഏറ്റവും വിലക്കുറവുള്ള ബൈക്ക് ആയി ഇന്ത്യയിലും എത്താൻ ഒരുങ്ങുന്ന ട്രൈഡന്റ് 660യുടെ ലോഞ്ച് തിയതി കമ്പനി പ്രഖ്യാപിച്ചു. ട്രയംഫ് മോട്ടോർസൈക്കിൾസ് ട്രൈഡന്റ് 660യെ അടുത്ത മാസം ആറാം തിയതിയാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുക. ഇന്ത്യയിൽ കാവസാക്കി Z650, യമഹ MT-07, ഹോണ്ട CB650 എന്നീ മോഡലുകളോടാണ് മത്സരിക്കുക.
ട്രൈഡന്റ് 660യ്ക്കായുള്ള ബുക്കിങ് കഴിഞ്ഞ വർഷം നവംബറിൽ തന്നെ ട്രയംഫ് ആരംഭിച്ചിരുന്നു. 50,000 രൂപ ടോക്കൺ തുക മുടക്കി ട്രയംഫ് ട്രൈഡന്റ് 660 ബുക്ക് ചെയ്യാം. അവതരണത്തിന്റെ ഭാഗമായി അല്പകാലത്തേക്ക് 9,999 രൂപ മാത്രം പ്രതിമാസ അടവ് വരുന്ന ഇഎംഐ സ്കീമും ട്രയംഫ് തയ്യാറാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
റോഡ്, റൈൻ എന്നിങ്ങനെ രണ്ട് റൈഡിങ് മോഡുകൾ, ക്രമീകരിക്കാവുന്ന ട്രാക്ഷൻ കൺട്രോൾ, റൈഡ്-ബൈ-വയർ, പൂർണ്ണ-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിങ്ങനെയാണ് സവിശേഷതകൾ. ടേൺ-ബൈ-ടേൺ നാവിഗേഷൻ, ഗോപ്രോ കണ്ട്രോൾ എന്നിവ നൽകുന്ന ബ്ലൂടൂത്ത് മൊഡ്യൂൾ ഓപ്ഷണലായി തിരഞ്ഞെടുക്കാം. ട്രയംഫ് ട്രൈഡന്റ് 660-യെ ചലിപ്പിക്കുന്നത് ഇൻലൈൻ 3 സിലിണ്ടർ 660 സിസി എൻജിനാണ്. ഈ എൻജിൻ 81 എച്ച്പി പവറും 64 എൻഎം ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ക്വിക്ക് ഷിഫ്റ്റർ ഓപ്ഷണലായി ചേർക്കാവുന്ന 6-സ്പീഡ് ഗിയർബോക്സ് ആണ് ഇതിൽ. ട്യൂബുലാർ സ്റ്റീൽ ഫ്രയ്മിൽ നിർമിച്ചിരിക്കുന്ന ട്രൈഡന്റ് 660-യ്ക്ക് 189 കിലോഗ്രാം മാത്രമാണ് ഭാരം.






