
പ്രമുഖ ഇരുചക്ര വാഹന ബ്രാൻഡായ റോയൽ എൻഫീൽഡ് തങ്ങളുടെ പ്രധാന മോഡലുകളായ ഇന്റർസെപ്റ്റർ 650-യുടെയും കോണ്ടിനെന്റൽ ജിടി 650ടെയും 2021 പതിപ്പ് വിപണിയിലെത്തിച്ചു. പുത്തൻ നിറങ്ങളിലാണ് 2021 റോയൽ എൻഫീൽഡ് ഇന്റർസെപ്റ്റർ, കോണ്ടിനെന്റൽ ജിടി എത്തുന്നത്. റിപ്പോർട്ട് പ്രകാരം റോയൽ എൻഫീൽഡ് ആരംഭിച്ച 'മെയ്ക് ഇറ്റ് യുവേഴ്സ്' പദ്ധതിയുടെ ഭാഗമായി ഉപഭോക്താക്കളുടെ ഇഷ്ടമനുസരിച്ച് ബൈക്കുകൾ അണിയിച്ചൊരുക്കാൻ വിവിധ അക്സെസ്സറികളും അവതരിപ്പിച്ചിട്ടുണ്ട്.
വിവിധ ഡിസൈനിലുള്ള സീറ്റുകൾ, ഫ്ലൈ സ്ക്രീനുകൾ, ടൂറിങ് മിററുകൾ, സമ്പ് ഗാർഡുകൾ എന്നിങ്ങനെ പോകുന്നു പുതുതായി അവതരിപ്പിച്ച അക്സെസ്സറികളുടെ പട്ടിക. ക്യാൻയൺ റെഡ്, വെൻച്ചുറ ബ്ലൂ എന്നിങ്ങനെ രണ്ട് പുത്തൻ നിറങ്ങളാണ് ഇന്റർസെപ്റ്റർ 650-യുടെ സിംഗിൾ ടോൺ നിറങ്ങൾ ലഭ്യമായ സ്റ്റാൻഡേർഡ് ശ്രേണിയിൽ റോയൽ എൻഫീൽഡ് അവതരിപ്പിച്ചിരിക്കുന്നത്. ഡ്യുവൽ-ടോൺ നിറങ്ങളുടെ കസ്റ്റം ശ്രേണിയിലും രണ്ട് പുത്തൻ നിറങ്ങളാണ്, ഡൗൺടൗൺ ഡ്രാഗ്, സൺസെറ്റ് സ്ട്രിപ്പ്. പരിഷ്കരിച്ച ക്രോം മാർക്ക് 2 നിറവും ലഭ്യമാണ്. റോയൽ എൻഫീൽഡ് ഇന്റർസെപ്റ്റർ 650 ഇത് വരെ ലഭ്യമായിരുന്ന നിറങ്ങളിൽ ഓറഞ്ച് ക്രഷ്, ബേക്കർ എക്സ്പ്രസ്സ് നിറങ്ങളിൽ തുടർന്നും ലഭിക്കും.
2021 അപ്ഡെയ്റ്റിന്റെ ഭാഗമായി 5 പുത്തൻ നിറങ്ങളാണ് കഫേ റേസർ മോഡലായ കോണ്ടിനെന്റൽ ജിടി 650യ്ക്ക് അവതരിപ്പിച്ചിരിക്കുന്നത്. ബ്രിട്ടീഷ് റേസിംഗ് ഗ്രീൻ, റോക്കർ റെഡ് എന്നിവയാണ് സിംഗിൾ ടോൺ നിറങ്ങൾ. ഡക്സ് ഡ്യുലക്സ്, വെൻച്ചുറ എന്നിവയാണ് പുതുതായി അവതരിപ്പിച്ചിരിക്കുന്ന ഡ്യുവൽ ടോൺ നിറങ്ങൾ. കൂടാതെ, പരിഷ്കരിച്ച മിസ്റ്റർ ക്ലീൻ ക്രോം പതിപ്പിലും 2021 കോണ്ടിനെന്റൽ ജിടി 650 സ്വന്തമാക്കാം. മുമ്പ് ഉണ്ടായിരുന്ന ഫ്യുവൽ ഇൻജെക്ഷൻ സാങ്കേതിക വിദ്യ ചേർന്ന 648 സിസി, പാരലൽ-ട്വിൻ, എയർ-കൂൾഡ് എഞ്ചിൻ തന്നെയാണ് 2021 പതിപ്പിലും. ബിഎസ് 6 മാനദണ്ഡങ്ങൾ പാലിക്കുന്ന ഈ എൻജിൻ 46.8 ബിഎച്പി പവറും 52 എൻഎം ടോർക്കുമാണ് നിർമ്മിക്കുന്നത്.






