
പന്തളം: തിടപ്പള്ളിയില്‍ സൂക്ഷിച്ചിരുന്ന ക്ഷേത്ര മേല്‍ശാന്തിയുടെ അഞ്ചു പവന്റെ മാല മോഷ്ടിച്ച കേസില്‍ കീഴ്ശാന്തിയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. കുമളി പത്തുമുറി കാര്യാട്ടു മഠത്തില്‍ ശ്രീരാജ് നമ്പൂതിരി (27) ആണ് അറസ്റ്റിലായത്.
മറ്റൊരു കേസില്‍ ജയിലില്‍ ആയിരുന്ന ഇയാളെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പും നടത്തി. കഴിഞ്ഞ നവംബറിലാണ് തട്ടയില്‍ ഒരിപ്പുറം ക്ഷേത്രത്തിലെ മേല്‍ശാന്തി മനു നമ്പൂതിരിയുടെ മാല തിടപ്പള്ളിയില്‍ നിന്ന് മോഷ്ടിച്ചത്. ശ്രീരാജ് നാലു വര്‍ഷമായി ഇവിടെ കീഴ്ശാന്തിയായി ജോലി ചെയ്തു വരികയായിരുന്നു.
കോട്ടയം അയര്‍ക്കുന്നം പോലീസ് സ്റ്റേഷന് പരിധിയില്‍ വീട്ടില്‍ കയറി തോക്കു ചൂണ്ടി വൃദ്ധയുടെ 23 പവന് സ്വര്‍ണാഭരണങ്ങളും ഒരു ലക്ഷം രൂപയും കവര്‍ന്ന കേസില്‍ പാലാ സബ് ജയിലില്‍ റിമാന്‍ഡിലാണ് ഇയാളിപ്പോള്‍.
ഇവിടെയെത്തിയാണ് പന്തളം പോലീസ് അറസ്റ്റു ചെയ്തത്. തുടര്‍ന്ന് തട്ടയിലെത്തിച്ചു തെളിവെടുപ്പു നടത്തി. പോലീസ് ഇന്‍സ്പെക്ടര്‍ എസ്. ശ്രീകുമാര്‍, എസ്.ഐമാരായ വി. അനീഷ്, സന്തോഷ് കുമാര്‍, എ.എസ്.ഐ അജിത്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റും അന്വേഷണവും.






