എം ഡിവിഷന്റെ ആദ്യ സൂപ്പർ ബൈക്ക് ബിഎംഡബ്ള്യു M 1000 RR ഇന്ത്യൻ വിപണിയിൽ. M 1000 RR എന്ന അടിസ്ഥാന മോഡലിലും M 1000 RR കോംപറ്റീഷൻ എന്ന പതിപ്പിലും വില്പനക്കെത്തിയിരിക്കുന്ന പുത്തൻ സൂപ്പർസ്പോർട്ട് ബൈക്കിന് യഥാക്രമം 42 ലക്ഷവും, 45 ലക്ഷവുമാണ് എക്സ്-ഷോറൂം വില. 2019 ജൂണിലാണ് ജർമൻ ബൈക്ക് നിർമ്മാതാക്കളായ ബിഎംഡബ്ള്യു മോട്ടോറാഡ് തങ്ങളുടെ പ്രധാന സൂപ്പർസ്പോർട്ട് ബൈക്ക് ആയ S 1000 RR-നെ ഇന്ത്യയിൽ വില്പനക്കെത്തിച്ചത്. 19.5 ലക്ഷം മുതൽ 23.75 ലക്ഷം വരെയാണ് മൂന്ന് പതിപ്പുകളിൽ ലഭ്യമായ S 1000 RR-ന്റെ വില.
M ഡിവിഷന്റെ വൈദഗ്ദ്ധ്യം മോട്ടോർസൈക്കിളുകളിലേക്ക് വിപുലീകരിച്ചതിന്റെ ഭാഗമാണ് ആഗോളതലത്തിൽ 2020 സെപ്റ്റംബറിൽ അരങ്ങേറ്റം കുറിച്ച 2021 M 1000 RR എന്നാണ് റിപ്പോർട്ട്. S 1000 RR പതിപ്പിന്റെ അതേ എഞ്ചിനാണ് ബിഎംഡബ്ല്യു M 1000 RRലും. 999 സിസി, ലിക്വിഡ്-കൂൾഡ്, നാല് സിലിണ്ടർ എഞ്ചിനാണ് ബൈക്കിൽ. 14,500 rpm-ൽ പരമാവധി 212 bhp കരുത്തും 11,000 rpm-ൽ 113 Nm ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ് ഈ എൻജിൻ. ആറ് സ്പീഡ് മാനുവൽ ഗിയർബോക്സിനൊപ്പം ഒരു ബൈ-ഡയറക്ഷണൽ ക്വിക്ക് ഷിഫ്റ്ററുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.
M 1000 RR-ന് 3.1 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും. മണിക്കൂറിൽ 306 കിലോമീറ്റർ ആണ് വാഹനത്തിന്റെ പരമാവധി വേഗത. ബിഎംഡബ്ല്യു M 1000 RR മോഡലിന്റെ സസ്പെൻഷൻ ചുമതലകൾ കൈകാര്യം ചെയ്യാനായി മുൻവശത്ത് ഇൻവേർട്ടഡ് ടെലിസ്കോപ്പിക് ഫോർക്കുകളും പിന്നിൽ ഒരു അലുമിനിയം സ്വിംഗാർമും ഉണ്ട്. ഡ്യുവൽ ചാനൽ എബിഎസ്, ട്രാക്ഷൻ കൺട്രോൾ, ഹിൽ-സ്റ്റാർട്ട് കൺട്രോൾ, വീലി കൺട്രോൾ എന്നിവയ്ക്കൊപ്പം മോട്ടോർസൈക്കിളിന് രണ്ട് അറ്റത്തും ഡിസ്ക് ബ്രേക്കുകളും നൽകിയിട്ടുണ്ട്.






