
ഭാഗ്യനിർഭാഗ്യങ്ങളുടെ ഒരു കടലായാണ് പലപ്പോഴും നമ്മുടെ ജീവിതത്തെ നമ്മൾ നോക്കിക്കാണാറ്. ജീവിതത്തിൽ മോശം അനുഭവങ്ങൾ നേരിടുമ്പോൾ "ഒരു കുഴിക്കു ഒരു കുന്നും ഉണ്ടാകും" എന്ന് നമ്മൾ നമ്മളെത്തന്നെ ശുഭാപ്തിവിശ്വാസത്തിന്മേൽ പറഞ്ഞു വിശ്വസിപ്പിക്കാറുണ്ട്. അതേ സമയം നല്ല കാര്യങ്ങൾ ഉത്ഭവിക്കുമ്പോൾ, യാദൃശ്ചികതക്കു പ്രാധാന്യം നൽകാറുമുണ്ട്. പക്ഷെ ഒരുതരത്തിൽ, ജീവിതത്തിൽ സംഭവിക്കുന്നതെല്ലാത്തിനും, സംഭവിച്ച വഴികൾ പിന്നോട്ട് സഞ്ചരിച്ചു നോക്കിയാൽ അവയുടെയൊക്കെ കേന്ദ്രബിന്ദു ഏതെങ്കിലും തരത്തിൽ ഭാഗ്യത്തോടും, നിർഭാഗ്യത്തോടും യാദൃശ്ചികതയോടും ബന്ധപ്പെട്ടിരുന്നേക്കാം. എന്റെ ജീവിതവും അത്തരത്തിൽ വേറിട്ടതായിരുന്നില്ല.
Personal Background
സമൂഹത്തിന്റെ അളവുകോലിൽ ഞാൻ ഒരു മോശം സ്കൂൾ വിദ്യാർത്ഥിയായിരുന്നില്ല. എന്നാൽ, ഒരളവു വരെ മാർക്കിനപ്പുറം അറിവിനോടുള്ള ദാഹത്തെയും വിദ്യാസമ്പന്നതയെയും നോക്കിക്കാണാൻ മടിക്കുന്ന ഒരു സമൂഹത്തിൽ അത് ഒരാശ്ചര്യമായിരുന്നില്ല. മിക്കപ്പോഴും സമൂഹം കെട്ടിപ്പടുത്ത പ്രതീക്ഷാവലയത്തിനു നടുവിൽ അറിവിലുപരി മാർക്കിനോടുള്ള ഒരഭിനിവേശത്തിന്മേലാണ് ഞാൻ സ്കൂളിൽ പഠിച്ചത് എന്ന് ഞാൻ ഓർക്കുന്നു. ഒൻപതാം ക്ലാസ്സിൽ സാഹിത്യത്തോടും രചനയോടുമുള്ള താൽപ്പര്യം വളർന്നു തുടങ്ങിയപ്പോഴും എഞ്ചിനീറിങ്ങിന്റെയും മെഡിസിന്റെയും അന്തരീക്ഷത്തിൽ അത് ഒരു പഠനസാധ്യതയായി പിന്തുണ കിട്ടിയിരുന്നില്ല. ഇപ്പോൾ തിരിഞ്ഞു നോക്കുമ്പോൾ, പൊതുപ്രതീക്ഷകൾക്കെതിരെ അവരുടെ താൽപ്പര്യങ്ങൾ തിരഞ്ഞെടുത്ത അനേകം സ്കൂൾ കുട്ടികൾ അന്നുണ്ടായിരുന്നു. അവരോടുള്ള ബഹുമാനത്തിൽ അത്തരമൊരു പാത പിന്തുടരണമായിരുന്നു എന്ന് ഇപ്പോൾ തോന്നുമ്പോഴും അന്നത്തെ പതിനഞ്ചോ പതിനാറോ വയസ്സുകാരന്റെ പരിസ്ഥിതിയിലും മനഃസ്ഥിതിയിലും ഞാൻ അത്തരമൊരു സാഹസത്തിനു തുനിയാനുള്ള സാധ്യത കുറവായിരുന്നു.
2010-ഇൽ ആണ് ബിറ്റ്സ് പിലാനി ഗോവ ക്യാമ്പസ്സിൽ അങ്ങനെ എഞ്ചിനീറിങ്ങിനു എത്തിപ്പെടുന്നത്. ഒരു ഹാർവാർഡ് ബിരുദധാരി എന്ന് ചിന്തിക്കുമ്പോൾ മനസ്സിലേക്കോടിയെത്തുന്ന ജീവിതാനുഭവങ്ങൾ പോലെയേ ആയിരുന്നില്ല എന്റേത്. എന്റെ ആദ്യത്തെ സെമെസ്റ്ററിൽ ഫിസിക്സിന്റെ ആദ്യത്തെ പരീക്ഷയിൽ എനിക്ക് ലഭിച്ചത് 50-ഇൽ 1 മാർക്ക് ആയിരുന്നു. അന്ന് ഉത്തരക്കടലാസ്സു കണ്ടിട്ടു ചിരിക്കണോ കരയണോ എന്നറിയാതെ നിന്ന എന്റെ മനഃസ്ഥിതി ഇന്നും അതുപോലെ തന്നെ അനുഭവിക്കാൻ പറ്റുന്നതാണ്. സ്വയം മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്ന എന്റെ സ്വഭാവം - ഞാൻ വെറുക്കുന്ന, അതേസമയം താരതമ്യം എന്നത് ഒരു സൂക്ഷ്മമായ അളവുകോലായി ഉപയോഗിക്കുന്ന ഒരു സമൂഹത്തിൽ വളർന്നതിന്റെ ആന്തരികമായ പ്രത്യാഘാതം - അത് ഈയവസരത്തിൽ സഹായകരവുമായിരുന്നില്ല. നമ്മുടെ നാട്ടിൽ എഞ്ചിനീറിങ്ങിനു പഠിക്കുന്ന ഒരുപാടു പേരെ പോലെ തന്നെ എനിക്കും എഞ്ചിനീറിങ്ങിൽ താൽപ്പര്യമില്ല എന്ന് വൈകാതെ തന്നെ മനസ്സിലായി. സുഹൃത്തുക്കളുടെയും കലാവാസന പ്രദർശിപ്പിക്കാനുള്ള പാഠ്യേതര ക്ലബ്ബ്കളുടെയും സഹായത്താൽ വർഷങ്ങൾ എങ്ങനെയോ തള്ളിനീക്കി എന്നേ പിന്നീടുള്ള കോളേജ് വർഷങ്ങളെപ്പറ്റി പറയാനാകൂ. എനിക്ക് A ഗ്രേഡ് ലഭിച്ച വിഷയങ്ങൾ എടുത്തു നോക്കിയാൽ അവയിൽ മിക്കതും രചനയുമായി ബന്ധപ്പെട്ട, എഞ്ചിനീറിംഗുമായി ബന്ധമില്ലാത്ത " എലെക്റ്റിവ് " കോഴ്സുകൾ ആയിരുന്നു. കൃത്യമായി ഒരു അനുഭവം എടുത്തുപറയാനാണെങ്കിൽ എന്റെ നാലാം സെമെസ്റ്ററിൽ ഒരേ ദിവസം 4 പരീക്ഷകൾ ഉണ്ടായിരുന്നു. സാധാരണ 2 പരീക്ഷയിൽ കൂടുതൽ ഒരേ ദിവസം വന്നാൽ കോഴ്സുകൾ മാറ്റിയെടുക്കുന്ന സാഹചര്യത്തിൽ, ആ കോളേജിന്റെ ചരിത്രത്തിൽ മറ്റൊരാൾക്ക് അങ്ങനെ ഒരു സന്ദർഭം ഉണ്ടായതായി എനിക്കറിവില്ല. 4-ഇൽ 3 കോഴ്സുകൾ രചനയുമായി ബന്ധപ്പെട്ട "ടെക്നിക്കൽ റിപ്പോർട്ട് റൈറ്റിംഗ്", "ക്രീയേറ്റീവ് റൈറ്റിംഗ്", "ജേർണലിസം" എന്നുള്ള എലെക്റ്റിവ് കോഴ്സുകളും നാലാമൻ "സിഗ്നൽസ് ആൻഡ് സിസ്റ്റംസ്" എന്ന നിർബന്ധിതമായ ഇലക്ട്രോണിക്സ് കോഴ്സും ആയിരുന്നു. ആ നാലിൽ ഞാൻ ആകെ പഠിച്ചത് ആ നാലാമനു വേണ്ടി മാത്രമാണ്. മറ്റു മൂവർക്കും ക്ലാസ്സിൽ ഇരിക്കുന്നതിന് പുറമെ പുസ്തകം തുറക്കാതെ നേരെ ചെന്ന് പരീക്ഷ എഴുതുകയായിരുന്നു. അവസാനം കിട്ടിയത് ആ മൂന്നിനും A ഗ്രേഡും നാലാമനു C ഗ്രേഡും.
ഇങ്ങനെ ഒരു തരത്തിൽ സ്വയം സ്വീകരിച്ച ഒരു ദൗർഭാഗ്യത്തിന്റെ അവസാനം കൃത്യമായി "ഇനിയെന്ത്?" എന്നുള്ള ചോദ്യത്തിന് പഠിച്ച വിഷയമായ എഞ്ചിനീറിങ്ങിൽ യാതൊരു വിധത്തിലുള്ള അനുഭവസമ്പത്തും എഞ്ചിനീയറിംഗ് വിഷയങ്ങളിൽ എടുത്തുപറയത്തക്ക ഗ്രേഡും ഇല്ലാതെ, ഉത്തരം തന്നെ ഒരു ചോദ്യചിഹ്നമായി നിൽക്കുന്ന സമയത്താണ് ദൗർഭാഗ്യത്തിന്റെ പുതപ്പണിഞ്ഞു ഒരു വഴിത്തിരിവ് വന്നത്. 2014 - 2015 - കോളേജ് പഠനത്തിന്റെ അവസാനവർഷം ഒരു ഇന്റേൺഷിപ് ആകണമായിരുന്നു. മുൻഗണനാപ്പട്ടികയിൽ കൃത്യം എഞ്ചിനീയറിംഗ് കമ്പനികൾ അല്ലാത്തത് മാത്രം തിരഞ്ഞെടുത്ത എനിക്ക് കോളേജ് എടുത്തു നൽകിയത് ബാംഗ്ലൂരിൽ ഒരു തനി ഇലക്ട്രോണിക്സ് കമ്പനി. "താല്പര്യമൊക്കെ അവിടെ നിക്കട്ടെ, എഞ്ചിനീയറിംഗ് എടുത്തെങ്കിൽ എഞ്ചിനീയറിംഗ് തന്നെ ചെയ്യണം" എന്ന ഇടുങ്ങിയ ചിന്താഗതിയല്ലാതെ മറ്റൊരു വ്യാഖ്യാനവും എനിക്ക് അതിന് കൊടുക്കാൻ കഴിഞ്ഞിരുന്നില്ല. അങ്ങനെ പറ്റിയ ഒരു പശ്ചാത്തലം ഇന്റേൺഷിപ്പിലൂടെ കണ്ടുപിടിക്കാം എന്ന ശുഭാപ്തിവിശ്വാസവും പോയ സമയത്താണ് ആ കമ്പനിക്കു ഇന്റേൺഷിപ്പിനു മുൻപേ എന്നോട് സംസാരിക്കണമെന്നും കഴിവുകൾ അളക്കണമെന്നും പറഞ്ഞത്. അങ്ങനെ നടന്ന ഒരു ഇന്റർവ്യൂവിൽ അവർക്കു വേണ്ട യാതൊന്നും എനിക്കറിയില്ലെന്നും എനിക്ക് എഞ്ചിനീറിങ്ങിൽ താല്പര്യമില്ലെന്നും മനസ്സിലാക്കി അവർ തന്നെ കോളേജിനോട് എന്നെ അങ്ങോട്ട് അയക്കേണ്ട എന്ന് പറയുകയായിരുന്നു. പിന്നീടങ്ങോട്ട് എന്തെങ്കിലും ഒരു ഇന്റേൺഷിപ് ഉണ്ടാകുമോ എന്നും ഇല്ലെങ്കിൽ ഇനിയെന്ത് ചെയ്യും, എങ്ങനെ ഡിഗ്രി കിട്ടും എന്നുമുള്ള ഭീതിയിൽ കോളേജിന്റെ ഭാഗത്തു നിന്നും ചോദ്യങ്ങൾക്ക് മൗനം മാത്രം ഉത്തരമായി ലഭിച്ചിരുന്ന സാഹചര്യത്തിന്റെ അവസാനമാണ് ബാംഗ്ലൂരിലെ "മ്യു സിഗ്മ" എന്ന ഡേറ്റ അനലിറ്റിക്സ് കമ്പനിയിൽ ആണ് ചെല്ലേണ്ടത് എന്ന വിവരം അവസാന ഇന്റേൺഷിപ് പട്ടികയിലൂടെ ഞാൻ അറിയുന്നത്. ഇത് ഒന്ന് ഒരു ഇ-മെയിൽ അയച്ചു പറയാനുള്ള, ചോദ്യങ്ങൾക്ക് ഒരു ചെറിയ മറുപടി പോലും പറയാൻ മര്യാദ കാണിക്കാത്ത കോളേജിന്റെ നടപടിയോടു വലിയ രീതിയിൽ അമർഷം തോന്നുമ്പോഴും, എവിടെയെങ്കിലും എന്തെങ്കിലും ഉണ്ടല്ലോ എന്നൊരു സമാധാനം ഏതാണ്ട് ഒരു മാസത്തിനു ശേഷം കിട്ടിയത് ഒരു വല്ലാത്ത അനുഭവം തന്നെയായിരുന്നു. ഇതോടൊപ്പം ഇക്കാര്യം കമ്പനിയെ അറിയിക്കാൻ കോളേജ് മറന്നത് കാരണം വീണ്ടും കുറച്ചു ദിവസത്തെ കാലതാമസം ഉണ്ടായിരുന്നെങ്കിലും അവസാനം ഇന്റേൺഷിപ് തുടങ്ങി.
അക്കാലത്തു ഡേറ്റ എന്നു പറഞ്ഞാൽ "ഡേറ്റ എൻട്രി" മാത്രമാണ് എന്ന് വിശ്വസിച്ചിരുന്ന എനിക്ക് പുതിയ ഒരു പശ്ചാത്തലത്തിലേക്കുള്ള കാൽവെപ്പായിരുന്നു ആ അനുഭവം. ഡേറ്റ സയൻസ് എന്താണെന്നും അതിന്റെ സാധ്യതകളും സ്വാധീനങ്ങളും എന്താണെന്നും മനസ്സിലാകുന്നത് മ്യു സിഗ്മയിൽ അവിചാരിതമായി വന്നുപെട്ട ആ ഇന്റേൺഷിപ്പിലൂടെയാണ്. പൊതുസമൂഹം ഡേറ്റ സയൻസിനെ എഞ്ചിനീറിങ്ങിന്റെ ഭാഗമായിത്തന്നെ കാണുമെങ്കിലും കമ്പ്യൂട്ടർ സയൻസ്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ് തുടങ്ങിയ വിഷയങ്ങളുടെ ഒരു മിശ്രിതമാണ് ഡേറ്റ സയൻസ്. ടെക്നോളോജിക്കൽ ഫീൽഡുകൾ എനിക്ക് പറ്റിയതല്ലെന്ന അതുവരെയുള്ള ധാരണ പതിയേ മാറ്റപ്പെടുകയായിരുന്നു അവിടെ. കോളേജിൽ തീർന്നുകിട്ടാനായി മാത്രം പഠിച്ച ഗണിതശാസ്ത്ര കോഴ്സുകളിൽ കണ്ട പേടിപ്പെടുത്തുന്ന ഗ്രീക്ക് അക്ഷരങ്ങളും ഫോർമുലകളിൽ പലതും ഡേറ്റ സയൻസിന്റെ പശ്ചാത്തലത്തിൽ അർത്ഥം ഉളവാക്കിത്തുടങ്ങി. കമ്പ്യൂട്ടർ പ്രോഗ്രാമിങ് ഇഷ്ടമായിരുന്നെങ്കിലും അതിലെ മത്സരസ്വഭാവം കാരണം അത്തരം കോഴ്സുകൾ കഴിവതും ഒഴിവാക്കിയിരുന്ന ഞാൻ പ്രോഗ്രാമിങ്ങിലൂടെ ഡേറ്റയെ നിരീക്ഷിക്കുന്നതും പഠിക്കുന്നതും ഉത്സാഹത്തോടുകൂടെ ചെയ്യാൻ തുടങ്ങി. ചെറിയ ചെറിയ പരീക്ഷണങ്ങളും അവയുടെ വിജയങ്ങളും ഗണിതശാസ്ത്രത്തിൽ അടിസ്ഥിതമായ സങ്കീർണമായ ക്രമീകരണങ്ങളും മറ്റും തനിയെ മനസ്സിലാക്കിയെടുക്കാൻ കഴിഞ്ഞതുമൊക്കെ കൂടുതൽ ചെയ്യാൻ പ്രേരണ തന്നു. ഇതിനൊക്കെ പുറമെ, ഇന്റേൺഷിപ്പിനിടക്ക് സ്വയം തോന്നിയ ഒരു ആശയം എന്റെ ഒഴിവുസമയം ഉപയോഗിച്ച് ഗണിതശാസ്ത്രപരമായി ആവിഷ്ക്കരിച്ചാണ് പിറ്റേ വർഷം എന്റെ ജീവിതത്തിലെ ആദ്യത്തെ ഗവേഷണം ഞാൻ അവതരിപ്പിച്ചതും പ്രസിദ്ധീകരിച്ചതും. മ്യു സിഗ്മയിലെ തൊഴിൽ സംസ്കാരത്തോടു എനിക്ക് ഒരുപാട് വിയോജിപ്പുണ്ടായിരുന്നെങ്കിലും ഒരു വഴിത്തിരിവെന്ന രീതിയിൽ ആ ആകസ്മികതയോടു തീർച്ചയായും കടപ്പാടുണ്ട്.
ഡേറ്റ സയൻസിൽ എനിക്ക് ഒരു അഭിരുചിയുണ്ടെന്നു മനസ്സിലാക്കുമ്പോഴും അവിടെ മറ്റൊരു പ്രശ്നം നിലനിന്നിരുന്നു. ഈ ഒരു ഇന്റേൺഷിപ് അല്ലാതെ ഡേറ്റ സയൻസിൽ എന്റെ താല്പര്യമോ അനുഭവസമ്പത്തോ കാണിക്കാൻ യാതൊന്നും എന്റെ കയ്യിലില്ലായിരുന്നു. കോളേജിൽ പഠിക്കുന്ന സമയത്തു ഇങ്ങനെ ഒരു വിഷയം ഉണ്ടെന്നുള്ള അറിവ് പോലുമില്ലായിരുന്നത് കൊണ്ട് പ്രൊജെക്ടുകൾ ഒന്നും ചെയ്യാനോ, മറ്റു ഇന്റേൺഷിപ്പുകൾ ചെയ്യാനോ കഴിഞ്ഞിരുന്നില്ല. അതിനാൽ അവിടെ മറ്റൊരു വഴി തിരഞ്ഞെടുക്കേണ്ടി വന്നു. ഡേറ്റ സയൻസിനു തൊട്ടു മുൻപുള്ള പടിയായി ഏറെക്കുറെ കണക്കാക്കാവുന്ന കാര്യമാണ് 'അനലിറ്റിക്സ്'. ഡേറ്റ സയൻസിൽ ഒരു പുതിയ കോളേജ് ബിരുദധാരിക്കുള്ള അവസരങ്ങൾ കുറവായിരുന്നുവെന്നിരിക്കെ അനലിറ്റിക്സ് കുറച്ചുകൂടി അനായാസമായി കാണപ്പെട്ടു. അങ്ങനെ ഒരു വർഷത്തെ ഇന്റേൺഷിപ്പിനു ശേഷം, ബിരുദധാരിയായി ഒരു കൺസൾട്ടൻസിയിൽ 'ബിസിനസ് അനലിസ്റ്റ്' ആയി ജോലി തുടങ്ങി.
ദൗർഭാഗ്യവശാൽ ഞാൻ കയറിച്ചെന്ന ടീമാകട്ടെ, ഡേറ്റ സയൻസിൽ നിന്ന് ഏറ്റവും വിദൂരതയിൽ നിൽക്കുന്ന ടീമുകളിൽ ഒന്നായിരുന്നു. നീണ്ട മണിക്കൂറുകൾ എല്ലാ ദിവസവും ജോലിക്കായി ചിലവിടുമ്പോഴും എനിക്ക് വേണ്ട ഒരു ഭാവിയെ ഇതൊട്ടും സഹായിക്കുന്നില്ല എന്ന മനോവികാരം വിഷമകരമായിരുന്നു. ആ കമ്പനിയുടെ ഡേറ്റ സയൻസ് ടീമിലേക്കു മാറാനുള്ള സാധ്യതയെപ്പറ്റി സംസാരിച്ചപ്പോൾ ആരും അത് ഗൗരവമായെടുത്തില്ല എന്നതും ഒരുതരത്തിൽ വഴിത്തിരിവായി. അത് പ്രചോദനമാക്കി ഞാൻ അവരുടെ ഡേറ്റ സയൻസ് ടീമിനോട് നേരിട്ട് സംസാരിച്ചു, എന്റെ ഒഴിവു സമയം ഉപയോഗിച്ച് പങ്കെടുക്കാൻ പറ്റുന്ന, പഠിക്കാൻ പറ്റുന്ന തരത്തിലുള്ള പ്രൊജക്റ്റ് ചോദിച്ചു വാങ്ങി. അവർ സംഘടിപ്പിച്ച കമ്പനിക്കുള്ളിൽ നടത്തിയ ഡേറ്റ സയൻസ് മത്സരങ്ങളിൽ ഒഴിവു സമയം ഉപയോഗിച്ച് പങ്കെടുത്തു, ഒന്നാം സ്ഥാനത്തെത്തി. കൂടാതെ കമ്പനിക്ക് പുറത്തു ഡേറ്റ സയൻസിൽ പ്രൊജെക്ടുകൾ കണ്ടുപിടിച്ചു പഠനത്തിനായി അവ ചെയ്യാനും തുടങ്ങി. ഒരു ഫെമിനിസ്റ്റായ ഞാൻ ഡേറ്റ സയൻസ് ഉപയോഗിച്ച് ലിംഗ അസമത്വത്തിനെതിരെ പോരാടുന്ന ലാഭേച്ഛയില്ലാത്ത ഒരു സംഘടനയുടെ ഡേറ്റാ ടീം തുടങ്ങുന്നതും ഇങ്ങനെയാണ്. പുതിയ ഒരു അവസരം വരുമ്പോൾ ആദ്യം "ശരി" എന്ന് പറഞ്ഞിട്ട് പിന്നെ അതിനുള്ള സമയം എങ്ങനെയെങ്കിലും കണ്ടെത്തുക എന്ന രീതിയാണ് ഈ 2 വർഷക്കാലം ഞാൻ പ്രയോഗിച്ചത്.
ഇങ്ങനെ ഡേറ്റ സയൻസിലുള്ള വിജ്ഞാനവും ആത്മവിശ്വാസവും പതിയെ വർധിച്ചു വരുമ്പോഴും ചോദ്യങ്ങൾ ചോദിക്കാനും മാർഗ്ഗനിർദ്ദേശങ്ങൾ നേടാനും ഒരു ഉപദേഷ്ടാവിന്റെ അഭാവം ഒരു വലിയ കുറവായി എനിക്ക് തോന്നിത്തുടങ്ങിയിരുന്നു. ഞാൻ ചെന്നെത്തുന്ന ഉത്തരങ്ങൾ ഒരു പരിധി വരെ തൃപ്തികരമായി തോന്നിയെങ്കിലും അതിനേക്കാൾ മികച്ച ഉത്തരങ്ങൾ എന്തൊക്കെയാണ് എന്ന് ചൂണ്ടിക്കാണിക്കാൻ ഒരാളില്ലാത്തത് എന്റെ പഠനത്തെ ദോഷകരമായി ബാധിക്കുന്നുണ്ടായിരുന്നു. ജീവിതത്തിലെ ആ വിടവ് നികത്താനുള്ള ആകാംക്ഷയാണ് 2015 നവംബർ ആയപ്പോൾ അനാലിറ്റിക്സിലോ ഡേറ്റ സയൻസിലോ ഒരു ബിരുദാനന്തരബിരുദം എന്ന തീരുമാനത്തിൽ എന്നെ കൊണ്ടെത്തിച്ചത്.
മാസ്റ്റേഴ്സ് ഡിഗ്രി ചെയ്യാൻ നല്ല സർവ്വകലാശാലകളുടെയും ഡിഗ്രി പ്രോഗ്രാമ്മുകളുടെയും എണ്ണം പരിഗണിച്ചു അമേരിക്കയായിരുന്നു സ്വാഭാവികമായ സ്ഥലം. പക്ഷെ അമേരിക്കയിൽ സർവ്വകലാശാലാ പ്രവേശനം എന്നത് ഇന്ത്യയിലെ പോലെ ഏതെങ്കിലും ഒരു പരീക്ഷയിൽ അടിസ്ഥിതമല്ല. 2 പരീക്ഷകൾ, ഉപന്യാസങ്ങൾ, റെസ്യുമെ, ശുപാർശക്കത്തുകൾ, ഗവേഷണ മുൻപരിചയമുണ്ടെങ്കിൽ അത് എന്നിങ്ങനെ നീണ്ട ഒരു നിരയിൽ നിന്ന് പലതും ഒരുമിച്ച് ഒത്തുനോക്കിയാണ് പ്രവേശനത്തെക്കുറിച്ചുള്ള തീരുമാനങ്ങളിൽ സർവ്വകലാശാലകൾ എത്തുന്നത്. കോഴ്സ് തുടങ്ങുന്നതിനു ഏതാണ്ട് 9 - 10 മാസം മുൻപേ തന്നെ അപേക്ഷകൾ സമർപ്പിക്കണം. ആ സമയത്തു അപേക്ഷകൾ സമർപ്പിക്കണമെങ്കിൽ അതിനും മാസങ്ങൾ മുൻപേ ഓരോ പടിയായി തയ്യാറെടുത്തു തുടങ്ങണം. എന്റെ തയ്യാറെടുപ്പുകളും അവയുടെ സമയക്രമങ്ങളും താഴെ വിവരിക്കുന്നു. പൊതുവെ, അമേരിക്കയിലേക്ക് ബിരുദാനന്തരബിരുദത്തിനു അപേക്ഷ അയക്കാൻ ആലോചിക്കുന്നവർക്ക് ഞാൻ പറയുന്നതും ഈ ഒരു ക്രമം തന്നെയാണ്. അത് അങ്ങനെയല്ലാത്തയിടങ്ങളിൽ അത് ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നുണ്ട്.
GRE and TOEFL
ആദ്യ പടി എന്നത് പരീക്ഷകളാണ്. ഇന്ത്യയിലെ പ്രധാന ഭാഷ ഇംഗ്ലീഷ് അല്ല എന്നതിനാൽ ഇംഗ്ലീഷ് പ്രാവിണ്യം തെളിയിക്കുന്നതിനായി TOEFL എന്ന പരീക്ഷ പൊതുവെ നിർബന്ധമാണ്. ചില സർവ്വകലാശാലകൾ IELTS പരീക്ഷയും സ്വീകരിക്കും. ഇതിനു പുറമെ എഞ്ചിനീയറിംഗ്, കലാരംഗത്തെ കോഴ്സുകൾ, അല്ലെങ്കിൽ ഇവയുമായി ബന്ധപ്പെട്ട കോഴ്സുകൾ ഒക്കെയാണെങ്കിൽ GRE എന്ന പരീക്ഷയും വളരെയധികം സർവ്വകലാശാലകൾ നിർബന്ധമാക്കും. MBA ക്കു പോകാനാണ് താല്പര്യമെങ്കിൽ ഇത് GMAT എന്ന പരീക്ഷയാകും. ഈ പരീക്ഷകളിൽ ഒന്നും തന്നെ ഒരു നിശ്ചിത സംഖ്യക്ക് മുകളിൽ വിജയം അല്ലെങ്കിൽ പരാജയം എന്ന രീതിയിൽ ക്രമീകരിച്ചവയല്ല. ഓരോ സർവ്വകലാശാലക്കും "നല്ല സ്കോർ" എന്നത് ഓരോന്നായിരിക്കും. ചിലർ അവരുടെ വെബ്സൈറ്റിൽ മുൻപത്തെ ബാച്ചുകളുടെ ശരാശരി സ്കോറുകൾ കൊടുത്തിട്ടുണ്ടാകും. അല്ലാത്ത പക്ഷം മുൻപ് ആ കോഴ്സ് പഠിച്ചിറങ്ങിയവരെ ലിങ്ക്ഡ്ഇൻ പോലെയുള്ള സമൂഹമാധ്യമങ്ങളിൽ കണ്ടു പിടിച്ചു അവരോടു ചോദിക്കാവുന്നതാണ്. ചില സർവ്വകലാശാലകൾ ഒരു നിശ്ചിത സംഖ്യ ഒരു നിർബന്ധിത വ്യവസ്ഥയായി പറയാറുണ്ട് - GREയെക്കാൾ കൂടുതൽ TOEFLഇന്. പക്ഷെ ഇതിന്റെയൊന്നും അർഥം ഒരു നിശ്ചിത സംഖ്യക്ക് മുകളിൽ ലഭിച്ചാൽ പ്രവേശനം ലഭിക്കും എന്നല്ല - അപേക്ഷയിലെ മറ്റു ഭാഗങ്ങളിലേക്ക് അവർ പോകും എന്നാണ്. ചുരുക്കത്തിൽ പറഞ്ഞാൽ ഒരു സംഖ്യയ്ക്ക് താഴെ വന്നാൽ പ്രവേശനസാധ്യതകളെ അത് സാരമായി ബാധിക്കും. അതിനു മുകളിൽ വന്നാൽ പ്രവേശനസാധ്യതകൾ വർധിക്കണമെന്നുമില്ല താനും. ഈ സംഖ്യ എന്താണെന്നുള്ളത് ഓരോ വർഷവും പ്രവേശനം തീരുമാനിക്കുന്ന പ്രൊഫസർമാർ, ആ വർഷം അപേക്ഷ അയക്കുന്ന മറ്റുള്ളവർക്ക് കിട്ടിയ സംഖ്യ എന്നിങ്ങനെ പല കാര്യങ്ങളെ അപേക്ഷിച്ചിരിക്കും. എത്രയും നന്നായി ഈ പരീക്ഷകൾ നൽകാൻ പറ്റുന്നോ, അത്രയും നന്നായി നൽകുക എന്നതാണ് ഇതിന്റെ കാതൽ.
എന്നിരുന്നാലും, GREക്കു 340-ഇൽ 320-ഇന് മേൽ ലഭിച്ചാൽ അത് മിക്ക സർവ്വകലാശാലകൾക്കും സ്വീകാര്യമാണ് എന്നാണ് പൊതുവെയുള്ള ധാരണ. GMATഇന് ഇത് 800-ഇൽ 720-ഇനോ 730-ഇനോ മുകളിൽ ആണ്. സ്കോർ കുറയുന്തോറും പേരുകേട്ട സർവ്വകലാശാലകൾ മുഖം തിരിക്കാനുള്ള സാധ്യത കൂടുതലാണ്. GREക്കു 325-ഇന് മുകളിൽ ലഭിച്ചാൽ അത് ഒരുവിധം എല്ലാ സർവ്വകലാശാലകൾക്കും സ്വീകാര്യമായിരിക്കും. ഒരു ഭദ്രതക്ക് വേണ്ടി 330-ഇന് മുകളിൽ ഒരു സംഖ്യ ലക്ഷ്യം വച്ചായിരുന്നു ഞാൻ പഠിച്ചത്. ഗണിതശാസ്ത്രത്തിലെയും ഇംഗ്ലീഷിലേയും നൈപുണ്യമാണ് GRE അളക്കുന്നത്. 3 വിഭാഗങ്ങളാണുള്ളത് - 'വെർബൽ റീസണിങ്' (ഇംഗ്ലീഷ് പരിജ്ഞാനം), 'ക്വാണ്ടിറ്റേറ്റീവ് റീസണിങ്' (ഗണിതശാസ്ത്ര പരിജ്ഞാനം), 'അനാലിറ്റിക്കൽ റൈറ്റിംഗ്' (ഇംഗ്ലീഷ് ഉപന്യാസം). 170 മാർക്ക് വീതം മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ നിറഞ്ഞ ആദ്യ 2 വിഭാഗങ്ങൾ ചേർന്നാണ് 340 മാർക്ക് GREക്കു വരുന്നത്. ഇതിൽ പെടുന്നില്ലെങ്കിലും അവസാന വിഭാഗ ഉപന്യാസങ്ങൾ 6 മാർക്കിലാണ്. GREക്കായി പഠിക്കാൻ ചിലവിടുന്ന സമയം ഓരോരുത്തർക്കും ഓരോന്നായിരിക്കും. 1 ആഴ്ച്ച മാത്രം പഠിച്ചു നല്ല സ്കോർ നേടിയവരുണ്ട്. എന്നിരുന്നാലും, പൊതുവെ എല്ലാ ദിവസവും കുറച്ചു സമയം പഠനത്തിനായി ചിലവിടുകയാണെങ്കിൽ 2 മാസം നല്ലൊരു കാലാവധിയായി പൊതുവെ പറയാറുണ്ട്. എന്റെ സാഹചര്യത്തിൽ ഞാൻ മുൻപേ പറഞ്ഞത് പോലെ അനേകം പ്രോജെക്റ്റുകൾ ഒരുമിച്ച് ചെയ്യുകയായിരുന്നത് കൊണ്ട് 2 മാസത്തിൽ പഠനം തീർക്കണമായിരുന്നെങ്കിൽ അവയിൽ ചിലതെങ്കിലും ഞാൻ വേണ്ടെന്നു വയ്ക്കേണ്ടി വന്നേനെ. അതിൽ എനിക്ക് താല്പര്യമില്ലായിരുന്നെന്ന് മാത്രമല്ല, അപേക്ഷക്കൊപ്പമുള്ള ഉപന്യാസത്തിൽ പരീക്ഷ എഴുതാനായി പ്രൊജക്റ്റ് വേണ്ടെന്നു വച്ചു എന്ന് പറയുന്നത് മതിപ്പുണർത്തുന്ന കാര്യമായി തോന്നിയതുമില്ല. അതിനാൽ 2 മാസം എന്നുള്ളത് 4 മാസം ആയി നീട്ടി, ഒരു നിശ്ചിത ക്രമമില്ലാതെ സമയം കിട്ടുന്നതിനനുസരിച്ചാണ് പഠിച്ചത്. പക്ഷെ എല്ലാ ദിവസവും ഒരു ക്രമത്തിൽ പഠിക്കാമെന്നുണ്ടെങ്കിൽ 2 മാസം ചിലവഴിച്ചു പഠിക്കുന്നത് തന്നെയാണ് കൂടുതലുചിതം.
വളരെ നേരത്തെ തന്നെ GREയുടെ വെബ്സൈറ്റിൽ പണമടച്ചു പരീക്ഷ നൽകുന്ന തീയതിയും നൽകാനുദ്ദേശിക്കുന്ന സ്ഥലവും അവരുടെ പട്ടികയിൽ നിന്ന് തിരഞ്ഞെടുക്കണം. നമ്മൾ ഉദ്ദേശിക്കുന്ന സ്ഥലവും തീയതിയും കിട്ടാൻ വളരെ നേരത്തെ തന്നെ രജിസ്റ്റർ ചെയ്യുന്നത് നല്ലതാണു. അങ്ങനെ 2016 ഫെബ്രുവരിയിൽ പഠനം തുടങ്ങിയ ഞാൻ 2016 ജൂണിലോ ജൂലൈയിലോ ആണ് GRE പരീക്ഷ നൽകിയത്. പഠനത്തിനായി പേരുകേട്ട പല പ്രസിദ്ധീകരണങ്ങളുടെയും പുസ്തകങ്ങൾ ലഭ്യമാണ്. ഞാൻ ഉപയോഗിച്ചവ GRE പരീക്ഷ നടത്തുന്ന സംഘടനയായ ETS പ്രസിദ്ധീകരിക്കുന്ന ഒഫീഷ്യൽ ഗൈഡ്, 'കപ്ലാൻ' എന്ന പ്രസിദ്ധീകരണത്തിന്റെ GRE പുസ്തകങ്ങൾ, 'മഗുഷ്' എന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ വെബ്സൈറ്റ്, മൊബൈൽ ആപ്പ് എന്നിവയാണ്. ഇവയ്ക്കൊപ്പമുള്ള മാതൃകാപരീക്ഷകൾ യഥാർത്ഥ പരീക്ഷയെഴുതുന്ന സാഹചര്യം പുനർനിർമ്മിക്കാൻ വളരെ സഹായകരമായിരുന്നു. പഠനം തുടങ്ങുന്നതിനു മുൻപു തന്നെ ഒരു മാതൃകാപരീക്ഷ ശ്രമിക്കുന്നത് നമ്മൾ തുടങ്ങുന്ന സ്ഥാനവും ലക്ഷ്യത്തിലേക്കുള്ള ദൂരവുമളക്കാൻ സഹായകരമാണ്. 2016 ഫെബ്രുവരിയിൽ ഞാൻ പഠനത്തിനു മുൻപേ തന്നെ മാതൃകാപരീക്ഷ നൽകിയപ്പോൾ ലഭിച്ചത് 340-ഇൽ 317 മാർക്കായിരുന്നു. അടുത്ത 4 മാസത്തിൽ വേണ്ട പുരഗോതി മനസ്സിലാലോചിക്കാൻ ഇത് പ്രചോദനമായി. ഗണിതശാസ്ത്രത്തിലും ഇംഗ്ലീഷ് ഉപന്യാസരചനയിലും സാമാന്യം നല്ല ആത്മവിശ്വാസമുണ്ടായിരുന്നത് കൊണ്ട് ഭൂരിഭാഗം സമയവും ഞാൻ ചിലവഴിച്ചത് ഇംഗ്ലീഷ് പരിജ്ഞാനവർദ്ധനവിലാണ്. പുതിയ വാക്കുകൾ, ഇംഗ്ലീഷ് തിയറി മുതലായവ ആദ്യം പഠിച്ചിട്ടു പിന്നീട് ചോദ്യോത്തരങ്ങൾ ചെയ്തു പഠിക്കുക എന്നതിന് പകരം വിരസത ഒഴിവാക്കാനായി ആദ്യം തന്നെ ചോദ്യോത്തരങ്ങൾ ചെയ്തു പഠിച്ചു അവയിൽ വരുന്ന തെറ്റുകളിലൂടെ തിയറി പഠിക്കുകയാണ് ഞാൻ ചെയ്തത്. സമയമുണ്ടായിരുന്നത് കൊണ്ട് ഇതൊരു നല്ല രീതിയായിരുന്നു. അവസാനം GRE പരീക്ഷയെഴുതിയപ്പോൾ വെർബൽ റീസണിംഗിന് 170-ഇൽ 159-ഉം ക്വാണ്ടിറ്റേറ്റീവ് റീസണിംഗിന് 170-ഇൽ 170-ഉം ചേർത്ത് 340-ഇൽ 329 ലഭിച്ചു. പരീക്ഷ കഴിയുമ്പോൾ തന്നെ ഈ സംഖ്യ അറിയാൻ കഴിയും. 1 ആഴ്ച്ചക്ക് ശേഷം അനാലിറ്റിക്കൽ റൈറ്റിംഗിന് 6-ഇൽ 4.5-ഉം ലഭിച്ചു. 330-ഇന് മുകളിലാണ് ലക്ഷ്യം വച്ചതെങ്കിലും 329 വളരെ നല്ല ഒരു സ്കോർ തന്നെയാണ് എന്നുള്ളത് കൊണ്ട് ഒരു തവണ കൂടി GRE എഴുതുന്നതിനെപ്പറ്റി ആലോചിച്ചതേയില്ല.
GRE നൽകി ഒരു ആഴ്ച്ചക്കുള്ളിൽ തന്നെയായിരുന്നു TOEFL നൽകിയത്. 120-ഇൽ ഉള്ള പരീക്ഷയിൽ 30 മാർക്ക് വീതം സ്പീകിംഗ്(സംസാരം), ലിസ്സനിങ്(ശ്രവണം), റീഡിങ്(വായന), റൈറ്റിംഗ്(രചന) എന്നീ വിഭാഗങ്ങൾക്ക് നൽകിയിരിക്കുന്നു. TOEFL-ഇന് ഞാൻ കാര്യമായി യാതൊന്നും തന്നെ പഠിച്ചില്ല എന്നുള്ളതാണ് സത്യം. പഠനസമയം മുഴുവൻ GREക്കായി മാറ്റിവച്ചതിനു ശേഷം 120-ഇൽ 100-ഇന് മുകളിൽ ലക്ഷ്യം വച്ചു TOEFL നേരെ ചെന്ന് എഴുതുകയായിരുന്നു. സ്പീക്കിങ്ങിനു 30-ഇൽ 27-ഉം ബാക്കി മൂന്നു വിഭാഗത്തിനും 30-ഇൽ 30-ഉം ചേർത്ത് 120-ഇൽ 117 ലഭിച്ചു. പഠനത്തോടപ്പം പ്രൊഫസർമാരെ കോഴ്സ് നടത്തിപ്പിന് സഹായിക്കുന്ന 'ടീച്ചിങ് അസിസ്റ്റന്റ്' പോലെയുള്ള പാർട്ട്-ടൈം ജോലികൾക്ക് പരിഗണിക്കപ്പെടണമെങ്കിൽ TOEFL സ്പീക്കിങ്ങിനു 30-ഇൽ 25 എങ്കിലും വേണം എന്നൊരു നിബന്ധന ചില സർവ്വകലാശാലകൾ വെയ്ക്കാറുണ്ട് എന്നത് പ്രത്യേകം ശ്രദ്ധിക്കണം.
സ്കൂളിൽ പഠിക്കുന്ന സമയത്തു ഗണിതശാസ്ത്രത്തിലും ഇംഗ്ലീഷിലും നല്ല അടിത്തറ ലഭിച്ചിട്ടുണ്ടെങ്കിൽ ഇരുപരീക്ഷകൾക്കും പ്രത്യേകിച്ചൊരു കോച്ചിങ്ന്റെയോ പഠനക്ലാസ്സിന്റെയോ ആവശ്യമില്ല. മറിച്ചു, തനിയെ പഠിക്കാവുന്നതേയുള്ളു. എന്നാൽ അതങ്ങനെയല്ല എന്ന് തോന്നുന്നുണ്ടെങ്കിൽ ഒരുറപ്പെന്ന നിലയിൽ ഇവ ഉപയോഗപ്പെടുത്താവുന്നതാണ്. എല്ലാ പ്രധാന നഗരങ്ങളിലും ഈ പരീക്ഷകൾക്കെല്ലാം ക്ലാസുകൾ ലഭ്യമാണ്.
University/Course list
പരീക്ഷകൾ രണ്ടും നൽകിക്കഴിഞ്ഞുടൻ തന്നെ രണ്ടു കാര്യങ്ങൾ ചെയ്തു തുടങ്ങുന്നതാണുചിതം. ഒന്ന്, അപേക്ഷ സമർപ്പിക്കേണ്ട സർവ്വകലാശാലകളുടെയും അവയ്ക്കുള്ളിലെ കോഴ്സുകളുടെയും പട്ടിക തയ്യാറാക്കുക എന്നതാണ്. ഒരു പരീക്ഷ കൊണ്ട് മാത്രം പ്രവേശനം തീരുമാനിക്കപ്പെടാത്തത് കൊണ്ട് ഓരോ സർവകലാശാലയിലെ ഓരോ കോഴ്സിനും (ചിലപ്പോൾ ഒരേ സർവ്വകലാശാലയിലെ പല കോഴ്സുകൾക്ക് ഒരുമിച്ച് അപേക്ഷ അയക്കാൻ സാധിക്കും) പ്രത്യേകം അപേക്ഷ അയക്കേണ്ടതുണ്ട്. ഓരോന്നിനും പ്രത്യേകം പണമടക്കേണ്ടതുമുണ്ട്. അതിനാൽ താല്പര്യമുള്ളവ തിരഞ്ഞെടുക്കാൻ സമയം ചിലവഴിച്ചു പല വശങ്ങൾ ആലോചിക്കേണ്ടതുണ്ട്. കോഴ്സിന്റെ നീളം, പഠിക്കുന്ന സബ്ജെക്റ്റുകൾ, കോഴ്സ് ഫീസ്, സർവ്വകലാശാലയുടെ പ്രശസ്തി, കോഴ്സിന്റെ ഖ്യാതി, സർവ്വകലാശാല സ്ഥിതി ചെയ്യുന്ന സ്ഥലം(നഗരമാണോ അല്ലയോ എന്നത്), അവിടുത്തെ ജീവിതച്ചിലവുകൾ, പ്രധാനപ്പെട്ട ഏറ്റവും അടുത്ത നഗരത്തിലേക്കുള്ള ദൂരം, പഠനശേഷമുള്ള ജോലിസാധ്യത അല്ലെങ്കിൽ കൂടുതൽ ഗവേഷണം ചെയ്യാനുള്ള പരിഗണന എന്നിങ്ങനെ ഒട്ടനവധി വശങ്ങൾ ചിന്തിക്കേണ്ടതുണ്ട്. എല്ലാം ഒത്തിണങ്ങിയുള്ള ഒരു സന്ദർഭം ഒരിക്കലും കിട്ടില്ല എന്നുതന്നെ പറയാം. അതിനാൽ ഓരോരുത്തരും ഇവയിൽ ഏതൊക്കെയാണ് അവർക്കു പ്രധാനം എന്നതാലോചിച്ചു അതിനനുസരിച്ചു പട്ടിക തയ്യാറാക്കേണ്ടതുണ്ട്.
പൊതുവെ കണ്ടുവരുന്ന ഒരു രീതി എന്നുള്ളത് ഒൻപതോ പത്തോ കോഴ്സുകളുടെ ഒരു പട്ടിക തയ്യാറാക്കുക എന്നതാണ്. ഈ കോഴ്സുകളെ "സേഫ്"(സുരക്ഷിതം), "മോഡറേറ്റ്"(പാകം), "അംബിഷിയസ്"(അഭിലാഷം) എന്ന് ഓരോന്നിലും മൂന്നോ നാലോ വീതം തരംതിരിക്കാറാണ് പതിവ്. ഈ കോഴ്സുകൾ ഏതൊക്കെയാണ് എന്നത് മുൻപേ കൊടുത്തിരിക്കുന്നത് പോലെ പല വശങ്ങളനുസരിച്ചു ഓരോരുത്തരും സ്വയം തീരുമാനിക്കേണ്ടതാണ്. ഫേസ്ബുക്കിലെ "MS in US" എന്ന ഗ്രൂപ്പ് ഇതിനു സഹായകരമാണ്. അമേരിക്കയിൽ MS ചെയ്തവരും ചെയ്യാനാഗ്രഹിക്കുന്നവരുമായി 1,50,000-ഇൽ പരം വ്യക്തികളുള്ള ഗ്രൂപ്പാണിത്. പരീക്ഷകൾ തുടങ്ങി സർവ്വകലാശാലപ്പട്ടികയും അപേക്ഷയും കഴിഞ്ഞു വിസ ലഭിക്കാനുള്ള ഇന്റർവ്യൂവും, എടുക്കേണ്ട ഫ്ലൈറ്റുകൾ വരെയും സംബന്ധിച്ച അനുഭവങ്ങളും ചോദ്യങ്ങളും നിറഞ്ഞ പോസ്റ്റുകളാണ് ഗ്രൂപ്പ് മുഴുവൻ. ഓരോരുത്തരുടെയും അതുവരെയുള്ള പരിചയസമ്പത്തും മറ്റും കണക്കിലെടുത്തു ഏതൊക്കെ കോഴ്സുകളാണ് അവർക്ക് ഓരോ തരത്തിൽ ഉചിതം എന്നതും, മുൻപ് അതെ പശ്ചാത്തലത്തിൽ നിന്ന് അപേക്ഷകൾ അയച്ചവർക്ക് പ്രവേശനം ലഭിച്ച കോഴ്സുകൾ ഏതൊക്കെയാണ് തുടങ്ങി വളരെയധികം വിലപ്പെട്ട വിവരങ്ങൾ ഈ ഗ്രൂപ്പിൽ ലഭ്യമാണ്. ഈ രീതി ജനപ്രിയമാണെങ്കിലും ഇതൊരു നിർദ്ദേശമായി മാത്രമേ കണക്കാക്കാവൂ. കൂടുതലോ കുറവോ അപേക്ഷകൾ അയക്കാൻ സ്വകാര്യമായ കാരണങ്ങളുണ്ടെങ്കിൽ തീർച്ചയായും അത് ചെയ്യാവുന്നതാണ്.




