
കൊച്ചി: ജാമ്യവ്യവസ്ഥയില്‍ ഇളവുതേടി ബംഗളുരു സ്ഫോടനക്കേസ് പ്രതിയും പി.ഡി.പി. ചെയര്‍മാനുമായ അബ്ദുള്‍ നാസര്‍ മഅദനി സുപ്രീം കോടതിയില്‍. വിചാരണ തീരുംവരെ സ്വദേശമായ കൊല്ലത്തു താമസിച്ച്, ചികിത്സിക്കാന്‍ അനുവദിക്കണമെന്നാണ് ആവശ്യം. ഇക്കാര്യത്തില്‍ സുപ്രീം കോടതി സംസ്ഥാനസര്‍ക്കാരിന്റെ അഭിപ്രായമാരാഞ്ഞു. സംസ്ഥാന ആഭ്യന്തര സെക്രട്ടറിയാണു സര്‍ക്കാരിന്റെ നിലപാട് അറിയിക്കേണ്ടത്.
2008 ജൂെലെ 25-ലെ ബംഗളുരു സ്ഫോടനക്കേസില്‍ അറസ്റ്റിലായശേഷം പിന്നീട് ജാമ്യത്തിലിറങ്ങിയ മഅദനി 2014 മുതല്‍ ബംഗളുരു ബെന്‍സണ്‍ ടൗണിലെ ഫഌറ്റിലാണു കഴിയുന്നത്. ബംഗളുരു വിട്ടുപോകരുതെന്നാണു ജാമ്യവ്യവസ്ഥ. ഏപ്രില്‍ അഞ്ചിനു മഅദനിയുടെ അപേക്ഷ പരിഗണിക്കുമ്പോള്‍ കോടതി സര്‍ക്കാര്‍ നിലപാട് വിലയിരുത്തും. പിറ്റേന്നാണു കേരളത്തില്‍ നിയമസഭാതെരഞ്ഞെടുപ്പ്. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ എതിര്‍ക്കില്ലെന്ന പ്രതീക്ഷയിലാണു മഅദനിയുടെ അപ്രതീക്ഷിതനീക്കം. ഇതു സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കി. മഅദനിക്ക് അനുകൂലമോ പ്രതികൂലമോ ആയ നിലപാട് തിരിച്ചടിക്കുമോയെന്നാണ് ആശങ്ക.
സര്‍ക്കാര്‍ നിലപാട് കോടതിയില്‍ നിര്‍ണായകവുമാണ്. മറുപടി നല്കാന് സര്‍ക്കാര്‍ നിയമോപദേശം തേടി. മഅദനിയെ സഹായിച്ചാല്‍ ബി.ജെ.പി. സര്‍ക്കാരിനെതിരേ ആയുധമാക്കും. സഹായിച്ചില്ലെങ്കില്‍ പി.ഡി.പിയും മറ്റ് മുസ്ലിം സംഘടനകളും സര്‍ക്കാരിനെതിരേ തിരിയാനിടയുണ്ട്. തെരഞ്ഞെടുപ്പിന്റെ തലേന്ന് മഅദനി വിഷയം വിവാദമാകാതിരിക്കാന്‍ സര്‍ക്കാര്‍ കരുതലോടെയാണു നീങ്ങുന്നത്. തെരഞ്ഞെടുപ്പ് വേളയില്‍ത്തന്നെ മഅദനി ഹര്‍ജി നല്‍കിയതിനു പിന്നില്‍ രാഷ്ട്രീയതാത്പര്യവും സംശയിക്കപ്പെടുന്നു. മലബാറിലെ മുസ്ലിം ലീഗ് മേധാവിത്വം സര്‍വേ ഫലങ്ങള്‍ വ്യക്തമാക്കിയതോടെ, മധ്യ-തെക്കന്‍കേരളത്തിലെ മുസ്ലിം സമുദായത്തെ കൂടുതല്‍ അടുപ്പിക്കാന്‍ മഅദനിയെ സഹായിക്കുന്നതിലൂടെ കഴിയുമോയെന്നും ഇടതുമുന്നണി പരിശോധിക്കുന്നു.
മഅദനിയെ സഹായിക്കാന്‍ സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ യു.ഡി.എഫും അത് ആയുധമാക്കും. ഗുരുതര വൃക്ക, ഹൃദയരോഗങ്ങളുണ്ടെന്നും കോവിഡ് വ്യാപനം രൂക്ഷമായതിനാല്‍ ബംഗളുരു സുരക്ഷിതമല്ലെന്നും സ്വദേശത്തു ചികിത്സ തുടരാന്‍ അനുവദിക്കണമെന്നുമാണു മഅദനിയുടെ അപേക്ഷ. മൂത്രാശയരോഗത്തിനു ശസ്ത്രക്രിയ ആവശ്യമാണ്. കൊല്ലത്തെ ആശുപത്രിയില്‍ മികച്ച ചികിത്സയും ചെലവ് കുറവുമാണ്. വിചാരണ മനഃപൂര്‍വം െവെകിപ്പിക്കുകയാണ്. തുടര്‍ച്ചയായി, പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റുന്നു. വിചാരണക്കോടതി ജഡ്ജിയും മാറിവരുന്നതിനാല്‍, വാദം ആവര്‍ത്തിക്കേണ്ടിവരുന്നു. തുടര്‍ച്ചയായി 11 വര്‍ഷം ജയിലിലായിരുന്നു. ഏഴുവര്‍ഷത്തിനിടെ പലപ്പോഴായി ജാമ്യം ലഭിച്ചിട്ടുണ്ടെന്നും അപേക്ഷയില്‍ പറയുന്നു.
കഴിഞ്ഞ ഡിസംബറില്‍ മഅദനിയെ അടിയന്തരശസ്ത്രക്രിയയ്ക്കായി ബംഗളുരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കേസില്‍ വിചാരണാനടപടി നടന്നുവരുകയാണ്. 1998-ലെ കോയമ്പത്തൂര്‍ ബോംബ് സ്ഫോടനപരമ്പരയുമായി ബന്ധപ്പെട്ടാണു മഅദനി ആദ്യം അറസ്റ്റിലായത്. തുടര്‍ന്ന്, ഒന്പതുവര്ഷം വിചാരണത്തടവുകാരനായി തമിഴ്നാട്ടിലെ ജയിലില്‍ കഴിഞ്ഞശേഷം 2007 ഓഗസ്റ്റ് ഒന്നിനു കുറ്റക്കാരനല്ലെന്നുകണ്ട് പ്രത്യേകകോടതി വെറുതേവിട്ടു. ഇപ്പോള്‍ ബംഗളുരു സ്ഫോടനക്കേസില്‍ വിചാരണ നേരിടുന്നു.






