
തിരുവനന്തപുരം: സംസ്ഥാനത്ത് 140 നിയോജകമണ്ഡലങ്ങളിലെ 4,34,000 ഇരട്ടവോട്ടുകളുടെ പട്ടിക വെബ്‌സൈറ്റിലൂടെ പുറത്തുവിട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇരട്ടവോട്ട് തടയണമെന്ന ഹൈക്കോടതി വിധിക്കു പിന്നാലെ, ഇതുസംബന്ധിച്ച സമ്പൂര്‍ണവിവരവുമായി ഇന്നലെ രാത്രിയാണു ചെന്നിത്തല വെബ് സൈറ്റ് ആരംഭിച്ചത്. വൈകിട്ടത്തെ പ്രഖ്യാപനത്തിനുശേഷം, ഉദ്വേഗത്തിന്റെ മണിക്കൂറുകള്‍ക്കൊടുവിലാണ് 'ഓപ്പറേഷന്‍ ട്വിന്‍സ്' എന്ന വെബ്സൈറ്റിലൂടെ ഇരട്ടവോട്ടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.
ഓരോ നിയോജകമണ്ഡലത്തിലെയും വിവിധ ബൂത്തുകളില്‍ ഇരട്ടവോട്ടുള്ളവരുടെ വിവരങ്ങള്‍ വെബ്സൈറ്റിലുണ്ട്. അതേ വോട്ടര്‍മാരുടെ ഫോട്ടോ ഉപയോഗിച്ച് സമീപമണ്ഡലങ്ങളിലെ ബൂത്തുകളില്‍ വ്യത്യസ്ത പേരുകളിലും വിലാസങ്ങളിലും വോട്ടര്‍ ഐ.ഡിയിലും ചേര്‍ത്തതിന്റെ വിവരങ്ങളുമുണ്ട്. നിയോജകമണ്ഡലത്തിന്റെ നമ്പര്‍, ബൂത്ത് നമ്പര്‍, സ്ഥാനാര്‍ഥിയുടെ പേര്, ആ ബൂത്തിലെ വോട്ടറുടെ പേര്, വോട്ടര്‍ ഐ.ഡി. നമ്പര്‍, അതേയാള്‍ക്കു മറ്റ് ബൂത്തുകളിലുള്ള വോട്ടിന്റെ ഐ.ഡി. നമ്പര്‍, അവിടുത്തെ പേര്, വിലാസം, അതേയാള്‍ക്കു തൊട്ടടുത്ത മണ്ഡലങ്ങളിലുള്ള വോട്ടിന്റെ ഐ.ഡി. നമ്പര്‍, വിലാസം എന്നിവയാണു വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്തിട്ടുള്ളത്.
വിവരങ്ങള്‍ അപ്പപ്പോള്‍ അപ്‌ഡേറ്റ് ചെയ്യുമെന്നും പ്രതിപക്ഷനേതാവിന്റെ ഓഫീസ് അറിയിച്ചു.ഫോട്ടോ ഉള്‍പ്പെടെ കൂടുതല്‍ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യും. തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ പുതുതായി ലഭിക്കുന്ന വിവരങ്ങള്‍ ചേര്‍ക്കും. പൊതുപ്രവര്‍ത്തകരും സമ്മതിദായകരും ഈ സൗകര്യം പ്രയോജനപ്പെടുത്തി കള്ളവോട്ട് സാധ്യത പരമാവധി തടയണമെന്നും പ്രതിപക്ഷനേതാവ് അഭ്യര്‍ഥിച്ചു.
പ്രതിപക്ഷനേതാവിന്റെ പരാതിയില്‍ കൃത്യമായ നടപടിയെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തയാറാകാത്ത സാഹചര്യത്തിലാണു വെബ്‌െസെറ്റിലൂടെ വിവരങ്ങള്‍ പുറത്തുവിടുന്നതെന്നാണു കോണ്‍ഗ്രസ് നിലപാട്. 4,34,000 ഇരട്ടവോട്ടുകളുണ്ടെന്നു പ്രതിപക്ഷം പറയുമ്പോഴും 38,000 എണ്ണമേ തെരഞ്ഞെടുപ്പ് കമ്മിഷന്‍ സമ്മതിച്ചിട്ടുള്ളൂ.






