Authored by Web Desk | Last updated: 01 Apr 2021, 9:00 PM | 2 min read
മുന്‍ ഐഎസ് ആര് ഒ ശാസ്ത്രജ്ഞനായ നമ്പിനാരായണന്റെ ജീവിതം പറയുന്ന റോക്കറ്ററി : ദി നമ്പി ഇഫക്റ്റില്‍ അണിനിരക്കുന്നത് മാധവനും ബോളിവുഡ് താരം ഷാരുഖ് ഖാനും, തമിഴ് താരം സൂര്യയും അടക്കമുള്ള മുന്‍നിരതാരങ്ങളാണ്. ആറു രാജ്യങ്ങളിലായി ചിത്രീകരിച്ച ഈ സിനിമ പറയുന്നത് നമ്പി നാരായണന്റെ എണ്‍പതുകള്‍ മുതല്‍ 2014 വരെയുള്ള ജീവിത കഥയാണ് പറയുന്നത്.
അദ്ദേഹത്തിന്റെ 27 മുതല്‍ 75 വയസ്സു വരെയുള്ള കാലഘട്ടത്തിലൂടെയാണ് 'റോക്കറ്ററി' കടന്നു പോകുന്നത്. ഇതിന്റെ ഭാഗമായി ചിത്രത്തില്‍ മൂന്ന് ഗെറ്റപ്പുകളിലായാണ് മാധവന് എത്തുന്നത്.
ഏകദേശം നൂറുകോടി രൂപയോളം മുതല്‍ മുടക്കിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ആറ് ഇന്ത്യന്‍ ഭാഷകളിലായും ഒന്‍പത് ഇന്റര്‍നാഷണല്‍ ഭാഷകളിലും ചിത്രം റിലീസിന് ഒരുങ്ങുകയാണ്.
15 വര്‍ഷത്തിന് ശേഷം മാധവനൊപ്പം സിമ്രാന് അഭിനയിക്കുന്ന ചിത്രമെന്ന നിലയിലും ഈ ചിത്രം വലിയ ശ്രദ്ധ നേടിയിരുന്നു. റോക്കറ്ററിയില്‍ മാധവന് നമ്പി നാരായണന്റെ അമ്പരപ്പിക്കുന്ന വേറിട്ട ഗെറ്റപ്പിലാണ് പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തില്‍ സിമ്രാന് നമ്പി നാരായണന്റെ ഭാര്യാ വേഷത്തിലാണെത്തുന്നത്. മാധവന് തന്നെയായിരുന്നു ഇക്കാര്യം ആരാധകരെ അറിയിച്ചത്. കന്നത്തില്‍ മുത്തമിട്ടാല്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മാധവനും സിമ്രാനും ഒന്നിക്കുന്ന ചിത്രമാണ് റോക്കറ്ററി.
മലയാളി നിര്‍മ്മാണപങ്കാളിയാകുന്ന ചിത്രം കൂടിയാണ് റോക്കറ്ററി. ക്യാപ്റ്റന്‍, വെള്ളം എന്നീ ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധേയനായ സംവിധായകന് പ്രജേഷ് സെന്‍ ചിത്രത്തിന്റെ കോ ഡയറക്ടറായി പ്രവര്‍ത്തിക്കുന്നുണ്ട്. സിര്‍ഷ റേ ആണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ബിജിത് ബാലയാണ് എഡിറ്റര്‍, സാം സിഎസ്സാണ് ചിത്രത്തിനായി മ്യൂസിക് ഒരുക്കിയിരിക്കുന്നത്. ആതിര ദില്‍ജിത്താണ് പിആര്‍ഓ.
നമ്പി നാരായണന്റെ പുസ്തകത്തെ ആസ്പദമാക്കിയാണ് തിരക്കഥ തയാറാക്കിയിരിക്കുന്നത്. 'റെഡി ടു ഫയര്‍: ഹൗ ഇന്ത്യ ആന്‍ഡ് ഐ സര്‍വൈവ്ഡ് ദ ഐഎസ്ആര്‍ഒ സ്പൈ കേസ്' ആണ് നമ്പി നാരായണന് എഴുതിയ പുസ്തകം. സുപ്രീംകോടതി കുറ്റ വിമുക്തനാക്കിയ നമ്പി നാരായണന് നഷ്ട പരിഹാരമായി സര്‍ക്കാര്‍ 50 ലക്ഷം നല്‍കണമെന്ന സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് സര്‍ക്കാര്‍ അത് നല്‍കുകയും ചെയ്തിരുന്നു. ആര് മാധവനാണ് ചിത്രത്തിന്റെ സംവിധാനവും രചനയും നിര്‍വ്വഹിച്ചിരിക്കുന്നത്.
ഒരു നായായെ അടിച്ചുകൊല്ലാന്‍ തീരുമാനിച്ചാല്‍ അതിന് പോയിളകിയെന്ന് പറഞ്ഞാല്‍ മതി, അതുപോലെ ഒരു മനുഷ്യന് തല ഉയര്‍ത്താന്‍ കഴിയാത്ത വിധം നാണം കെടുത്തണമെങ്കില്‍ അവനെ രാജ്യദ്രോഹി എന്ന് മുദ്ര കുത്തിയാല്‍ മതി എന്ന വോയിസോടെ അവസാനിക്കുന്ന ട്രെയ്ലര് ഇതിനകം തന്നെ വൈറലായി കഴിഞ്ഞിരിക്കുന്നു.