തിരുവനന്തപുരം: നാട്ടുകാരുടെ ജി.കെ. എന്ന ജി. കാര്‍ത്തികേയന്റെ സ്വന്തം മണ്ഡലമെന്ന ഖ്യാതിയായിരുന്നു തലസ്ഥാന ജില്ലയിലെ ആര്യനാട് മണ്ഡലം. മണ്ഡല പുനഃക്രമീകരണം നടന്നതോടെ ആര്യനാട് അരുവിക്കരയായി. ജി.കെ. കാലയവനികക്കുള്ളില്‍ മറഞ്ഞശേഷം മകന് കെ.എസ്. ശബരീനാഥനെയാണ് അരുവിക്കര നിയമസഭയിലേക്ക് അയച്ചത്.
ഉപതെരഞ്ഞെടുപ്പ് ഉള്‍പ്പെടെ തുടര്‍ച്ചയായ രണ്ടു തെരഞ്ഞെടുപ്പുകളിലും ശബരിനാഥനായിരുന്നു അരുവിക്കരയുടെ ജനപ്രതിനിധി. ഇക്കുറി അരുവിക്കര നിലനിര്‍ത്താന്‍ ശബരി യുദ്ധമുഖത്തുണ്ടെങ്കിലും കാര്യങ്ങള്‍ അത്ര എളുപ്പമായിരിക്കില്ല. നാട്ടില്‍ ശക്തമായ വേരോട്ടമുള്ള ജി. സ്റ്റീഫനും സി. ശിവന്‍കുട്ടിയുമാണ് മറുവശത്ത്. നാട് സാക്ഷ്യം വഹിക്കുന്നത് ശക്തമായ ത്രികോണമത്സരത്തിനാണ്.
സഹ്യന്റെ മടിത്തട്ടിനോടു ചേര്‍ന്നു കിടക്കുന്ന കാര്‍ഷിക ഗ്രാമമാണ് അരുവിക്കര. തിരുവനന്തപുരം ജില്ലയ്ക്കു കുടിനീര് ഉള്‍പ്പെടെ വേണ്ടതെല്ലാം നല്കുന്ന ശാന്തസുന്ദരഗ്രാമം. വ്യക്തമായ രാഷ്ട്രീയം കാത്തു സൂക്ഷിക്കുന്ന മണ്ഡലത്തില്‍ പക്ഷേ ദേശീയ, അന്തര്‍ദേശീയ, സംസ്ഥാന രാഷ്ട്രീയങ്ങളൊന്നും വലിയ വിഷയമാകില്ല. നാടിന്റെ സമഗ്ര വികസത്തിനാണ് നാട്ടുകാര്‍ മുന്‍തൂക്കം കൊടുക്കുന്നത്. ട്രെന്ഡിനൊത്തു നാടു ചായാറില്ല. ആര്യനാട് മണ്ഡലം 2011 ലാണ് അരുവിക്കരയായി മാറിയത്. വോട്ട് വിഹിതത്തില്‍ മുന്നില്‍ നായര്‍ വിഭാഗവും രണ്ടാം സ്ഥാനത്ത് മുസ്ലിം വിഭാഗവും മൂന്നാമത് ദളിത് ക്രിസ്ത്യന്‍ വിഭാഗങ്ങളുമാണ്. ആദിവാസി വിഭാഗക്കാര്‍ ഏറെയുള്ള മണ്ഡലം കൂടിയാണ് അരുവിക്കര.
മണ്ഡലം കൂടുതല്‍ തവണയും യു.ഡി.എഫിനെയാണു തുണച്ചിട്ടുള്ളതെങ്കിലും മറ്റെന്തിനെക്കാളും പ്രദേശീകതയ്ക്കാണ് അരുവിക്കരക്കാര്‍ ഊന്നല്‍ നല്‍കുന്നത്. ആദര്‍ശരാഷ്ട്രീയത്തിന്റെ ആള്‍രൂപമായി വിശേഷിപ്പിക്കപ്പെട്ട മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ സ്പീക്കറുമായിരുന്ന ജി. കാര്ത്തികേയന് 1991 മുതല്‍ തുടര്‍ച്ചയായി ഇവിടെനിന്നു വിജയിച്ചു. അരുവിക്കരയിലെ ആദ്യ തെരഞ്ഞെടുപ്പില്‍ ജി. കാര്ത്തിയേകന് 10,674 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 2015ല്‍ കാര്‍ത്തികേയന്റെ നിര്യാണത്തെത്തുടര്‍ന്നുണ്ടായ ഉപതെരഞ്ഞെടുപ്പില്‍ മകന് കെ.എസ്. ശബരിനാഥനായിരുന്നു സ്ഥാനാര്‍ഥി. സി.പി.എമ്മിലെ ശക്തനും മുന്‍ സ്പീക്കറുമായിരുന്ന എം. വിജയകുമാറിനെയാണ് കന്നയങ്കത്തില് ശബരി പരാജയപ്പെടുത്തിയത്. 10,128 വോട്ടുകളുടെ ഭൂരിപക്ഷം. 2016 ലെ തെരഞ്ഞെടുപ്പില്‍ ശബരിയുടെ ഭൂരിപക്ഷം 21,314 ആയി. സി.പി.എമ്മിലെ എ.എ. റഷീദായിരുന്നു എതിരാളി.
മണ്ഡലത്തിലെ മുക്കും മൂലയും അറിയാമെന്നതും വ്യക്തിബന്ധങ്ങളും ശബരിക്കു നേട്ടമാകുമെന്നാണ് യു.ഡി.എഫിന്റെയും കോണ്‍ഗ്രസിന്റെയും വിശ്വാസം. ഉദ്യോഗാര്‍ഥികളുടെ സമരത്തിനു പിന്തുണ നല്കി നിരാഹാര സമരം അനുഷ്ഠിച്ചതോടെ ശബരി യുവതയുടെ പ്രതീകമായെന്നും ഇവര്‍ പറയുന്നു. ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ഇവിടെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശിന് 8,549 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു.
ഭരണനേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി യു.ഡി.എഫിന്റെ കോട്ടപിടിക്കാനുള്ള ലക്ഷ്യത്തോടെയാണ് ഇത്തവണ എല്‍.ഡി.എഫിന്റെ വരവ്. മണ്ഡലത്തില്‍ വേരോട്ടമുള്ള സി.പി.എം. കാട്ടാക്കട ഏരിയ സെക്രട്ടറി ജി. സ്റ്റീഫനാണ് ശബരിനാഥനെ നേരിടുന്നത്.
പോരു കടുക്കുമെന്നുറപ്പ്. നന്നേ ചെറുപ്പത്തില്‍ അമ്മയും അച്ഛനും നഷ്ടപ്പെട്ട സ്റ്റീഫനു പാര്‍ട്ടി ഓഫിസായിരുന്നു എല്ലാം. 22-ാം വയസില്‍ പഞ്ചായത്ത് അംഗവും പിന്നീട് പഞ്ചായത്തു പ്രസിഡന്റുമായി. നാടാര്‍ സമുദായത്തിനു വോട്ട് ബാങ്കുള്ള മണ്ഡലത്തില്‍ സ്റ്റീഫന്റെ വരവ് ഗുണം ചെയ്യുമെന്നു പാര്‍ട്ടി കരുതുന്നു. ഹൈന്ദവ നാടാര്‍ വോട്ടുകള്‍ സമാഹരിക്കാനായാല്‍ ജനകീയനായ സ്റ്റീഫനിലൂടെ ചരിത്രവിജയം നേടാമെന്നാണു പ്രതീക്ഷ. തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. മുന്നിലെത്തിയിരുന്നു.
ഇക്കുറി താമര വിരിയിക്കാമെന്ന പ്രതീക്ഷയിലാണു ബി.ജെ.പി. മണ്ഡലത്തില്‍ വ്യക്തിബന്ധമുള്ള സംസ്ഥാന സെക്രട്ടറി സി. ശിവന്‍കുട്ടിയെയാണ് സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്. കഴിഞ്ഞ തവണ ബി.ജെ.പി. സ്ഥാനാര്‍ഥി സിനിമാ സംവിധായകന് രാജസേനന് നേടിയത് 20,294 വോട്ടാണ്. മണ്ഡലത്തില്‍ ബി.ജെ.പിയുടെ ശക്തികൂടുകയാണെന്നും നേതൃത്വം പറയുന്നു.
അരുവിക്കര, ആര്യനാട്, തൊളിക്കോട്, വിതുര, കുറ്റിച്ചല്‍, പൂവച്ചല്‍, വെള്ളനാട്, ഉഴമലയ്ക്കല്‍ പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് മണ്ഡലം. ഇതില്‍ വെള്ളനാട് ഒഴികെ എല്ലാ പഞ്ചായത്തുകളും ഭരിക്കുന്നത് എല്‍.ഡി.എഫ്.






