
കാക്കനാട്: മുട്ടാര്‍പ്പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ വൈഗയുടെ (13) മരണത്തിലെ ദുരൂഹത നീങ്ങുന്നില്ല. കങ്ങരപ്പടിയില്‍ പിതാവ് സനു മോഹന്റെ ഫ്ളാറ്റില്‍ കണ്ടെത്തിയ രക്തക്കറ വൈഗയുടേത് അല്ലെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച സൂചന. ഫ്ളാറ്റില്‍ കണ്ടെത്തിയത് മനുഷ്യരക്തമാണെന്ന് പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
കുട്ടിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കൂടി ലഭിച്ചതിന് ശേഷമാണ് അന്വേഷണ സംഘം ഈ നിഗമനത്തില്‍ എത്തിയത്. കുട്ടിയുടെ മൃതദേഹത്തില്‍ പരിക്കുകളോ ബലപ്രയോഗം നടത്തിയതിന്റെ ലക്ഷണമോ ഇല്ല. മുങ്ങിമരണത്തിന്റെ സൂചനകളാണ് കണ്ടെത്തിയത്. കൂടുതല്‍ വ്യക്തതവരാന്‍ ആന്തരീകാവയവങ്ങളുടെ രാസപരിശോധനാഫലം കൂടി ലഭിക്കണം. ഫ്ളാറ്റില്‍ കണ്ടെത്തിയ രക്തക്കറ സനു മോഹന്റെതാണെന്ന നിഗമനത്തിലാണ് പോലീസ്.
മാര്‍ച്ച് 21നാണ് സനു മോഹനേയും മകളെയും കാണാതാകുന്നത്. പിറ്റേന്ന് വൈഗയുടെ മൃതദേഹം മുട്ടാര്‍പ്പുഴയില്‍ നിന്ന് കണ്ടെത്തി. സനുവിന്റെ കാര്‍ വാളയാര്‍ അതിര്‍ത്തി കടന്നതായി കണ്ടെത്തിയതല്ലാതെ അന്വേഷണ പുരോഗതി ഉണ്ടായില്ല.
അതിനിടെ, ഇയാള്‍ ചെന്നൈയിലുണ്ടെന്ന അഭ്യൂഹത്തെ തുടര്‍ന്ന് മൂന്നംഗ പോലീസ് സംഘം ചെന്നൈയിലെത്തി. സനു മോഹനെ കണ്ടെത്തുന്നതിനായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. വെള്ളിയാഴ്ച വൈകിട്ടോടെയാണ് തൃക്കാക്കര പോലീസ് നോട്ടീസ് പുറപ്പെടുവിച്ചത്. ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ആളുകള്‍ കൂടാന്‍ സാധ്യതയുള്ള മറ്റിടങ്ങളിലെല്ലാം നോട്ടീസ് പുറപ്പെടുവിക്കും. ഇതര സംസ്ഥാനങ്ങളിലെ പോലീസ് സ്റ്റേഷനുകള്‍ക്കും നോട്ടീസ് കൈമാറും.






