ഓസ്ട്രേലിയയിൽ നടന്ന പരമ്പരയിൽ മികച്ച വിജയം നേടിയ ഇന്ത്യൻ താരങ്ങൾക്ക് പുതുതലമുറ ഥാർ സമ്മാനിക്കുമെന്ന് ആനന്ദ് മഹീന്ദ്ര മുമ്പ് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ബൗളർമാരായ ടി.നടരാജനും ശാർദൂൽ താക്കൂറിനും വാഹനം കൈമാറിയിരുന്നു. ഇപ്പോഴിതാ മുഹമ്മദ് സിറാജിനും പുതുതലമുറ ഥാർ സമ്മാനിച്ചിരിക്കുകയാണ് മഹീന്ദ്ര എന്നാണ് റിപ്പോർട്ട്.
ഥാർ ലഭിച്ച കാര്യം മുഹമ്മദ് സിറാജ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് പങ്കുവെച്ചത്. ഇത്രയും സുന്ദരമായ സമ്മാനത്തിന് നന്ദി അറിയിക്കാൻ വാക്കുകളില്ലെന്നും, ആനന്ദ് സാറിന് നന്ദിയെന്നുമായിരുന്നു സിറാജ് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (IPL) അരങ്ങേറ്റത്തിന് ഒരുങ്ങുന്നതിനാൽ സിറാജിന്റെ സഹോദരനും അമ്മയും എത്തിയാണ് ഥാർ സ്വീകരിച്ചത്. വാഷിങ്ടൺ സുന്ദർ, ശുഭ്മാൻ ഗിൽ, നവ്ദീപ് സെയ്നി എന്നിവർക്കും ആനന്ദ് മഹീന്ദ്ര സമ്മാനം വാഗ്ദാനം ചെയ്തിരുന്നു.
മഹീന്ദ്ര & മഹീന്ദ്ര കഴിഞ്ഞ വർഷം ഒക്ടോബർ 2-നാണ് രണ്ടാം തലമുറ ഥാർ വിപണിയിലെ അവതരിപ്പിച്ചത്. പുത്തൻ ഥാർ പെട്രോൾ എൻജിനിലും പുറത്തിറങ്ങിയിരുന്നു. പുതിയ 2.0 ലിറ്റർ 'എംസ്റ്റാലിയൻ' പെട്രോൾ എഞ്ചിൻ 152 എച്ച്പി പവറും 320 എൻഎം ടോർക്കും നിർമ്മിക്കുന്നതാണ്. 2.2 ലിറ്റർ എംഹോക്ക് ഡീസൽ എഞ്ചിൻ 132 എച്ച്പി പവറും 300 എൻഎം ടോർക്കും നിർമ്മിക്കുന്നതാണ്. 6 സ്പീഡ് മാന്വൽ, ഐസിൻ 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്ക് ഗിയർബോക്സുകളിൽ ഈ എൻജിൻ ലഭ്യമാണ്.






